ലണ്ടന്‍: കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഓണ്‍ലൈനില്‍ കാണുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതാണെന്ന് വെളിപ്പെടുത്തല്‍. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ ഡേവ് തോംപ്‌സണ്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് നിയന്ത്രിക്കാന്‍ നിയമം പ്രയോഗിക്കുന്നതിലുപരിയായുള്ള കാര്യങ്ങള്‍ ചെയ്യണമെന്ന് കോമണ്‍സ് ഹോം അഫയേഴ്‌സ സെലക്റ്റ് കമ്മിറ്റിയോട് അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെക്കുന്ന വെബ്‌സൈറ്റുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2015നും 2016 നുമിടയില്‍ ഇത്തരം സൈറ്റുകളുടെ എണ്ണത്തില്‍ 258 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ലോകമൊട്ടാകെയെടുത്താല്‍ ഇത്തരം സൈറ്റുകളിലേക്ക് യുകെയില്‍ നിന്ന് അപ്ലോഡ് ചെയ്യപ്പെടുന്നത് 0.1 ശതമാനം ചിത്രങ്ങള്‍ മാത്രമാണെന്നതാണ് ആശ്വാസം നല്‍കുന്നത്. ഈ ചിത്രങ്ങളുടെ വിതരണം തടയാന്‍ ശിക്ഷകള്‍ കടുത്തതാക്കുക മാത്രമല്ല പരിഹാരമെന്നും ഇക്കാര്യത്തില്‍ കാര്യമായ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ഈ ദുശീലത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് അടിയന്തരമായി എന്തെങ്കിലും ചെയ്യണം. സ്റ്റോപ്പ് ഇറ്റ് നൗ പോലെയുള്ള ചാരിറ്റികള്‍ ചൈല്‍ഡ് പോണ്‍ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് പലര്‍ക്കും ശിക്ഷ കാര്യമായി ലഭിക്കുന്നില്ല എന്നത് വീഴ്ചയാണ്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെയുള്ള പോലീസ് ഫണ്ടിംഗിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇവയെല്ലാം ഈ വിപത്തിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസമാകുന്നുണ്ട്.