ലോകമെമ്പാടുമുള്ള അദ്ധ്വാന വർഗ്ഗത്തിന്റെ വിമോചനത്തിനും, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും വേണ്ടി നടന്ന  ഐതിഹാസികമായ  പോരാട്ടസമരങ്ങളുടെ സ്മരണ പുതുക്കിക്കൊണ്ടു ഓക്‌സ്‌ഫോർഡിലെ  ഹോളിഫാമിലി ചർച്ച് ഹാളിൽ നടന്ന പൊതുയോഗം അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ജനറൽ സെക്രട്ടറി ഹർസെവ്‌ ബൈൻസ് ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്താനിരുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും, കണ്ണൂർ എംപിയുമായ പി കെ ശ്രീമതി ടീച്ചർ ചില സാങ്കേതിക തടസ്സങ്ങൾ മൂലം നേരിട്ടെത്തിയില്ലെങ്കിലും ടെലികോൺഫെറെൻസിലൂടെ പൊതുയോഗത്തെ അഭിസംബോധ ചെയ്തു സംസാരിച്ചു.

ചേതന യുകെ  ട്രഷറർ ലിയോസ് പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ  ഓക്‌സ്‌ഫോർഡ് യൂണിറ്റ് സെക്രട്ടറി എബ്രഹാം സ്വാഗതവും ബിനു ജോസഫ് നന്ദിയും പറഞ്ഞു. യുകെയിലെ മലയാളിസമൂഹം നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ചും,രാഷ്ട്രീയമായി ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയെയും സംബന്ധിച്ച് ചേതന യുകെ  സെക്രട്ടറി ശ്രീകുമാർ, പ്രസിഡന്റ് വിനോ തോമസ്, വൈസ് പ്രസിഡന്റ് സുജു ജോസഫ്, കമ്മിറ്റി അംഗം കോശി തെക്കേക്കര തുടങ്ങിയവർ സംസാരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്ന് നടന്ന പൊതുചർച്ചയിൽ എല്ലാ അംഗങ്ങളും ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് വരാൻ പോകുന്ന ജനറൽ ഇലക്ഷനിൽ കുടിയേറ്റവിരുദ്ധ,തൊഴിലാളിവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുന്ന തീവ്ര വലതുപക്ഷത്തിന്റെ മുഖമായ തെരേസ മെയ് സർക്കാരിനെതിരെ ബാലറ്റിലൂടെ പ്രതികരിക്കണമെന്ന് തീരുമാനിച്ചു. വംശീയതയെ തടയുന്നതിനും,തൊഴിൽനിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതിനും ബ്രെക്സിറ്റ് നീതിപൂർവ്വവും, ജനക്ഷേമകരവുമായി നടപ്പാക്കുന്നതിനും ടോറി ഗവണ്മെന്റിനെ അധികാരത്തിൽ നിന്നും മാറ്റി നിർത്തണമെന്ന് യോഗം വിലയിരുത്തി.
ചേതന യുകെ ഓക്സ്ഫോർഡ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ഓക്സ്ഫോർഡിൽ നിന്നുള്ള മുഴുവൻ കുടുംബങ്ങളുടെയും പ്രാതിനിധ്യമുണ്ടായിരുന്നു.  സ്‌നേഹവിരുന്നും, അതിനു ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോസ് പീറ്ററിന്റെ നേതൃത്വത്തിൽ  നടന്ന ചേതന കുടുംബാംഗങ്ങളുടെ കലാപരിപാടികൾക്കും ശേഷം മെയ്‌ദിനാഘോഷങ്ങൾക്ക്  പരിസമാപ്തിയായി.