ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ വിജയം നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിനാണ് ധോണിയും സംഘവും തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ 17.1 ഓവറില്‍ 70ന് എല്ലാവരും പുറത്തായി. ചെന്നൈ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷെയ്ന്‍ വാട്‌സണ്‍ (0), സുരേഷ് റെയ്‌ന (19), അമ്പാട്ടി റായുഡു (28) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടമായത്.

ഒന്‍പത് റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ഇമ്രാന്‍ താഹിറാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. വിരാട് കോഹ്‍ലിയുടേതുള്‍പ്പടെ മൂന്നു മുന്‍നിരവിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഭജന്‍ സിങ് ആദ്യ സ്പെല്ലിന്‍ തന്നെ ബാംഗ്ലൂരിനെ പിടിച്ചുകെട്ടി. റണ്‍റേറ്റ് കുറഞ്ഞതോടെ സമ്മര്‍ദത്തിന് വഴങ്ങി ഷിംറോണ്‍ ഹിറ്റ്മെയര്‍ റണ്ണൗട്ടായതോടെ ബാംഗ്ലൂര്‍ 4ന് 39 എന്ന നിലയില്‍.

ഹര്‍ഭജന്‍ അവസാനിപ്പിച്ചിടത്തുനിന്ന് ഇമ്രാന്‍ താഹിര്‍ തുടങ്ങി. ഒന്‍പത് റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് . രവീന്ദ്ര ജഡേജ രണ്ടുവിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ രണ്ടാം ഓവറില്‍ വാട്സനെ നഷ്ടമായെങ്കിലു‍ം ചെറിയ വിജയലക്ഷ്യം ചെന്നൈ കരുതലോടെ പിന്തുടര്‍ന്നു . 19 റണ്‍സെടുത്ത സുരേഷ് റെയ്ന ഐപിഎല്ലില്‍ അയ്യായിരം റണ്‍സ് നേടുന്ന ആദ്യതാരമായി. ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തെലത്തി.