സ്പിരിച്ച്വൽ ഡെസ്ക്.
ആഗോളസഭയുടെ കരിസ്മാറ്റിക് മുന്നേറ്റങ്ങളെ ഏകോപിപ്പിക്കുന്ന ‘കാരിസി’ന്റെ (കരിസ്മാറ്റിക് റിന്യൂവൽ ഇന്റർനാഷണൽ സർവീസ്) ഏഷ്യൻ പ്രതിനിധിയും മലയാളിയുമായ സിറിൾ ജോണിന് ഷെവലിയർ ബഹുമതി സമ്മാനിച്ച് ഫ്രാൻസിസ് പാപ്പ. ജീവിതസാക്ഷ്യത്തിലൂടെയും സംഘാടന മികവിലൂടെയും ക്രിയാത്മക ഇടപെടലുകളിലൂടെയും കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന് നൽകിയ സമഗ്രസംഭാവനകളാണ് വിഖ്യാതമായ പേപ്പൽ പുരസ്‌ക്കാരത്തിന് ഇദ്ദേഹത്തെ അർഹനാക്കിയത്. അൽമായർക്ക് നൽകുന്ന ഉന്നതമായ പേപ്പൽ ബഹുമതിയാണ് ഷെവലിയർ.

ലോക്‌സഭ സെക്രട്ടേറിയറ്റിൽ ജോയിന്റ് സെക്രട്ടറിയും ചീഫ് ഓഫ് പ്രോട്ടോക്കോൾ ഓഫീസറുമായിരുന്ന സിറിൾ ജോൺ 1982 മുതൽ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ നേതൃനിരയിൽ സജീവമാണ്. കോട്ടയം ജില്ലയിലെ കുറവിലങ്ങാടാണ് സ്വദേശം. ഡൽഹി അതിരൂപതയുടെ നവീകരണ പ്രസ്ഥാനത്തിന്റെ ചെയർമാനായും ഇന്ത്യൻ നാഷണൽ സർവീസ് ടീമിന്റെ ചെയർമാനായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ ശുശ്രൂഷകൾ ഏകോപിപ്പിക്കുന്ന ഐ.സി.സി.ആർ.എസിൽ അംഗവും 2007- 2015 കാലയളവിൽ വൈസ് പ്രസിഡന്റുമായിരുന്നു.

ആഗോള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിൽ ഏകീകരണവും നവീനതയും യാഥാർത്ഥ്യമാക്കാൻ 2019ൽ ‘കാരിസി’ന് രൂപം കൊടുത്തപ്പോൾ, 18 അംഗ സമിതിയിലേക്ക് ഏഷ്യയിൽനിന്നുള്ള പ്രതിനിധിയായി ഫ്രാൻസിസ് പാപ്പ നിയോഗിച്ചത് സിറിൾ ജോണിനെയാണ്. ഷെവലിയർ ബഹുമതി സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പാപ്പ നടത്തിയത്. സ്ഥാനിക ചിഹ്‌നങ്ങൾ സ്വീകരിക്കുന്ന തിയതി പിന്നീട് തീരുമാനിക്കും. ദൈവം നൽകിയ സ്‌നേഹസമ്മാനമായി പേപ്പൽ പുരസ്‌ക്കാരം സ്വീകരിക്കുന്നുവെന്ന് സിറിൾ ജോൺ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മധ്യസ്ഥ പ്രാർത്ഥനയാണ് ഇദ്ദേഹത്തിന്റെ പ്രധാന കാരിസം. ദൈവീക വെളിപാടുകൾ സമർപ്പിച്ച് ദൈവഹിതം തേടുന്ന ‘പ്രവാചക മധ്യസ്ഥ പ്രാർത്ഥന’യുടെ (പ്രൊഫറ്റിക് ഇന്റർസെഷൻ) പരിശീലനത്തിനായി വിവിധ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഡൽഹിയിൽ ‘ജീവൻ ജ്യോതി ആശ്രമം’ എന്ന പേരിൽ ധ്യാനകേന്ദ്രം ആരംഭിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. 34 വർഷം നീണ്ട സർക്കാർ ഉദ്യോഗത്തിൽനിന്ന് 2016ൽ വിരമിച്ച ഇദ്ദേഹം വിശ്വാസ സംബന്ധമായ ഊടുറ്റ അഞ്ച് ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

‘സ്പർഡ് ബെ ദ സ്പിരിറ്റ്’, ‘കം, ലെറ്റ്‌സ് സെലിബ്രേറ്റ് ദ ഹോളി യൂക്കരിസ്റ്റ്’, ‘ദ കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ ഇൻ ഇന്ത്യ- ആൻ അപ്രൈസൽ’, ‘പ്രേ ലിഫ്റ്റിംഗ് അപ് ഹോളി ഹാൻഡ്‌സ്’, പ്രൊഫറ്റിക് ഇന്റർസെഷൻസ്’ എന്നിവയാണ് പ്രമുഖ ഗ്രന്ഥങ്ങൾ. ‘പ്രേ ലിഫ്റ്റിംഗ് അപ് ഹോളി ഹാൻഡ്‌സ്’ ജാപ്പനീസ്, കൊറിയൻ, മാൻഡരിൻ, സിംഹള, ഹിന്ദി, മലയാളം ഉൾപ്പെടെ 16 ഭാഷകളിലേക്ക് തർജിമ ചെയ്യപ്പെട്ടു. ‘പ്രൊഫറ്റിക് ഇന്റർസെഷൻസ്’ 10 ഭാഷകളിലേക്കും ‘സ്പർഡ് ബെ ദ സ്പിരിറ്റ്’ 10 ഭാഷകളിലേക്കും തർജിമ ചെയ്തിട്ടുണ്ട്. ഭാര്യയ്ക്കും നാലു മക്കൾക്കുമൊപ്പം ന്യൂഡൽഹിയിലാണ് ഇപ്പോൾ താമസം.

കുലീനതയുടെയും ആദരവിന്റെയും കൃതജ്ഞതയുടെയും അടയാളമായി സഭയോട് വിശ്വസ്തത പ്രകടിപ്പിച്ച് മാതൃകാപരമായി സഭാ സാമൂഹികസേവനങ്ങൾ കാഴ്ചവെച്ച് ജീവിക്കുന്നവർക്ക് സാർവത്രികസഭയുടെ തലവനെന്ന നിലയിൽ പാപ്പ നൽകുന്ന സ്ഥാനിക പദവികളാണ് പേപ്പൽ ബഹുമതികൾ. വത്തിക്കാൻ ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിലും രാജ്യത്തിന്റെ സർവ സൈന്യാധിപനെന്ന തലത്തിലുമാണ് പേപ്പൽ ബഹുമതികൾ നൽകപ്പെടുന്നത്. വിവിധ ഓർഡറുകളായി (പേരുകളിൽ) ഷെവലിയർ ബഹുമതി ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. മഹാനായ ഗ്രിഗറി പതിനാറാമൻ പാപ്പ 1831 സെപ്തംബർ ഒന്നാം തീയതി ‘ക്വാദ് സുമ്മിസ്’ എന്ന തിരുവെഴുത്തുവഴി സ്ഥാപിച്ച ‘സെന്റ് ഗ്രിഗറി ദ ഗ്രേറ്റ് ഓർഡറാ’ണ് സിറിൾ ജോണിന് സമ്മാനിക്കുന്നത്.