ലിയോസ് പോള്‍
ബോണ്‍മൗത്ത്: ജനാധിപത്യ ബോധവും മാനവിക കാഴ്ചപ്പാടുകളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന സദുദ്ദേശത്തോടെ രൂപം കൊണ്ട ചേതന യുകെക്ക് പുതുനേതൃത്വം. അരാഷ്ട്രീയവാദവും അതിന്റെ സമൂര്‍ത്ത ഭാവമായിട്ടുള്ള അവനവനിസവും കൂടി മലയാളി സമൂഹത്തെ വര്‍ഗ്ഗീയ ധ്രുവീകരണത്തിലേക്കും മതമൗലികവാദത്തിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെയെല്ലാം പരിണിതഫലമായിട്ടാണ് യാഥാര്‍ഥ്യമെന്നും, വാസ്തവമെന്നും വര്‍ത്തകളെന്നുമെല്ലാം തോന്നിപ്പിക്കുന്ന തരത്തിലുള്ള അപവാദപ്രചാരണങ്ങള്‍ക്കും കപടശാസ്ത്രങ്ങള്‍ക്കും ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ക്കുമെല്ലാം നമ്മുടെ ഇടയില്‍ ഭീകരമായ പ്രചാരണം ലഭിക്കുന്നത്. ഇത്തരം ദുരവസ്ഥകളില്‍ നിന്നും ശാസ്ത്രീയ അവബോധത്തിലേക്കും അതുവഴി സാമൂഹ്യപുരോഗതിയിലേക്കും മലയാളി സമൂഹത്തെ കൊണ്ട് പോകുക എന്ന സുവ്യക്തമായ ആശയത്തെ മുറുകെപിടിച്ചു കൊണ്ട് ചേതന യുകെയുടെ പൊതുയോഗം ബോണ്‍മൗത്തിലെ ഹൗക്ക്രോഫ്‌റ് കമ്മ്യൂണിറ്റി സെന്ററില്‍ നടന്നു.
പ്രസിഡന്റ് ശ്രീ വിനോ തോമസിന്റെ അഭാവത്തില്‍ ചേതന യുകെ വൈസ് പ്രസിഡന്റ് സുജു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രഷറര്‍ ലിയോസ് പോള്‍ സ്വാഗതവും ഓക്സ്ഫോര്‍ഡ് യൂണിറ്റ് ഭാരവാഹിയായിട്ടുള്ള ഷാജി സ്‌കറിയ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സെക്രട്ടറി ശ്രീകുമാര്‍ അവതരിപ്പിച്ച സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രതിനിധികളുടെ വിശദവും ആഴത്തിലുള്ളതുമായ ചര്‍ച്ചകള്‍ക്ക് ശേഷം പാസാക്കി. പൂര്‍ണ്ണമായും ജനാധിപത്യപരമായി നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിലൂടെ ലിയോസ് പോളിനെ ജനറല്‍ സെക്രട്ടറിയായും,സുജു ജോസഫിനെ പ്രസിഡന്റായും,ജെ എസ് ശ്രീകുമാറിനെ ട്രെഷററായും തിരഞ്ഞെടുത്തു.കൂടാതെ ജിന്നി ചാക്കോ, വിനോ തോമസ്, എബ്രഹാം മാരാമണ്‍, ഷാജി സ്‌കറിയ എന്നിവര്‍ അടങ്ങുന്ന ഏഴംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ യോഗം മുക്തകണ്ഠം പ്രശംസിച്ചു. കൃത്യമായി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലും വിവിധ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും കമ്മിറ്റി വിജയം കണ്ടതായി പൊതുയോഗം വിലയിരുത്തി. ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റ് സ്ഥാപിക്കുന്നതിനും കുട്ടികള്‍ക്കായി മ്യൂസിക് ക്ളാസ്സുകള്‍ ആരംഭിക്കുന്നതിനും കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. പാലക്കാട് എം പി എം ബി രാജേഷ് രൂപം കൊടുത്ത പ്രെഡിക്ട് 2016 സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് ചേതന യുകെ നല്‍കിയ സഹായം വളരെ വലുതാണ്. നൂറോളം നിര്‍ദ്ധനരായ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിയിരുന്ന പഠനസഹായത്തിന് ചേതന യുകെ അംഗങ്ങളും അഭ്യുദയകാംക്ഷികളും ഭാഗഭാക്കായി. കഴിഞ്ഞ രണ്ടു വര്‍ഷമായി പതിനഞ്ചോളം നിര്‍ദ്ധന വിദ്യാര്തഥികള്‍ക്കുള്ള പഠന സഹായം നല്‍കിയ ചേതന യുകെ, ഇക്കാലയളവില്‍ ഏകദേശം മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയാണ് കുട്ടികളുടെ പഠനത്തിനായി നല്‍കിയത്.
പ്രെഡിക്റ്റിന്റെ രണ്ടാം ഘട്ടം കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉത്ഘാടനം നിര്‍വ്വഹിച്ചു. ചേതന അംഗങ്ങളും പ്രഡിക്ട് 2018 ന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ്. പ്രെഡിക്ട് 2018ല്‍ അംഗമായി നിര്‍ദ്ധന വിദ്യാര്തഥികള്‍ക്ക് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്ന നല്ലവരായ എല്ലാ അഭ്യുദയകാംക്ഷികളും 07533289388 ലിയോസ് പോള്‍, 07904605214 സുജു ജോസഫ്, 07886392327 ജെ എസ് ശ്രീകുമാര്‍ എന്നിവരെ ബന്ധപ്പെടെണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആരോഗ്യകരമായ ചര്‍ച്ചകളിലേക്കും,ആശയപരമായ സംവാദങ്ങളിലേക്കും ബ്രിട്ടണിലെ മലയാളി സമൂഹത്തെ കൊണ്ടുപോകാനും,അവരുടെ ചിന്താമണ്ഡലങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് ഊഷ്മളമായൊരു സാമൂഹ്യ,രാഷ്ട്രീയ,കലാ ,സാംസ്‌കാരിക പരിസരം രൂപപ്പെടുത്തിയെടുക്കാന്‍ എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നും ,മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണയും സഹകരണവും ചേതനക്ക് മുന്നോട്ടുള്ള പ്രയാണത്തില്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും നാല് മണിക്കൂര്‍ നീണ്ടു നിന്ന പൊതുയോഗം സമാപിച്ചു.
Leave a Reply