സ്വന്തം ലേഖകൻ

ലണ്ടൻ : പ്രവാസിമലയാളികൾക്ക് ഇത് അഭിമാനനിമിഷം. ലോകജനതയെതന്നെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 ബ്രിട്ടനിൽ എത്തിയതുമുതൽ അതിനെതിരെ പടവെട്ടിയ ഒരു മലയാളിയുണ്ട്. രാജ്യത്തെ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഹീറോയായി തിരഞ്ഞെടുത്തത് ഈ വ്യക്തിയെയാണ് – ചീഫ് ബയോമെഡിക്കൽ സയന്റിസ്റ്റ് ആയ ചെറിയാൻ കോശി. ചെറിയാൻ കോശി ‘മിസ്റ്റർ കോവിഡ്’ ആയ കഥ എല്ലാ മലയാളികളെയും ആവേശം കൊള്ളിക്കുന്നതാണ്. ഫെബ്രുവരിയിൽ ഭാര്യയും മക്കളുമൊത്ത് ജന്മനാടായ കേരളത്തിൽ എത്തിയതാണ് ചെറിയാൻ കോശി. ഇൽഫോർഡിലെ കിംഗ് ജോർജ്ജ് ഹോസ്പിറ്റലിലെ ചീഫ് ബയോമെഡിക്കൽ സയന്റിസ്റ്റായ അദ്ദേഹം ജോലിയിൽ നിന്ന് ഒരാഴ്ച അവധിയെടുത്താണ് നാട്ടിൽ എത്തിയത്. അപ്പോഴാണ് കോവിഡ് പടർന്നുപിടിച്ച വിവരം അറിയുന്നത്. ഉടൻ തന്നെ ബ്രിട്ടനിലെത്തി കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കുചേർന്നു.

” വുഹാനിൽ നിന്ന് രോഗം പൊട്ടിപ്പുറപ്പെട്ടത് മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രോഗം യൂറോപ്പിലെത്തിയതും ജനങ്ങളെ മരണത്തിൽ നിന്നും രക്ഷിക്കാൻ ഞങ്ങൾ ഒരുങ്ങി. ” 55കാരനായ ചെറിയാൻ വെളിപ്പെടുത്തി. അതിനാൽ തന്നെ അവധിക്കാലത്ത് അദ്ദേഹം ധാരാളം തയ്യാറെടുപ്പുകൾ നടത്തി. രോഗനിർണയത്തിനായി ഒരു പുതിയ പരിശോധന വേഗത്തിൽ നടപ്പാകേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. ടിഷ്യു സാമ്പിളുകളും സ്രവങ്ങളും പരിശോധിച്ചു രോഗം നിർണ്ണയിക്കുന്നതും ചികിത്സയിൽ സഹായിക്കുന്നതുമാണ് കോശിയുടെ ജോലി. അതുപോലെ തന്നെ ചികിത്സകളുടെ ഫലപ്രാപ്തി അദ്ദേഹം വിലയിരുത്തുകയും ചെയ്യുന്നു. അവധിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ തനിക്ക് അധിക സമ്മർദ്ദം നേരിട്ടതായി കോശി വെളിപ്പെടുത്തി. “ആദ്യം ഞങ്ങൾ ബിഡി മാക്സ് മെഷീനുകൾ ഉപയോഗിച്ചു. അതിലൂടെ വൈറസ് കണ്ടുപിടിക്കാൻ കഴിയും.പക്ഷേ ഏതാനും ആഴ്ചകൾക്കുള്ളിൽ ഞങ്ങൾക്ക് എൻ‌എച്ച്എസ് ഇംഗ്ലണ്ട് അംഗീകരിച്ച ടെസ്റ്റിംഗ് കിറ്റുകൾ ലഭിച്ചു ഇത് സഹായകരമായി. ഞങ്ങൾ കഴിയുന്നത്ര വേഗത്തിൽ ടെസ്റ്റുകൾ നടത്താൻ ശ്രമിച്ചു.” കോശി തുറന്നുപറഞ്ഞു.

ജോലിയോടുള്ള ഉത്തരവാദിത്തം കാത്തുസൂക്ഷിക്കുന്നതിപ്പം കൊറോണ കാലത്ത് കുടുംബത്തെ പരിപാലിക്കുന്നതിനും അദ്ദേഹം തയ്യാറായി. ഈസ്റ്റ്‌ ലണ്ടനിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ 79 വയസ്സുള്ള അമ്മ പ്രമേഹരോഗിയാണ്. ജോലിക്ക് ശേഷം അമ്മയ്ക്കുള്ള മരുന്നും ആഹാരങ്ങളും കോശിയാണ് നൽകികൊണ്ടിരുന്നത്. 22 വയസ്സുള്ള മൂത്തമകൻ കോവിഡ് കാലത്ത് യൂണിവേഴ്സിറ്റിയിൽ കുടുങ്ങിപോയതായി കോശി പറഞ്ഞു. മുൻനിര ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് സ്കൂളിൽ പോകാമെന്ന് സർക്കാർ അറിയച്ചതിനെത്തുടർന്ന് 12 വയസ്സുള്ള ഇളയമകൻ അതിന് തയ്യാറായി. വാരാന്ത്യത്തിൽ ഉൾപ്പെടെ ജോലി ചെയ്യേണ്ടി വന്ന അവസ്ഥയെപ്പറ്റിയും അദ്ദേഹം വിവരിച്ചു. സഹപ്രവർത്തകരുമായി നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ ടെസ്റ്റുകൾ വേഗത്തിൽ നടത്തുന്നു. കേരളത്തിൽ ജനിച്ച ചെറിയാൻ കോശി 1980ലാണ് യുകെയിൽ എത്തുന്നത്. സ്കൂൾ കാലം മുതൽ ശാസ്ത്രവിഷയങ്ങളോടായിരുന്നു താല്പര്യം. ഒരു ശാസ്ത്രജ്ഞനായതിൽ താൻ അഭിമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ പരിശോധനയിൽ മുൻപന്തിയിലുണ്ടായിരുന്ന കോശി എല്ലാ മലയാളികൾക്കും അഭിമാനിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.