ലിയോസ് പോൾ
ബോൺമൗത്ത്: ബ്രിട്ടനിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളപ്പിറവി ആഘോഷം ഡോർസെറ്റ് കൗണ്ടിയിലെ ബോൺമൗത്തിൽ സംഘടിപ്പിച്ചു. ചേതന യുകെ പ്രസിഡന്റ് സുജു ജോസെഫിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം മുൻ രാജ്യസഭാംഗവും സാംസ്‌കാരിക വിഭാഗത്തിന്റെ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉത്‌ഘാടനം ചെയ്തു.
വർഷങ്ങൾക്കു മുൻപ് സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളം പിന്നീട് നവോദ്ധാന വഴികളിലൂടെ സഞ്ചരിച്ചു ഇന്ന് മറ്റൊരു ഇന്ത്യൻ സംസ്ഥാനങ്ങൾക്കും തന്നെ അവകാശപ്പെടാൻ കഴിയാത്ത മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നു സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസ രംഗത്തും,പൊതുജന ആരോഗ്യരംഗത്തും വിവര സാങ്കേതികരംഗത്തുമെല്ലാം കേരളം കൈവരിച്ച നേട്ടങ്ങൾ എടുത്തു പറയേണ്ടതാണ്.സ്ത്രീ മുന്നേറ്റങ്ങളും,ശിശു ക്ഷേമ കാര്യങ്ങളിലുമടക്കം സാമൂഹ്യമായി ഓരോ ദിനവും പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന് ജാതിക്കും മതത്തിനും കക്ഷി രാഷ്ട്രീയത്തിനും അതീതമായി മികച്ച പിന്തുണ നൽകണമെന്നും, ബ്രിട്ടനിലെ മുഴുവൻ മലയാളികളും സാംസ്‌കാരിക തലത്തിൽ ഐക്യപ്പെടണമെന്നും സീതാറാം യെച്ചൂരി ആഹ്വാനം ചെയ്തു.
ആന്ധ്രാ പ്രദേശ് കേഡറിലെ മലയാളിയായ IAS ഓഫീസർ ശ്രീ ബാബു അഹമ്മദ് IAS വിശിഷ്ട അതിഥിയായി യോഗത്തിൽ പങ്കെടുത്തു.ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിൽ കേരളം അകപ്പെട്ടപ്പോൾ,കേരളസമൂഹം ഒറ്റക്കെട്ടായി നിന്ന് ആ മഹാപ്രളയത്തെ അതിജീവിച്ചതിനെ അനുസ്മരിച്ചു കൊണ്ടും; സാമ്പത്തികമായും, സാങ്കേതിക ഉപദേശങ്ങളായും ആന്ധ്രാ ഗവൺമെന്റിന്റെ ഭാഗമായി നിന്ന് കേരളത്തിന് വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ ഓർമ്മകൾ പങ്കു വച്ചുകൊണ്ടും അദ്ദേഹം സംസാരിച്ചു.
കേരള പോലീസിൽ സേനയിലെ മികച്ച പ്രവർത്തനത്തിന് രാഷ്ട്രപതിയിൽ നിന്നും മെഡൽ കരസ്ഥമാക്കിയ ചേതന UK യുടെ ആദ്യ പ്രസിഡന്റ് ശ്രീ സുനിൽ ലാലിനെ സമ്മേളന വേദിയിൽ സീതാറാം യെച്ചൂരി മെമെന്റോ നൽകി ആദരിച്ചു. കൂടാതെ, ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനം നടത്തി വരുന്ന അമ്മ ചാരിറ്റിയെയും, ചാരിറ്റി ഫണ്ട് റൈസിംഗിന് വേണ്ടി സ്കൈ ഡൈവിംഗ് നടത്തി മലയാളികളുടെ അഭിമാനമായി മാറിയ ജോയൽ മനോജിനെയും ചടങ്ങിൽ യെച്ചൂരി മൊമെന്റോ നൽകി അനുമോദിച്ചു. മാത്രമല്ല, ചേതന UK ക്ക് വേണ്ടി ഗ്രാഫിക് ഡിസൈൻസ് ചെയ്ത അനൂപിനെയും, കലാപ്രകടങ്ങളിലൂടെ ചേതനയുടെ പത്താം വാർഷികാഘോഷത്തിന്റെ വേദിയെ സമ്പുഷ്ടമാക്കിയ മുഴുവൻ കലാകാരന്മാരെയും കലാകാരികളെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
തുടർന്ന് യുകെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മയുടെ പ്രസിഡന്റ് ശ്രീ മനോജ്‌കുമാർ പിള്ള, ഡോർസെറ്റ് മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് റെമി ജോസഫ് തുടങ്ങിയവർ ചേതനയുടെ പത്താം വാർഷികത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. ചേതന UK സെക്രട്ടറി ലിയോസ് പോൾ സ്വാഗതവും,ട്രഷറർ ശ്രീകുമാർ നന്ദിയും പറഞ്ഞ സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ബ്രിട്ടനിലെ വിവിധങ്ങളായ പ്രദേശങ്ങളിൽ നിന്നും വന്ന കലാകാരന്മാരും കലാകാരികളും അണിനിരന്ന, സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാസന്ധ്യ സദസ്യർക്ക് ഒരു വർണ്ണ വിസ്മയമായി തന്നെ അനുഭവപ്പെട്ടു.ചേതനയുടെ പത്താം വാർഷികത്തോടനുബന്ധിച്ചു നടന്ന കേരളപ്പിറവി ആഘോഷം ഒരു ചരിത്ര സംഭമാക്കിത്തീർത്ത മുഴുവൻ ചേതന അംഗങ്ങളോടും,അഭ്യുദയകാംഷികളോടും സ്പോണ്സർഷിപ്പുകൾ നൽകി സഹായിച്ച Focus Finshure, Financial Solutions, Law &Lawyers solicitor firm, St.Johns Travels Oxford തുടങ്ങിയ സ്ഥാപനങ്ങളോടും ശബ്ദവും വെളിച്ചവും, LED Dispay Wall അടക്കമുള്ള സ്റ്റേജും ക്രമീകരിച്ച ഗ്രേസ് മെലോഡിസ്‌നോടുമുള്ള ചേതനയുടെ അകമഴിഞ്ഞ നന്ദിയും കടപ്പാടും ചേതന എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
Leave a Reply