തിരുവനന്തപുരം: ബിജു രമേശിനെതിരേ നിയമനടുപടിക്കൊരുങ്ങി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ട് കോടി രൂപ താന്‍ ചെന്നിത്തലക്ക് നല്‍കിയെന്ന് കഴിഞ്ഞ ചദിവസം ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നു. ഈ പരാമര്‍ശത്തിനെതിരേ വക്കീല്‍ നോട്ടീസ് ഇന്നു തന്നെ അയക്കുമെന്ന് ചെന്നിത്തല അറിയിച്ചു. ബിജു രമേശിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും അപകീര്‍ത്തികരവുമാണ്. താന്‍ ഒന്‍പത് വര്‍ഷത്തോളം കെ.പി.സി.സി പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.
പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് കോണ്‍ഗ്രസുള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത്. കെ.പി.സി.സി ഓഫീസില്‍ സംഭാവനകള്‍ സ്വീകരിക്കുന്നത് രസീത് നല്‍കിയാണ്. കെ.പി.സി.സി കണണക്കുകള്‍ ഓഡിറ്റ് ചെയ്ത് ഇലക്ഷന്‍ കമ്മീഷന്‍ അടക്കമുള്ള എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും അറിയിക്കാറുമുണ്ട്. രസീതില്ലാതെ പണംവാങ്ങുന്ന ശീലം കെ.പി.സി.സിക്കില്ല. മുഖ്യമന്ത്രിയോ മന്ത്രിമാരോ പറഞ്ഞിട്ട് ആരുംകെ.പി.സി.സിക്ക് പണം നല്‍കിയിട്ടുമില്ലെന്നും ബിജു രമേശിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
രമേശ് ചെന്നിത്തല രണ്ട് കോടിയും ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ 25 ലക്ഷം രൂപയും കൊടുത്തതായി ബിജു രമേശ് ഇന്നലെ വെളിപ്പെടുത്തിയിരുന്നത്. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കെപിസിസി ഓഫീസില്‍ എത്തി നേരിട്ട് കോഴ കൊടുക്കുകയായിരുന്നുവെന്നും വിഎസ് ശിവകുമാറിന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹത്തിന്റെ പിഎ വാസുവിന്റെ കയ്യില്‍ 25 ലക്ഷം രൂപയും നല്‍കുകയുമായിരുവെന്നായിരുന്നു ബിജു രമേശ് ആരോപിച്ചത്.