എം. ജി.ബിജുകുമാർ
“ഏത് നേരത്താണ് ഈ ബൈക്കിന് പഞ്ചർ ആകാൻ തോന്നിയത് ” ഈ ചിന്തയുമായി ബൈക്ക് ഉരുട്ടി മുന്നോട്ടു പോകുന്തോറും ഇരുട്ടും കൂടിക്കൂടി വന്നു. ”നേര് ” സിനിമ സെക്കൻഡ് ഷോ കണ്ടു മടങ്ങവേയാണ് ബൈക്ക് പഞ്ചറായത്. സമയം 12 മണി കഴിഞ്ഞിരിക്കുന്നു. വണ്ടിയുരുട്ടി പെട്രോൾ പമ്പിൽ കയറ്റി വച്ചു. അവിടെയുള്ള സുഹൃത്തിനോട് കാര്യം പറഞ്ഞിട്ട് വീട്ടിലേക്ക് നടന്നു.
തെരുവിളക്കുകൾ ഒന്നും കത്താത്തതിനാൽ കുറ്റാക്കൂരിരുട്ടിൽ റോഡിന്റെ വശത്തുകൂടി നടന്ന് ചെമ്പകപ്പാലത്തിനടുത്തെത്തി. പാലം കടക്കാൻ അക്കരയിലേക്ക് നടക്കുമ്പോൾ ഉള്ളൊന്നു കാളി. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഈ പാലത്തിന് ചുവട്ടിൽ നിർമ്മാണ സമയത്ത് ആരെയോ ബലി കൊടുത്തിട്ടുണ്ടെന്ന് കേട്ടുകേൾവിയുണ്ട്. ഇവിടുത്തെ ഓരോ കാറ്റിലും ചെടികളിലും മരങ്ങളിലുമൊക്കെ അതിൻ്റെ സ്മൃതി അലിഞ്ഞു ചേർന്നിട്ടുണ്ടാവും.
അർദ്ധരാത്രി കഴിഞ്ഞ് ഈ വഴിപോയ പലർക്കും പേടി കിട്ടുകയും ബോധക്കേട് വരികയുമൊക്കെ ഉണ്ടായിട്ടുണ്ട് എന്ന് നാട്ടുകാരുടെ സാക്ഷ്യവുമുണ്ട് എന്നത് കാൽപാദങ്ങളിൽ ഒരു വിറയിൽ സമ്മാനിച്ചു. മൊബൈൽ ഫോൺ ചാർജ് തീർന്ന് നേരത്തെ ഓഫ് ആയിരുന്നു. വേനലറുതിക്ക് വിരാമമിടാനെന്നോണം കാർമേഘങ്ങൾ ഇരുണ്ടുകൂടുന്നുണ്ടായിരുന്നു. വേനലിൽ വരണ്ട ചെമ്പകപ്പുഴ ചാലു പോലെ ഒഴുകുന്നുണ്ടായിരുന്നു. ഈശോയെ വിളിച്ചു കൊണ്ട് പാലം കടന്ന് മുന്നോട്ട് നടന്ന് മൺവഴികളിലൂടെ യാത്ര തുടർന്നു. കൈതയും പാലയും നിറഞ്ഞ വിജനവഴിയിൽ ശ്മശാന ഭീകരത നിഴലിക്കുന്നതായി തോന്നി.
കുറെ ദൂരം നടന്നപ്പോൾ അല്പം ഭയമൊക്കെ മാറി. പകരം മൂത്രശങ്ക പിടികൂടി. എന്നാൽ അല്പം മൂത്രം ഒഴിക്കാം എന്ന് കരുതി മടക്കിക്കുത്തിയ കൈലിയില്‍ പിടിച്ചപ്പോഴാണ് ഗ്രാമവഴിയിലൂടെ തൂവെള്ള വസ്ത്രം അണിഞ്ഞ ആരോ നടന്നു വരുന്നതും ഒപ്പം ആരൊക്കെയോ അനുഗമിക്കുന്നതായും തോന്നിയത്. ആ നിമിഷം തന്നെയാണ് അടുത്തുള്ള വാഴത്തോട്ടവും അതിനു പിന്നിലുള്ള ആലീസ് ആന്റിയുടെ വീടും ശ്രദ്ധിച്ചത്. ആലോചിച്ചു നിൽക്കാതെ ഞാൻ ആ വാഴത്തോട്ടത്തിലേക്ക് കയറി ഒതുങ്ങി നിന്നു. ആ പരിസരത്ത് നിൽക്കുന്നത് കണ്ടാൽ വരുന്നവർ തെറ്റിദ്ധരിച്ചേക്കാം എന്ന ചിന്ത എന്നിൽ ഞെട്ടലുളവാക്കിയിരുന്നു. കാരണം ശാരീരിക സുഖം തേടി പലരും രാത്രികാലങ്ങളിൽ ആലീസ് ആൻ്റിയെ സമീപിക്കാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഞാൻ അവിടെ നിൽക്കുന്നത് കണ്ടാൽ ഇവനും ഈ പരിപാടി തുടങ്ങിയെന്ന് നാളെ കവലയിൽ സംസാരമാവുകയും നാട്ടുകാരുടെ മുന്നിൽ കന്യകനായ ഞാനങ്ങനെ അസന്മാർഗ്ഗി ആവുകയും ചെയ്യും എന്നതാണ് വാഴത്തോട്ടത്തിലേക്ക് കയറി ഒളിച്ച് നിൽക്കാൻ എന്നെ പ്രേരിപ്പിച്ചത്.
ചുറ്റും നിഗൂഢതകൾ ഒളിഞ്ഞിരിക്കും വിധം വാഴത്തോട്ടത്തിന്റെ നിഴലുകൾക്ക് തന്നോടെന്തോ രഹസ്യം പറയാൻ ഉള്ളതുപോലെ എനിക്ക് തോന്നി.
കാറ്റു വീശും പോലെ പതിഞ്ഞ ശബ്ദം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി. വെള്ളമുണ്ടുടുത്ത ആറടിയിലേറെ ഉയരമുള്ള ഒരാൾ മുന്നോട്ട് നടന്നുവരുന്നു. മുന്നിലും പിന്നിലുമായി പൊക്കമുള്ള കുറെ നായകൾ. അവയുടെ നാക്ക് പുറത്തേക്കിട്ടിരുന്നു. അതിൽ നിന്നും രക്തം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നുവെന്നു തോന്നി. അതുകണ്ടപ്പോൾ ഭയത്താൽ എന്റെ കണ്ണുകൾ മിഴിക്കുകയും ഉടലാകെ വിറയ്ക്കുകയും ചെയ്തു.
ആഗതൻ്റെ തോളിൽ ഒരു കസവുമുണ്ട് മടക്കിയിട്ടിട്ടുണ്ട്. ഞാനാകെ പേടിച്ചുപോയി. എന്തെങ്കിലും പറയണമെന്നുണ്ടെങ്കിലും ശബ്ദം വെളിയിലേക്ക് വന്നില്ല. കഴുത്തിൽ കിടന്ന കുരിശുമാലയിലെ കുരിശിൽ വിരലുകൾ ചേർത്ത് പിടിച്ചു. അയാളും നായകളും മുന്നോട്ട് കടന്നുപോയി. ചെമ്പകപ്പാലത്തിൻ്റെ അടുത്തേക്കാണ് അവരുടെ യാത്ര എന്നു മനസിലായപ്പോൾ ദേഹമാസകലം ഒരു വിറയൽ അനുഭവപ്പെട്ടു.
രക്തത്തിൻ്റെ തണുത്ത ഗന്ധം പടർത്തി ഒരു ചെറിയ കാറ്റ് എന്നെ കടന്നു പോയി. അവർ വന്ന വഴിയിലേക്ക് ഇറങ്ങാതെ വാഴത്തോട്ടത്തിൽ പതുങ്ങി നിന്നത് കാര്യമായി എന്ന് മനസ്സിൽ ഓർത്ത് മൂത്രമൊഴിക്കാൻ നിൽക്കാതെ വേഗം വീട്ടിലേക്കോടി. വെളിയിലെ സ്റ്റെയർകേസ് വഴി മുകളിലെ നിലയിലെത്തി റൂമിലേക്ക് കയറി കട്ടിലേക്ക് വീഴുമ്പോഴും ഹൃദയം വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. പ്രേതം എന്നൊക്കെ കേട്ടിട്ടേയുള്ളൂ. തന്നെയുമല്ല അതിലൊന്നും വിശ്വാസവും ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ……
ആഹാരം പോലും കഴിക്കാതെ കട്ടിലിൽ തന്നെ കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.
“സാജാ എടാ സാജാ…
നേരം ഉച്ചയായി എഴുന്നേൽക്കുന്നില്ലേ നീയ്….”
അമ്മയുടെ ഒച്ച കേട്ടാണ് ഞാൻ ഉണർന്നത് .
“ഒത്തിരി താമസിച്ചാണമ്മേ ഉറങ്ങിയത്, അതാ എഴുന്നേൽക്കാൻ കഴിയാഞ്ഞത് ”
ഞാൻ തലയുയത്താതെ പറഞ്ഞു.
”രാത്രി അന്തിക്കണ്ണൻ ചേക്കേറും വരെ എവിടേലും പോയിരുന്നിട്ട് അർദ്ധരാത്രി വന്നു കിടന്നാൽ അങ്ങനെയാ ”
പറഞ്ഞു തീരും മുമ്പ് അമ്മയുടെ മറുപടി എത്തി. ‘
‘അതൊന്നുമല്ല ഒരു സംഭവം ഉണ്ടായി അമ്മേ”എന്ന് പറയണോ വേണ്ടയോ എന്നറിയാതെ ഞാൻ കുഴങ്ങി.
” എന്താടാ ആലോചിക്കുന്നത്?”
എന്റെ ഭാവം കണ്ട് അമ്മ ചോദിച്ചു.
അപ്പോഴും തലയൊഴികെ എൻ്റെ ശരീരം പുതപ്പിൽ നിന്നും വെളിയിൽ വന്നിരുന്നില്ല. എന്തായാലും പറയുക തന്നെ എന്ന് തീരുമാനിച്ച് ഞാൻ എഴുന്നേറ്റിരുന്നു. അമ്മയുടെ കയ്യിൽ ഇരുന്ന കാപ്പി ഗ്ലാസ് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു തീർത്തു. തുടർന്ന് തലേദിവസം രാത്രി നടന്ന സംഭവം വിശദമായി അമ്മയെ പറഞ്ഞു കേൾപ്പിച്ചു.
” ഡാ.. സാജാ…! രാത്രിയിൽ ഇനി മേലിൽ ഇവിടെ നിന്നും ഇറങ്ങിപ്പോയേക്കരുത്. യക്ഷ കിന്നര ഗന്ധർവന്മാർ രാത്രിയിൽ വിഹരിക്കുന്നത് നദീതീരപ്രദേശങ്ങളിലാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കൂടാതെ പലരും ചെമ്പകപ്പാലത്തിനടിയിൽ പലപ്പോഴായി അടിപ്പെട്ടിട്ടുമുണ്ട്. ”
അമ്മ പറഞ്ഞു നിർത്തി.
അതുകൂടി കേട്ടപ്പോൾ എനിക്ക് ഒന്നുകൂടി പേടി വർദ്ധിച്ചു.
“പറഞ്ഞു കേട്ടതനുസരിച്ച് അത് ഉപ്പായി മാപ്ള ആകാനാണ് സാധ്യത.”
അമ്മയത് പറഞ്ഞപ്പോൾ എനിക്ക് കൗതുകമായി.
” അതാരാ ഉപ്പായി മാപ്പിള?”
എൻ്റെ ആ ചോദ്യം പ്രതീക്ഷിച്ച അമ്മയുടെ ദൃഷ്ടികൾ ഏതോ വിദൂരതയിൽ വിലയം പ്രാപിച്ചതുപാേലെ തോന്നി. ഓർമ്മയിൽ എന്തോ ചികയുന്നതുപോലെ തലമുടിയിൽ വിരലോടിച്ചു കൊണ്ട് അമ്മ ഉപ്പായി മാപ്പിളയുടെ കഥ പറഞ്ഞു തുടങ്ങി.
സിനിമ പോസ്റ്റർ ഒട്ടിച്ചും സിനിമ നോട്ടീസ് വിതരണം ചെയ്തുമൊക്കെ കഴിഞ്ഞുകൂടിയ ആളായിരുന്നു ഉപ്പായി മാപ്പിള.രാത്രികാലങ്ങളിൽ പുഴയിൽ മീൻ പിടിക്കാൻ പോകുന്നത് അയാളുടെ ശീലമായിരുന്നു. അയാളുടെ ഇഷ്ടക്കാരിയായിരുന്നു ഭർത്താവ് ഉപേക്ഷിച്ചു പോയ തയ്യൽക്കാരിയായ ശോഭനയമ്മ. മീനും പിടിച്ച് രാത്രിയിൽ നേരെ ശോഭനയമ്മയുടെ അടുത്തേക്ക് ആയിരുന്നു ഉപ്പായി പോകുമായിരുന്നത്. കപ്പയോ അപ്പമോ .മറ്റെന്തെങ്കിലും ആഹാരമോ ശരിയാക്കി വച്ചിരിക്കും. ഉപ്പായി കൊണ്ടുവരുന്ന മീനും കറിവെച്ച് രണ്ടുപേരും കൂടി കുശാലായി അത് കഴിച്ചുറങ്ങും. ഉപ്പായിയുടെ കൈവശമുള്ള മദ്യവും അല്പം കുടിക്കുന്നത് ശോഭനയമ്മയ്ക്ക് ഒരു ഹരമായിരുന്നു. രാവിലെ മാത്രമേ അയാൾ തിരിച്ചു പോകുമായിരുന്നുള്ളൂ.
ഒരിക്കൽ പെരുമഴ പെയ്യുമ്പോൾ ഒരു പുതപ്പിനടിയിൽ ചേർന്നുകിടക്കവേ ശോഭനയമ്മ ഉപ്പായിയുടെ ചെവിയിൽ മന്ത്രിച്ചു.
“ഇപ്പോൾ അല്പം പുഴമീൻ ഉണ്ടായിരുന്നെങ്കിൽ ആ ചേമ്പും കാച്ചിലും കൂടി പുഴുങ്ങി മീനും കൂട്ടി കഴിക്കാമായിരുന്നു അല്ലേ ”
ഇത് കേട്ടപാതി കേൾക്കാത്ത പാതി ഉപ്പായി എഴുന്നേറ്റു കൈലിയെടുത്തുടുത്തു. എന്നിട്ട് വീടിന് പിറകിലുള്ള ഷെഡിലേക്ക് നടന്നു. അവിടെ വച്ചിരുന്ന വലയും എടുത്ത് വീടിന്റെ മുന്നിലേക്ക് വന്നു. അപ്പോഴേക്കും കുടയുമെടുത്ത് ശോഭനയമ്മ അയാളുടെ അടുത്തെത്തി.
” ഈ മഴയത്ത് രാത്രിയിൽ ഇറങ്ങി പോകേണ്ട ഞാൻ വെറുതെ ഒരു ഓളത്തിനങ്ങ് പറഞ്ഞതാ ”
അവൾ അയാളുടെ അടുത്തേക്ക് ചെന്ന് ഉപ്പായിയെ കുടക്കീഴിൽ കയറ്റി നിർത്തി.
അയാൾ കയ്യിലുണ്ടായിരുന്ന കുപ്പിയിൽ നിന്നും മുക്കാൽ ഭാഗത്തോളം മദ്യം ഒറ്റ വലിക്ക് അകത്താക്കി. ബാക്കി വന്ന മദ്യം അവളെ ഏൽപ്പിച്ചു. അവളെ കെട്ടിപ്പിടിച്ച് കഴുത്തിൽ ഒരു ഉമ്മയും കൊടുത്തിട്ട് അയാൾ കുടയും വാങ്ങി നടന്നു.
” നീ ആ നാടൻ സ്വല്പം എടുത്ത് അടിച്ചിട്ട് വാതിലടച്ചു കിടന്നാേ, തിരിച്ചു വന്നിട്ട് വിളിക്കാം” എന്നു ഉറക്കെ വിളിച്ചുപറഞ്ഞിട്ട് കല്യാണ സൗഗന്ധികം അന്വേഷിച്ചു പോയ ഭീമൻ്റെ ഗമയിൽ ഉപ്പായി പുഴയിലേക്ക് നടന്നു.
അർദ്ധമയക്കത്തിലായിരുന്നപ്പോൾ ശക്തമായ ഇടിമുഴക്കം കേട്ട് ശോഭനയമ്മ ഞെട്ടി ഉണർന്നു. കട്ടിലിൽ നിന്നും തപ്പിത്തടഞ്ഞ് എഴുന്നേറ്റിരുന്ന് ലൈറ്റിന്റെ സ്വിച്ച് അമർത്തിയപ്പോഴാണ് കരണ്ട് പോയെന്ന് അവർ മനസ്സിലാക്കിയത്. ശക്തമായ കാറ്റിന്റെ ആരവം ശോഭനയമ്മയുടെ കാതുകളിൽ തുളഞ്ഞു കയറുന്നുണ്ടായിരുന്നു. അവർ എഴുന്നേറ്റ് ചിമ്മിനി വിളക്ക് കൊളുത്തി. അതിൻ്റെ അരണ്ട പ്രകാശത്തിൽ ചുമരിൽ തൂക്കിയിട്ടിരുന്ന ഘടികാരത്തിലേക്ക് നോക്കി.
സമയം രാത്രി രണ്ടു മണി.
ജനാലയിലൂടെ നോക്കുമ്പോൾ കറുത്ത മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്നും ആകാശത്തിനെ കീറിമുറിച്ചുകൊണ്ട് ശക്തമായ ഒരു മിന്നൽ ഭൂമിയിലേക്ക് പതിച്ചത് പോലെ ശോഭനയമ്മയ്ക്ക് തോന്നി.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നശേഷം ചാരുകസേരയിൽ ഇരുന്ന് അവർ നേരം വെളുപ്പിച്ചിട്ടും ഉപ്പായി മാപ്പിള തിരിച്ചെത്തിയില്ല.
രാവിലെ വലയിൽ കുടുങ്ങിയ ഉപ്പായിയുടെ മൃതദേഹം ചെമ്പകപ്പാലത്തിനടിയിൽ നദീതീരത്ത് ഉണ്ടായിരുന്നു. അതോടെ ശോഭനയമ്മ ആകെ തകർന്നു.
അതിനു ശേഷം രാത്രിയിൽ ഉപ്പായി മാപ്പിളയോട് സാമ്യമുള്ള ഒരാളെ കണ്ടിട്ടുണ്ട് എന്ന് പലരും പറഞ്ഞതായി കേട്ടിട്ടുണ്ട്.
അത്രയും കേട്ടപ്പോഴാണ് ഒരു ചോദ്യം എന്നിൽ നിറഞ്ഞത്.
” ശേഷം ശോഭനയമ്മയ്ക്ക് എന്തുപറ്റി? അവരെവിടെയുണ്ട്..?
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
” അവർ കുറേക്കാലം ഒറ്റയ്ക്ക് അവിടെ കഴിഞ്ഞിരുന്നു. പിന്നീട് കൽപ്പാക്കത്തുള്ള അകന്ന ബന്ധുവിനൊപ്പം താമസമാക്കി. വർഷങ്ങൾ കടന്നു പോയപ്പോൾ ചെമ്പകപ്പുഴയിൽ നിന്നും ഒരു കൈവഴിയായി അവരുടെ വീടിൻ്റെ സമീപത്തുകൂടി നദീജലമൊഴുകിത്തുടങ്ങി. രാത്രികാലങ്ങളിൽ താമസമില്ലാതിരുന്നിട്ടും വീട്ടിനുള്ളിൽ വെളിച്ചം കാണാറുണ്ടെന്നും ഭയത്താൽ ആ ഭാഗത്തേക്ക് ആരും പോകാറില്ലെന്നും പറഞ്ഞു കേട്ടിരുന്നു.
പിന്നീടെന്നോ നാട്ടിലെത്തി വീടും സ്ഥലവുമൊക്കെ വിറ്റുപെറുക്കി കൽപ്പാക്കത്തേക്കു തന്നെ അവർ തിരിച്ചു പോയി. ഇപ്പോൾ പത്തു മുപ്പത്തഞ്ചു വർഷത്തിലേറെയായി. ”
രണ്ടുദിവസത്തോളം ഞാൻ പുറത്തേക്കൊന്നും ഇറങ്ങിയില്ല. ആ രാത്രിയിലുണ്ടായ ഭയം എന്നിൽ നിന്നും വിട്ടുമാറാത്തതു തന്നെയായിരുന്നു അതിനു കാരണം. മൂന്നാം ദിവസം ഞായറാഴ്ച പള്ളിയിലൊന്ന് പോകണമെന്ന് കരുതി വെളിയിലേക്ക് ഇറങ്ങിനടന്നു.
“എടാ…സാജാ… നിനക്ക് പ്രേതത്തെ കണ്ട് പേടി കിട്ടിയെന്നൊക്കെ പറഞ്ഞു കേട്ടല്ലോ.! രാത്രിയിലൊന്നുമധികം ഇറങ്ങി നടക്കേണ്ട കേട്ടോ. ”
ഗേറ്റിനു വെളിയിലേക്ക് ഇറങ്ങിയപ്പോൾ തന്നെ എതിരെ വന്ന ജോസച്ചായൻ പറയുന്നത് കേട്ട് ഞാൻ ഒന്നു ഞെട്ടി.
ഇതപ്പോൾ നാട്ടിലാകെ വാർത്തയായി എന്ന് എനിക്ക് മനസ്സിലായി. ഞാൻ ആകെ ചങ്ങാതിയായ വിഷ്ണുവിനോട് മാത്രമേ ഇക്കാര്യം പറഞ്ഞിരുന്നുള്ളൂ. ബൈക്ക് പമ്പിൽ നിന്നെടുത്ത് പഞ്ചർ ഒട്ടിച്ചു കൊണ്ടുത്തരണമെന്ന് പറയാൻ വിളിച്ചപ്പോൾ നടന്ന സംഗതി അവനോട് പറയേണ്ടി വന്നു. തള്ളാൻ മിടുക്കനായ അവൻ ഈ ഗ്രാമത്തിലാകെ ഈ സംഭവം എത്തിച്ചിട്ടുണ്ട് എന്നെനിക്ക് മനസ്സിലായി. ഇവൻ വാ കൊണ്ട് പച്ചപ്പുല്ലിന് തീപിടിപ്പിക്കും എന്ന് നാട്ടുകാർ പറയുന്നത് വെറുതെയല്ല എന്ന് എനിക്ക് മനസിലായി.
ഞാൻ മറുപടി പറയാതെ മുന്നോട്ടു നടന്നു. അപ്പോഴാണ് കമലമ്മ ടീച്ചർ എതിരെ നടന്നുവരുന്നത് കണ്ടത്. ഒപ്പം കൊച്ചുമകളായ അഞ്ചു വയസ്സുകാരി മഞ്ചാടിയും ഉണ്ടായിരുന്നു. അവനി എന്നായിരുന്നു അവളുടെ യഥാർത്ഥ പേരെങ്കിലും മഞ്ചാടി എന്ന വിളിപ്പേരു മാത്രമേ നാട്ടിലെ ഭൂരിഭാഗം ആൾക്കാർക്കും അറിയുമായിരുന്നുള്ളൂ.
സ്കൂളിൽ നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക കാര്യങ്ങളിലും സാമുദായിക രംഗത്തുമൊക്കെ സജീവമായി പ്രവർത്തിക്കുകയും കുട്ടികളുടെ കലാപരമായ കഴിവുകൾ ഉയർത്തുന്നതിന് ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങുകുകയുമൊക്കെ ചെയ്യുന്ന, ഗ്രാമത്തിലെ മികച്ച വ്യക്തിത്വത്തിന് ഉടമയാണ് ടീച്ചർ. അമ്മയുമായി വളരെ അടുത്ത സൗഹൃദമാണ് ടീച്ചർക്കുള്ളത്.
അടുത്തെത്തിയപ്പോൾ ടീച്ചറെ കണ്ടു ഞാൻ ഒന്ന് പുഞ്ചിരിച്ചു.
” എന്താണ് സാജാ…പേടിയൊക്കെ പോയോ..?
ടീച്ചർ ചോദിച്ചപ്പോൾ ഞാൻ ഒന്നും മന്ദഹസിച്ചു.
” ഞാൻ അമ്പലത്തിൽ പോയിട്ട് തിരിച്ചുവരുമ്പോൾ രമയും വിജയനുമൊക്കെ സാജന്റെ കാര്യം പറയുന്നത് കേട്ടു. സാരമില്ല പേടിയൊന്നും വേണ്ട. പത്തിരുപത്താറ് വയസ്സായില്ലേ.?കൊച്ചു കുട്ടിയൊന്നുമല്ലല്ലോ.”
ടീച്ചർ പറഞ്ഞത് കേട്ട് ഞാൻ കുനിഞ്ഞു നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
മഞ്ചാടി എന്നെ നോക്കി പുഞ്ചിരിച്ചു.
” അടുത്ത ദിവസം ദേശദേവന്റെ നടയിൽ നിന്നും ഒരു ചരട് ജപിച്ച് വാങ്ങിക്കൊണ്ട് തരാം. അത് കയ്യിൽ കെട്ടിയാൽ മതി. പേടിയൊക്കെ താനെ മാറിക്കോളും.”
അത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു.
” അതെന്താ ചിരിച്ചത് ? ക്രിസ്ത്യാനി ആയതുകൊണ്ട് ഫലമുണ്ടാകില്ലെന്ന് വിചാരിച്ചിട്ടാണോ?”
ഞാൻ ചിരിച്ചത് കണ്ട് ടീച്ചർ ചോദിച്ചു.
” അങ്ങനെയൊന്നുമില്ല ടീച്ചറേ…!”
ഞാൻ മന്ദഹസിച്ചു കൊണ്ട് പറഞ്ഞു.
” എങ്കിൽ അടുത്ത ദിവസം ആകട്ടെ ഞാൻ തിരുമേനിയെക്കൊണ്ട് ചരട് ജപിച്ചു കൊണ്ടുത്തരാം. നിന്റെ അമ്മ സിസിലിയോട് പറഞ്ഞേക്ക് ”
ടീച്ചർ സ്നേഹത്തോടെ പറഞ്ഞു.
ഞാൻ തലയാട്ടി മുന്നോട്ടു നടന്നു.
കുറച്ചു ദൂരം പിന്നിട്ട് ഞാൻ ഭയങ്കരിയമ്മയുടെ വീടിനു മുൻവശത്ത് എത്തി. ഭവാനിയമ്മ എന്നാണ് ശരിക്കുള്ള പേരെങ്കിലും നാട്ടുകാരെല്ലാം ഭയങ്കരിയമ്മ എന്നാണ് അവരെ വിളിക്കാറ്. ഭർത്താവിനെ വരച്ച വരയിൽ നിർത്തുന്ന വഴക്കുണ്ടായാൽ ഭർത്താവിനോട് അല്പം ഗുണ്ടായിസമൊക്കെ കാണിക്കുന്ന ഭവാനിയമ്മയുടെ വീടിനോട് ചേർന്ന് ഒന്നര ഏക്കറോളം വസ്തുവിൽ മാവും പ്ളാവും ചാമ്പയും പേരയും ജാതിമരവും തെങ്ങും എല്ലാം ഉണ്ടായിരുന്നു. പക്ഷേ പാഴായിപ്പോയാലും അതിൽ നിന്നുള്ള ഫലം ഒരാൾക്ക് പോലും കൊടുക്കാൻ ഭവാനിയമ്മ തയ്യാറാകുമായിരുന്നില്ല.
ആരെങ്കിലും തന്റെ വസ്തുവിൽ കയറിയാൽ അല്പം തെറിവാക്കുകൾ ഒക്കെ അവരിലേക്ക് ചൊരിയുന്നതിനും ഭയങ്കരിയമ്മയ്ക്ക് മടിയില്ലായിരുന്നു.
പൊഴിഞ്ഞുവീണ ഒരു ഒരു മാമ്പഴം എടുത്താൽ പോലും ഓലമടലുമൊടിച്ചുപിടിച്ച് ബഹളവുമായി അവരുടെ വീട്ടിലേക്ക് ഭവാനിയമ്മ പാഞ്ഞു ചെല്ലുമായിരുന്നു. അങ്ങനെയാണ് അവർക്ക് ഭയങ്കരിയമ്മ എന്ന് പേര് കിട്ടിയത്.
അവരുടെ വീട്ടുമുറ്റത്ത് നിൽക്കുന്ന വലിയ പേരമരത്തിൽ നിറയെ പഴുത്ത പേരയ്ക്കാ തൂങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ അങ്ങാേട്ട് കയറി രണ്ടെണ്ണം പറിച്ചാലോ എന്ന് ചിന്തിച്ചുവെങ്കിലും അത് കണ്ടാൽ ബഹളവും വെച്ച് അവർ വീട്ടിലേക്ക് വരുമെന്ന് ഓർത്തപ്പോൾ പേരയ്ക്ക തിന്നണമെന്നുള്ള മോഹം ഉപേക്ഷിച്ച് വീണ്ടും മുന്നോട്ട് നടന്നു.
അൽപ്പം കൂടി നടന്നപ്പോൾ മതിലിനോട് ചേർന്ന് നിൽക്കുന്ന വാഴയിലെ കൂമ്പിൽ നിന്നും തേൻ കൂടിച്ചു നിൽക്കുന്ന ജെസി ചേച്ചിയെ കണ്ടത്.
” ചേച്ചിയേ… ഭയങ്കരിയമ്മയുടെ വായിൽ നിന്നും തെറി കേൾക്കാൻ തീരുമാനിച്ചതു പോലെയുണ്ടല്ലോ.”
ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു.
ജെസി ഞെട്ടിത്തിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു.
” തോരൻ വെക്കാൻ ഒരു കൂമ്പ് ഒടിക്കാൻ കയറിയതാടാ… സാജാ…! ഏതായാലും ഇതിവിടെ കിടന്ന് പാഴായിപ്പോവുകയല്ലേയുള്ളു.ഭയങ്കരിയമ്മ പൊങ്കാലയിടാൻ പോയിരിക്കവാ, അതാ ധൈര്യത്തോടെ കയറിയത്.”
ജെസി ചിരിച്ചു കൊണ്ടു പറഞ്ഞു.
“എന്തായാലും മോഷണമാണ്. അവർ തിരിച്ചു വരുമ്പോൾ ഇതിനു കിട്ടുന്ന പൊങ്കാല കൂടി വാങ്ങാൻ തയ്യായിക്കോ…!
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
“പിന്നെ..! വാഴക്കുലയല്ലല്ലോ കൂമ്പല്ലേ ഒടിച്ചെടുക്കുന്നത്.
പിന്നെ ഇത് ഞാനാണ് ഒടിച്ചതെന്ന് അവരറിയാൻ പോകുന്നില്ല.”
ജെസി കൂസലില്ലാതെ പറഞ്ഞു.
“അതുപോട്ടെ നിനക്ക് പേടി കിട്ടിയെന്നു പറയുന്നത് കേട്ടല്ലോടാ സാജാ..”
ജെസി അവനോട് അന്വേഷിച്ചു.
” ഏയ്..!! ശരി മോഷണം നടക്കട്ടെ ഞാൻ പോവാ…”
ഞാൻ കൂടുതൽ വിശദീകരിക്കാൻ നിൽക്കാതെ വേഗം മുന്നോട്ട് നടന്നു.
അല്പം കൂടി നടന്നപ്പോഴാണ് ഇനി വഴിയിൽ കാണുന്ന എല്ലാവരോടും പേടി കിട്ടിയ കാര്യത്തിനെപ്പറ്റിയുള്ള അന്വേഷണത്തിന് മറുപടി പറയേണ്ടി വരും എന്ന ചിന്ത മനസ്സിലുണ്ടായത്. ഞാൻ തിരിച്ച് വീട്ടിലേക്ക് നടന്നു.
“എന്താടാ ..പള്ളിയിൽ പോയില്ലേ ?
വീട്ടിലേക്ക് തിരിച്ചു കയറുമ്പോൾ അമ്മ ചോദിച്ചു.
” പോയില്ല, അടുത്തയാഴ്ച പോകാം.”
ഞാനകത്തേക്ക് കയറി. “വല്ലപ്പോഴുമെങ്കിലും പോയി കർത്താവിനോട് പ്രാർത്ഥിക്കണം. അപ്പോൾ ഇതുപോലെ ഒന്നും സംഭവിക്കില്ല.”
അമ്മ പിറുപിറുക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഇഡ്ഡലിയും തിന്നതിനു ശേഷം ടെലിവിഷനിൽ നോക്കി കിടന്ന ഞാൻ ഉറക്കത്തിലേക്ക് വഴുതുന്നുണ്ടായിരുന്നു.
“എല്ലാവരും മരിക്കുന്നുണ്ട്, ആത്മാവ് മുകളിലേക്ക് പോകുന്നുമുണ്ട്. പക്ഷേ ഉപ്പായി മാപ്പിളയുടെ ആത്മാവ് എന്താ ഇവിടം വിട്ടു പോകാത്തത്?”
ആ ചിന്ത എന്നെ പലവിധ സംശയങ്ങളിലേക്കും കൊണ്ടുചെന്നെത്തിച്ചു.
ശോഭനയമ്മ മരിച്ചു കാണുകയില്ല. അതാവും ഉപ്പായിയുടെ ആത്മാവ് ഇവിടെയൊക്കെ കറങ്ങി നടക്കുന്നത്. ചിന്തകൾ നീളവേ പെട്ടെന്ന് മുറിയിലാകെ നീലനിറത്തിൽ ജലം നിറഞ്ഞു. അതിൽ നിന്ന് മത്സ്യകന്യകയെ പോലെ ഒരാൾ ഉയർന്നുവന്നു. സുക്ഷിച്ചു നോക്കിയപ്പോൾ അതിന് അരക്ക് താഴേക്ക് മത്സ്യത്തിൻ്റെ രൂപവും മുകളിലേക്ക് ആഭരണങ്ങൾ അണിഞ്ഞ സുന്ദരനായ ഒരു യുവാവിൻ്റെ രൂപവുമായിരുന്നു .
ആ രൂപത്തിൻ്റെ മുഖം കഴിഞ്ഞ ദിവസം കണ്ട ശുഭ്രവസ്ത്രധാരിയുടെ മുഖം പോലെയായിരുന്നു.
മീൻ പിടിക്കാൻ പോയ ഉപ്പായി മാപ്പിള മത്സ്യകന്യകനായോ എന്ന് ചിന്തിക്കുമ്പോൾ മുറിയിലെ ജലനിരപ്പ് ഉയരുന്നതായി തോന്നി. കാറ്റിന്റെ സിൽക്കാരം പോലെ എന്തോ ഒന്ന് ദൂരെ നിന്നും ചീറിപ്പാഞ്ഞു വന്ന് എന്നെ കടന്നുപോയി. ശക്തമായ കാറ്റിൽ ജനൽപ്പാളികൾ തുറന്നടയുന്നത് കണ്ട് ഞാൻ ഞെട്ടി. കഴുത്തോളം ജലമായപ്പോൾ ഞാൻ ഉറക്കെ അലറി.
”അമ്മേ അമ്മേ…”
ശരീരത്തിൽ എന്തോ തട്ടിയപ്പോഴാണ് ഞെട്ടിയുണർന്നത്. കയ്യിൽ ഒരു തവിയുമായി അമ്മ അടുത്തുനിന്ന് എന്തൊക്കെ ഉറക്കെ പറയുന്നുണ്ടായിരുന്നു. ഞങ്ങൾ മുഖത്തോടു മുഖം നോക്കി.
സ്വപ്നം കണ്ടാതായിരുന്നുവെന്ന് എനിക്കും അമ്മയ്ക്കും ബോധ്യമായി.
” പകൽ കിടന്നുറങ്ങിയിട്ട് ദു:സ്വപ്നം കണ്ട് ബഹളമുണ്ടാക്കാതെ വന്ന് ഊണുകഴിക്കെടാ ”
അമ്മ അടുക്കളയിലേക്ക് പോയി.
ശ്ശൊ ! സമയം പോയതറിഞ്ഞില്ല. ഉച്ചയായിരിക്കുന്നു. സ്വപ്നത്തിൽ കണ്ട മത്സ്യകുമാരൻ അപ്പോഴും മനസ്സിൽ തന്നെ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ”ഉപ്പായി മത്സ്യകുമാരൻ ” എന്ന് പതുക്കെ പറഞ്ഞു ചിരിച്ചു കൊണ്ട് ഞാൻ ഊണുകഴിക്കാനായി മുന്നോട്ടു നടന്നു.
വൈകുന്നേരം ജോബി വിളിച്ചപ്പോഴാണ് ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റത്. സുരേഷണ്ണന്റെ വീട്ടിൽ ആഹാരം കഴിക്കാൻ ഞങ്ങൾ രണ്ടുപേരെയും വിളിച്ചിരുന്നു. ബന്ധുക്കൾക്കാർക്കോ വിവാഹ വിരുന്ന് കൊടുക്കുന്നുണ്ടായിരുന്നു. അതിനാൽ രാത്രിയിൽ അത്താഴം ഞങ്ങൾക്ക് രണ്ടുപേർക്കും അവിടെയാണെന്ന് പുള്ളിക്കാരൻ നേരത്തെ പറഞ്ഞിരുന്നു. പ്രവാസിയായ സുരേഷ് അണ്ണൻ വന്നാൽ ഞങ്ങളോടൊപ്പം വോളിബോൾ കളിക്കാൻ വരാറുണ്ട്. അങ്ങനെയാണ് ഞങ്ങൾ നല്ല സൗഹൃദത്തിലാവുന്നത്.
ജനാലയിലൂടെ നോക്കുമ്പോൾ കമലമ്മ ടീച്ചർ പൂക്കൾ നിറച്ച കൂടയുമായി അമ്പലത്തിലേക്ക് നടന്നു പോകുന്നത് കാണാമായിരുന്നു. ഒപ്പം പതിവുപോലെ കൊച്ചുമകളായ മഞ്ചാടിയും ഉണ്ടായിരുന്നു.
“ക്രിസ്ത്യാനികൾക്കിടയിൽ ഇവന് ഒറ്റ പേരേയുള്ളൂ ലൂസിഫർ ”
ഈ ഡയലോഗും കേട്ടുകൊണ്ടാണ് ഞാൻ ഹാളിലേക്ക് ചെന്നത്. അമ്മ ടെലിവിഷനിൽ സിനിമയുടെ മുന്നിലിരിക്കുമ്പോൾ ഞാൻ സുരേഷ് അണ്ണൻ്റെ വീട്ടിലേക്ക് ഇറങ്ങി.
” അധികം ഇരുട്ടും മുമ്പ് ഇങ്ങു പോന്നേക്കണം, അല്ലെങ്കിൽ പിന്നെ സിനിമാ കാണാൻ പോയിട്ട് വന്നതുപോലെയാവും”
അമ്മ ടെലിവിഷനിൽ നിന്ന് കണ്ണെടുക്കാതെ ഓർമിപ്പിച്ചു.
വെറുതെ ഓരോന്ന് ഓർമ്മിപ്പിക്കാതമ്മേ എന്ന് മനസ്സിൽ പറഞ്ഞ് അമ്മയോട് നേരിട്ട് മറുപടി പറയാൻ നിൽക്കാതെ ഞാൻ ഗേറ്റിനു വെളിയിലേക്ക് നടന്നു.
വിരുന്നുകാരെല്ലാം പോയതിനുശേഷമാണ് ഞങ്ങൾ കഴിക്കാനിരുന്നത്. ഞങ്ങളെ കൂടാതെ സുരേഷണ്ണൻ്റെ ഭാര്യയും മക്കളും അവരുടെ ബന്ധുവും അയൽവാസിയുമായ സോമേട്ടനും ഭാര്യയും കഴിക്കാൻ ഒപ്പമുണ്ടായിരുന്നു.
ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോഴും ചർച്ച എനിക്ക് പേടി കിട്ടിയ സംഭവത്തെപ്പറ്റിയായിരുന്നു. നടന്ന കാര്യം ഞാൻ അവരോട് വ്യക്തമായി പറഞ്ഞപ്പോൾ ജോബി മുമ്പ് ഒരിക്കൽ അവനുണ്ടായ അനുഭവം ഞങ്ങളോട് പറഞ്ഞു തുടങ്ങി.
” ദൂരെ എവിടെയോ ഒരു പള്ളിപ്പെരുന്നാളിന് ഗാനമേളക്ക് പോയിട്ട് വരുമ്പോൾ പോളിസ്റ്റർ കൈലിയും ഉടുത്ത് ഒരു ഷർട്ട് തോളിലിട്ട് ഒരാൾ നടന്നു പോകുന്നത് കണ്ടു. ബൈക്ക് സ്ളോ ചെയ്ത് അല്പം പിന്നിലായി പിന്തുടർന്നുവെങ്കിലും ഏകദേശം നാല് കിലോ മീറ്ററോളം പിന്നിട്ടപ്പോഴും അയാൾ ഒരേ നടപ്പായിരുന്നു. അങ്ങനെ വള്ളിച്ചിറക്കണ്ടം വരെ അയാളെ പിന്തുടർന്നു. അവിടെയെത്തിയപ്പോൾ കൃഷിയില്ലാത്ത ആ വലിയ പുഞ്ചയിലൂടെ അയാൾ ഇറങ്ങി നടന്ന് അപ്രത്യക്ഷനായി. ”
നാട്ടിൽ തിരക്കിയപ്പോൾ മറ്റ് പലരും ഇതേപോലെ ഒരാളെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞതായി അറിഞ്ഞു. അയാളാണത്രേ ഉപ്പായി മാപ്പിള. കാരണം അയാൾ പോളിസ്റ്റർകൈലി മാത്രമേ ഉടുക്കുമായിരുന്നുള്ളൂ. കൂടാതെ ഷർട്ട് ധരിക്കാതെ അയാൾ അത് തോളിലിട്ടേ നടക്കുമായിരുന്നുള്ളൂ. പെരുമഴയത്ത് രാത്രിയിൽ മീൻ പിടിക്കാൻ പോയി വലയിൽ കുടുങ്ങിയാണ് ഉപ്പായി മാപ്പിള മരിച്ചത്. മരിച്ചിട്ട് വർഷങ്ങളായിട്ടും ചിലരൊക്കെ രാത്രികാലങ്ങളിൽ അയാളെ ഇതുപോലെ കണ്ടതായി പറയാറുണ്ട് എന്നും ജോബി പറഞ്ഞു.
അപ്പോൾ എന്റെ ചിന്ത മറ്റൊരു വഴിക്കായിരുന്നു.
” ഞാൻ കണ്ടത് ആരെയാവും?”
” കർത്താവേ….! ഇവിടെയെന്താ പ്രേതങ്ങളുടെ താഴ് വരയോ ” എന്ന് ഞാൻ പറഞ്ഞത് അല്പം ഉറക്കെ ആയിപ്പോയി.അത് കേട്ട് എല്ലാവരും ചിരിച്ചു. പക്ഷേ ആ ചിരിയിൽ എനിക്ക് പങ്കുചേരാൻ കഴിഞ്ഞില്ല.
“ചെമ്പകപ്പാലത്തിന്റെ പണിക്കിടയിൽ മനുഷ്യക്കുരുതി നടന്നിട്ടുണ്ട് എന്ത് സത്യം തന്നെയാണ്. ഭൂതഗണങ്ങളെ തൃപ്തിപ്പെടുത്താനും ഇങ്ങനെ ബലി നൽകാറുണ്ടെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. ”
സോമേട്ടൻ്റെ ഭാര്യയാണ് അത് പറഞ്ഞത്.
“ഭൂമിയിൽ നിന്നും മടങ്ങാത്ത പരേതാത്മാക്കളും യക്ഷ കിന്നര ഗന്ധർവൻമാരും ഒക്കെ അർദ്ധരാത്രിക്ക് ശേഷം വിഹരിക്കുന്നതിനിടയിലേക്ക് നമ്മൾ കയറിച്ചെല്ലരുത്. ഒരുപക്ഷേ ആ വാഴത്തോട്ടത്തിലേക്ക് കയറി നിന്നത് കൊണ്ടാണ് സാജൻ രക്ഷപ്പെട്ടത്. അല്ലെങ്കിൽ ഇതുപോലിരുന്ന് ഭക്ഷണം കഴിക്കാൻ സാജൻ ഇവിടെ കാണുകയില്ലായിരുന്നു .”
അവർ അതുകൂടി പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.
“നീ വെറുതെ ഓരോന്ന് പറഞ്ഞു പിള്ളേരെ പേടിപ്പിക്കാതെ.”
സോമേട്ടൻ ശാസനയോടെ പറഞ്ഞു.
” പിള്ളേരോ 26 ഉം 27 ഉം ഒക്കെ വയസ്സായ ഇവരാണോ പിള്ളേർ ? ” എന്ന് പറഞ്ഞ് അവർ കൈകഴുകാനായി എഴുന്നേറ്റുപോയി.
” നിന്നെ വീട്ടിലേക്ക് കൊണ്ട് വിടണോ സാജാ..?”
ഇറങ്ങാൻ നേരം സുരേഷണ്ണൻ ചോദിച്ചു.
” വേണ്ട ഞാൻ പൊയ്ക്കോളാം”
എന്ന് പറഞ്ഞ് ഇറങ്ങുമ്പോഴും ഭയം എന്നെ വിട്ടു മാറിയിരുന്നില്ല.
രാത്രിയിലുള്ള കറക്കം നിർത്തണമെന്ന ചിന്തയോടെ വീട്ടിലേക്ക് നടക്കുമ്പോൾ വെള്ളുകുഴിക്കണ്ടത്തിന്റെ ഭാഗത്ത് പട്ടി നീട്ടി ഓരി ഇടുന്നത് കേൾക്കാമായിരുന്നു. കാർമേഘങ്ങൾ നിറഞ്ഞ ആകാശത്തിനു താഴെ ഇരുട്ടുമൂടിയ മരങ്ങൾ കറുത്ത നിഴൽക്കൂട്ടങ്ങളെപ്പോലെ തോന്നി.
ഞാൻ നടത്തത്തിന് വേഗത കൂട്ടി. അപ്പോഴും ആരോ തന്നെ പിന്തുടരുന്നതുപോലെ തോന്നി. പക്ഷേ തിരിഞ്ഞു നോക്കാൻ മനസ്സ് അനുവദിച്ചില്ല.
തണുത്തുറഞ്ഞ കാറ്റ് തന്റെ ശരീരമാകെ വലയം ചെയ്യുന്നതായി എനിക്ക് തോന്നി. നടപ്പിന്റെ വേഗം പരമാവധിയാക്കി മുന്നോട്ടുപോകുമ്പോഴും പിന്നിലാരോ അതേ വേഗത്തിൽ ഒപ്പമുണ്ടെന്ന് എനിക്ക് തോന്നി. വീടിനടുത്തുള്ള വഴിയരികിലെ ഇലഞ്ഞിമരം ആടിയുലഞ്ഞു.
വീട് അടുക്കാറായപ്പോഴേക്കും ഞാൻ ഓടിത്തുടങ്ങിയിരുന്നു.
സിറ്റൗട്ടിൽ കയറിയിട്ടാണ് പിന്നെ തിരിഞ്ഞു നോക്കിയത്. പക്ഷേ അപ്പോൾ ആരെയും കണ്ടില്ല. ഭയം കൊണ്ട് തോന്നിയതാവുമെന്ന ചിന്തയിൽ ഞാൻ വേഗം വീടിനുള്ളിലേക്ക് കയറി. ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളവും എടുത്തു കുടിച്ച് തിരിച്ച് ഹാളിൽ എത്തി.
ഓരോന്ന് ഓർത്ത് ദിവാൻ കോട്ടിൽ വിശ്രമിക്കുമ്പോൾ താൻ എന്തിനാണ് ഇത്ര പേടിക്കുന്നതെന്നും ഇത് ഒഴിവാക്കാനൊരു മാഗ്ഗം എന്താണെന്നുമുള്ള ചോദ്യം മനസ്സിൽ നിറയുന്നുണ്ടായിരുന്നു.
കാടു കയറുന്ന ചിന്തകളുമായി ടെലിവിഷൻ്റെ മുന്നിലിരുന്ന ടീപ്പോയിലേക്ക് ദൃഷ്ടി ചെന്നപ്പോൾ സിന്ദൂരവും പൂവിതളുകളുമൊക്കെ നിറഞ്ഞ ഒരു ചെറിയ തൂശനിലയിൽ ജപിച്ച ചരട് വച്ചിരിക്കുന്നത് കണ്ടു. ഞാൻ ദീർഘമായി ഒന്ന് നിശ്വസിച്ചു.
ഭയമൊഴിഞ്ഞ് ആശ്വാസത്തിന്റെ കുളിർമ ആ നിശ്വാസത്തിൽ അടങ്ങിയിട്ടുണ്ടായിരുന്നു.
” ക്ഷേത്രത്തിൽ ജപിച്ച ചരട് അവിടെ ഇരിപ്പുണ്ട്. കമലമ്മ ടീച്ചർ കൊണ്ടുത്തന്നതാ..! അതെടുത്ത് കയ്യിൽ കെട്ടാൻ മറക്കണ്ട..”
അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു പറയുമ്പോഴേക്കും ഞാൻ ചരടും എടുത്ത് റൂമിലേക്ക് നടന്നു കഴിഞ്ഞിരുന്നു.
എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്നൊരു കഥാസമാഹാരം പുറത്തിറക്കാനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചിട്ടുണ്ട്.
പുസ്തകത്തിൻ്റെ കവർ പ്രശസ്ത സിനിമാ താരം ഉണ്ണി മുകുന്ദൻ പ്രകാശനം ചെയ്തു. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു
അനുഭവവും, സങ്കല്പവും തിരിച്ചറിയാൻ കഴിയാത്തവിധം ഇഴചേർന്ന കഥ.
നന്നായിട്ടുണ്ട് ബിജു.
അഭിനന്ദനങ്ങൾ