ചെന്നൈ: തമിഴ് നടന്‍ രജനിയുടെ തലൈവനെന്ന് വിളിച്ച് പിന്നാലെ നടക്കുന്നവരെ തിരുത്താനാവില്ല, കൊല്ലുകയാണ് വേണ്ടതെന്ന് സംവിധായകന്‍ നാം തമിഴര്‍ കച്ചി നേതാവുമായി സീമാന്‍. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ മുന്‍പും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിട്ടുള്ള വ്യക്തിയാണ് സീമാന്‍. രജനി തമിഴകത്തിന്റെ നേതാവായി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തമിഴ് പോലുമല്ലെന്നുമാണ് സീമാന്റെ വാദം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രജനി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് സീമാന്റെ വിവാദ പരാമര്‍ശം.

വിഷയത്തോട് രജനികാന്ത് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നടന്‍ രജനീകാന്തിനെ നേതാവെന്നു വിളിക്കുന്നവരെ ഒരിക്കലും പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും കൊന്നുകളയുകയാണ് വേണ്ടത്. സിനിമാകൊട്ടകയില്‍മാത്രമാണ് നടന്മാര്‍ നേതാക്കളാകുന്നത്. രജനീകാന്തിനെപ്പോലെയുള്ളവരെ നേതാവെന്നു വിളിച്ചാല്‍ കാമരാജിനെപ്പോലെയുള്ളവരെ സാമൂഹികവിരുദ്ധരെന്ന് വിളിക്കുമോയെന്നും സീമാന്‍ ചോദിച്ചു. സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ‘ടീസര്‍’ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് സീമാന്റെ വിവാദ പരാമര്‍ശങ്ങള്‍.

WhatsApp Image 2024-12-09 at 10.15.48 PM

രജനികാന്ത് ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ താരം ഇക്കാര്യം നിഷേധിച്ചു. തമിഴ്‌നാട്ടില്‍ ബി.ജെ.പി വിരുദ്ധ വികാരം വര്‍ധിക്കുന്നതിനാല്‍ രജനി അത്തരമൊരു നീക്കം നടത്തില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം കേരളത്തില്‍ മോഹന്‍ലാലിനെയും തമിഴ്‌നാട്ടില്‍ രജനികാന്തിനെയും ഇറക്കാന്‍ ബി.ജെ.പി സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രജനിയെ ഇക്കാര്യം നേരിട്ടറിയിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.