ലീഡ്‌സ്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ലീഡ്‌സ് ഒരുങ്ങുന്നു. കുഞ്ഞു മിഷനറിമാര്‍ക്ക് സ്വാഗതമേകാന്‍ ലീഡ്‌സിലെ സെന്റ് വില്‍ഫ്രിഡ് ചര്‍ച്ച് തയ്യാറെടുക്കുകയാണ്. സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ചെറുപുഷ്പ മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാനായ ലീഡ്‌സ് ചാപ്‌ളന്‍സിയുടെ ചുമതലയുള്ള ഫാ. മാത്യു മുളയോലിയാണ് സംഘടനയുടെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. മെയ് 28 ഞായറാഴ്ച ആയിരങ്ങളെ സാക്ഷിയാക്കി പ്രേഷിത ദൗത്യത്തിന്റെ തിരി അഭിവന്ദ്യ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തെളിക്കും. അന്ന് ആദ്യ കുര്‍ബാന സ്വീകരിക്കുന്ന 10 കുട്ടികള്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ യുകെയിലെ ആദ്യ അംഗങ്ങളായി മാറുന്ന അസുലഭ മുഹൂര്‍ത്തത്തിന് ലീഡ്‌സ് വേദിയാകും. യുകെയിലെ സീറോ മലബാര്‍ സഭയുടെ എല്ലാ കുര്‍ബാന സെന്ററുകളിലും ഒക്ടോബര്‍ 31 നകം ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ശാഖകള്‍ ആരംഭിക്കും.
സ്‌നേഹം, ത്യാഗം, സേവനം, സഹനം എന്ന മുദ്രാവാക്യവുമായി 1947 ല്‍ ഭരണങ്ങാനത്ത് ഏഴ് അംഗങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച ചെറുപുഷ്പ മിഷന്‍ ലീഗ് ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അല്‍മായ മിഷനറി പ്രസ്ഥാനമാണ്. കുഞ്ഞേട്ടന്‍ എന്നറിയപ്പെട്ടിരുന്ന പി.സി എബ്രാഹാം പല്ലാട്ടുകുന്നേലും ഫാ. ജോസഫ് മാലിപ്പറമ്പിലുമാണ് ഭരണങ്ങാനത്ത് ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. 2011-13 കാലഘട്ടത്തില്‍ ഫാ.മാത്യു മുളയോലി ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഡയറക്ടറായി ഭരണങ്ങാനം മാതൃഭവന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലീഡ്‌സ് ചാപ്‌ളിന്‍സിയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപന ശുശ്രൂഷയും അന്നേ ദിവസം നടക്കും. ചടങ്ങുകള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.
Leave a Reply