ഒരു ദിവസം മുഴുവൻ പരിശ്രമിച്ചിട്ടും പൂർണ്ണമായും തീയണക്കാൻ സാധിക്കാതിരുന്ന ചെന്നൈ സിൽക്സിന്റെ മുകളിലെ മൂന്ന് നിലകൾ തകർന്നുവീണു. പുറം ചുവർ ഒഴികെ കെട്ടിടത്തിന് അകത്തെ ഏഴ് നിലകളും തീപിടിച്ച് തകർന്നിട്ടുണ്ട്. കെട്ടിടം പൂർണ്ണമായും നിലംപൊത്തിയേക്കുമെന്ന ഭീതിയിലാണ് ഇപ്പോൾ സുരക്ഷ സേനയും നാട്ടുകാരും.
ഇന്നലെ പുലർച്ചെയാണ് ചെന്നൈ ടി നഗറിലെ ചെന്നൈ സിൽക്സിന്റെ ഏഴ് നില കെട്ടിടത്തിന് തീ പിടിച്ചത്. 24 മണിക്കൂർ അഗ്നിശമന സേന പരിശ്രമിച്ചിട്ടും തീയണക്കാൻ സാധിച്ചില്ല. ഏഴ് നില കെട്ടിടത്തിന്റെ ഓരോ നിലയുടെയും അകത്തെ തറകൾ ഇന്ന് പുലർച്ചെയോടെയാണ് താഴേക്ക് പതിച്ചത്.
ഇതേ തുടർന്ന് ഇവിടെ അടുത്തുള്ള രണ്ട് ഫ്ലാറ്റ് കെട്ടിടങ്ങളിലെ താമസക്കാരോട് ഇവിടെ നിന്നും ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നാല് നില കെട്ടിടം മാത്രം പണിയാൻ അൻുമതി ഉള്ള സ്ഥലത്ത് ചെന്നൈ സിൽക്സ് ഏഴ് നില കെട്ടിടം പണിഞ്ഞെന്ന് നഗരസഭ അധികൃതർ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ ചെന്നൈയിലെ അനദികൃത കെട്ടിട നിർമ്മാണങ്ങൾ സംബന്ധിച്ച കേസുകൾ വേഗത്തിൽ വാദം കേൾക്കാമെന്ന് മദ്രാസ് ഹൈക്കോടതി ഉറപ്പുനൽകി.
Leave a Reply