മുംബൈ: ചെന്നൈ സൂപ്പർ കിംഗ്സിനും മുംബൈ ഇന്ത്യൻസിനും ഇടയിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ ചെന്നൈ വൻജയം സ്വന്തമാക്കി. 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 104 റൺസിന് പുറത്തായപ്പോൾ 103 റൺസിനാണ് ചെന്നൈയുടെ വിജയം. മലയാളി താരംസഞ്ജു സാംസൺ 54 പന്തിൽ 101 റൺസ് നേടി തകർപ്പൻ സെഞ്ചുറി നേടുകയും മുംബൈക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ ബാറ്ററായി ചരിത്രം കുറിക്കുകയും ചെയ്തു. ഇതോടെ ഈ സീസണിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയും പൂർത്തിയായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ തുടക്കത്തിൽ തന്നെ ചെന്നൈ ബൗളർമാർ ഞെട്ടിച്ചു. ക്വിന്റൺ ഡി കോക്ക്, ഡാനിഷ് മലേവാർ, നമാൻ ധിർ എന്നിവർ വേഗത്തിൽ പുറത്തായതോടെ സ്കോർ തകർന്നു. സൂര്യകുമാർ യാദവും തിലക് വർമയും ചേർന്ന് ചില പ്രതിരോധം കാഴ്ചവെച്ചെങ്കിലും പിന്നീട് നിരന്തരം വിക്കറ്റുകൾ വീണതോടെ മുംബൈ തകർന്നടിഞ്ഞു. അകീൽ ഹൊസെയ്ൻ നാല് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിൽ തിളങ്ങിയപ്പോൾ മുംബൈ 104 റൺസിന് ഓൾ ഔട്ടായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് സഞ്ജുവും നായകൻ ഋതുരാജ് ഗെയ്ക്വാദും മികച്ച തുടക്കം നൽകി. ഗെയ്ക്വാദ് പുറത്തായ ശേഷവും സഞ്ജു ആക്രമണ ശൈലി തുടരുകയും ടീമിനെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. മധ്യനിരയിൽ ചില വിക്കറ്റുകൾ വീണെങ്കിലും അവസാന ഓവറുകളിൽ സഞ്ജു തകർത്തടിച്ചതോടെ ചെന്നൈ 207 റൺസിലെത്തി. സിക്സറുകളും ഫോറുകളും മഴപെയ്യിച്ച സഞ്ജു അവസാന ഓവറിൽ സെഞ്ചുറി പൂർത്തിയാക്കി ടീമിന് ശക്തമായ സ്കോർ സമ്മാനിച്ചു.











Leave a Reply