ജോസഫ് കനേഷ്യസ്
മൂന്നാമത് ചേര്‍ത്തല സംഗമത്തിന് പ്രശസ്ത പിന്നണി ഗായകന്‍ വില്‍സ്വരാജ് മുഖ്യാതിഥിയാകും. മറുനാട്ടില്‍ നാടന്‍ കലകളുടെ പൂരവുമായി കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന പഞ്ചാര മണലിന്റെ മക്കള്‍ ജന്മനാടിന്റെ മധുര സ്മരണകളുമായി ജൂണ്‍ 24 ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്ററിലെ ബ്രാഡ് വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ മൂന്നാമത് ചേര്‍ത്തല സംഗമത്തിനായി ഒന്നിച്ചു കൂടും. സ്‌കൂള്‍, കോളേജ് കാലഘട്ടത്തിലെ ഓര്‍മ്മകളും നാട്ടു വിശേഷങ്ങളും ഒപ്പം ചാരിറ്റിയുടെ മഹനീയ സന്ദേശവും പകര്‍ന്നു കൊണ്ട് കഴിഞ്ഞ സംഗമത്തില്‍ അംഗങ്ങള്‍ കൈപ്പറ്റിയ ചാരിറ്റി ബോക്‌സില്‍ സമാഹരിച്ച പണം സംഗമ വേദിയില്‍ എത്തിച്ച് അത് അര്‍ഹമായ കരങ്ങളില്‍ ഏല്‍പ്പിച്ചു മാതൃകയാകാനും ചേര്‍ത്തല സംഗമം ഒരുങ്ങുകയാണ്.
ബെറ്റര്‍ ഫ്രെയിംസിന്റെ ബാനറില്‍ യുകെയില്‍ വിജയകരമായി സംഗീത പര്യടനം നടത്തുന്ന അനുഗ്രഹീത ഗായകന്‍ വില്‍സ്വരാജ് ആണ് ഇത്തവണത്തെ മുഖ്യാതിഥി. ബോണ്‍മൗത്തിലും ബ്രിസ്റ്റൊളിലും വില്‍സ്വരാജിന്റെ മധുര സംഗീതം നിറഞ്ഞു ഒഴുകുകയായിരുന്നു. യുകെയിലെ സംഗീത പ്രേമികളുടെ ഹൃദയത്തില്‍ ഇതിനോടകം വില്‍സ്വരാജ് ഇടം നേടി കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ വേദികള്‍ ലഭിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. സാധാരണ ക്കാരില്‍ സാധാരണക്കാരനായ ഈ എളിയ കലാകാരനെ യുകെ മലയാളികള്‍ ഹൃദയം നിറഞ്ഞു സ്വീകരിച്ചിരിക്കുകയാണ്. ജൂണ്‍ 23ന് കവെന്‍ട്രിയില്‍ നടക്കുന്ന പരിപാടിക്ക് വന്‍ സ്വീകരണം ആണ് ലഭിക്കുന്നത്. ഇതിനോടകം ഫേസ് ബുക്ക് ലൈവ് വിഡിയോയും മറ്റും കണ്ടവര്‍ ഈ അനുഗ്രഹീത ഗായകന്റെ സ്വരമാധുര്യം നേരിട്ടു അനുഭവിക്കുവാന്‍ കൊവെന്‍ട്രിയില്‍ ഒഴുകിയെത്തുമെന്നാണ് സഘാടകരായ ബെറ്റര്‍ ഫ്രെയിംസ് വിശ്വസിക്കുന്നത്.
‘വില്‍സ്വരാജ് യേശുദാസ് ആലപിച്ച ശാസ്ത്രീയ/അര്‍ദ്ധശാസ്ത്രീയ ഗാനങ്ങള്‍ ആലപിക്കുന്നത് വളരെ അനായാസമായാണ്. ഇത്രയും അനായാസമായി ആ ഗാനങ്ങള്‍ അതിന്റെ ഒറിജിനാലിറ്റി ചോര്‍ന്ന് പോകാതെ നിഷ്പ്രയാസം ആലപിക്കുന്ന വേറൊരു ഗായകന്‍ മലയാളത്തില്‍ കാണുകയില്ല. ഇത് കൊവെന്‍ട്രിയിലെ പരിപാടി സഘടിപ്പിക്കുന്ന ഗായകന്‍ ഹരീഷ് പാലായുടെ വാക്കുകളാണ്. ഹരി മുരളീരവം കട്ടിലില്‍ കിടന്നു കൊണ്ട് അനായാസമായി പാടിയപ്പോളായിരുന്നു വില്‍സ്വരാജ് എന്ന അതുല്യ പ്രതിഭയെ സോഷ്യല്‍ മീഡിയ നെഞ്ചിലേറ്റിയത്. തുടര്‍ന്ന് നിരവധി മലയാള ചിത്രങ്ങളിലും ആല്‍ബങ്ങളിലുമായി നൂറു കണക്കിന് മനോഹര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. യുകെ മലയാളികള്‍ ഇറക്കിയ ഓര്‍മ്മയില്‍ ഒരോണം എന്ന ആല്‍ബത്തിലെ മുഖ്യ ഗായകനും അദ്ദേഹമായിരുന്നു. വില്‍സ്വരാജ് എത്തുന്നതോടെ സംഗമം അവിസ്മരണീയമായ ഒരു കലാവേദി ആക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് ചേര്‍ത്തല സ്വദേശികള്‍. എല്ലാ ചേര്‍ത്തല നിവാസികളെയും മൂന്നാമത് സംഗമത്തിലേക്കു ഹൃദയ പൂര്‍വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
Leave a Reply