കാനേഷ്യസ് അത്തിപ്പൊഴിയില്‍

ദേശാന്തരങ്ങള്‍ കടന്നു ജീവിതം കെട്ടിപ്പടുക്കുവാന്‍ മറുനാട്ടിലെത്തിയ യുകെ മലയാളികള്‍ ഓരോരുത്തരും എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന ഒന്നാണ് നമ്മുടെ നാടിന്റെ ഓര്‍മ്മകളും ചിന്തകളും. അത്തരം ജന്മനാടിന്റെ ഓര്‍മ്മകളും പേറി, മറുനാട്ടില്‍ നാടന്‍കലകളുടെ പൂരവുമായി, കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന തിരുവിതാംകൂറിന്റെ തലയെടുപ്പായ ചേര്‍ത്തലയുടെ മക്കള്‍ നാലാമത് സംഗമത്തിനായി ജൂണ്‍ 26 ശനിയാഴ്ച ഓക്‌സ്‌ഫോര്‍ഡില്‍ ഒത്തു കൂടി. സ്‌കൂള്‍, കോളേജ് കാലഘട്ടങ്ങളിലെ ഓര്‍മ്മകളും, നാട്ടുവിശേഷങ്ങളും പങ്കു വെച്ച് ആട്ടവും പാട്ടുമായി ചേര്‍ത്തലക്കാര്‍ ഒരു ദിവസം മനസ്സ് തുറന്ന് ആഘോഷിച്ചു. പ്രസിഡന്റ് സാജു ജോസഫിന്റെ അധ്യക്ഷത്തില്‍ കൂടിയ ചടങ്ങില്‍ യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരി സിസിലി ജോര്‍ജ് മുഖ്യാതിഥിയായി പങ്കെടുത്തു.

ഓക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ രക്ഷാധികാരിയായ പ്രമോദ് കുമരകം ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തി. ചാരിറ്റിയുടെ മഹനീയ സന്ദേശവും പകര്‍ന്നു കൊണ്ട് കഴിഞ്ഞ സംഗമത്തില്‍ അംഗങ്ങള്‍ ചാരിറ്റിക്കായി സമാഹരിച്ച 68306 രൂപ, സാമ്പത്തിക പരാധീനതകളാല്‍ ചികിത്സക്ക് ബുദ്ധിമുട്ടിയിരുന്ന ചേര്‍ത്തല നിവാസികളായ തണ്ണീര്‍മുക്കത്തുള്ള 19 വയസ്സുകാരന്‍ അഹില്‍, 38 വയസുകാരനായ പട്ടണക്കാട്ടുള്ള ഉദയന്‍ എന്നിവര്‍ക്ക് നല്‍കിയതായി ചാരിറ്റി കോര്‍ഡിനേറ്റര്‍ സാജന്‍ മാടമന യോഗത്തെ അറിയിച്ചു. പ്രസിഡന്റ് സാജു ജോസഫ്, സെക്രട്ടറി ടോജോ ഏലിയാസ്, ട്രഷറര്‍ ജോണ്‍ ഐസക്, ചാരിറ്റി കോര്‍ഡിനേറ്റര്‍ സാജന്‍ മാടമന എന്നിവര്‍ക്ക് യോഗം നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് ചേര്‍ത്തല സംഗമത്തിന്റെ 2018 -2019 ലെ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള റിജോ ജോണ്‍ പ്രസിഡന്റ് ആയും സാജന്‍ മാടമന സെക്രട്ടറി ആയും ജോസിച്ചന്‍ ജോണ്‍ ട്രഷറര്‍ ആയും ഷെഫീല്‍ഡില്‍ നിന്നുള്ള ആനി പാലിയത്ത് ചാരിറ്റി കോര്‍ഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. നാട്ടുകാര്‍ തമ്മില്‍ നിരന്തര ബന്ധവും പരസ്പര സഹകരണവും ഊട്ടിയുറപ്പിക്കുവാന്‍ ഉതകുന്ന തലത്തിലും പ്രവര്‍ത്തന മേഖല വിപുലീകരിക്കുവാനുള്ള ഭാഗത്തിന്റെ അടിസ്ഥാനത്തിലും അടുത്ത പ്രാവശ്യം മുതല്‍ സംഗമം കൂടുതല്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷമാക്കുവാന്‍ യോഗത്തില്‍ തീരുമാനം ഉണ്ടായി.