ന്യൂസ് ഡെസ്ക്, മലയാളം യുകെ

അവധിയ്ക്ക് ശേഷം സെപ്റ്റംബർ ആദ്യവാരം ഇംഗ്ലണ്ടിലെ സ്കൂളുകൾ തുറക്കുകയാണ്. ഈ അവസരത്തിൽ പല കുട്ടികളും പ്രതിരോധ കുത്തിവെയ്പ്പുകൾ എടുക്കാതെ സ്കൂളുകളിൽ എത്തുന്നതിന്റെ അപകട സാധ്യതയെ കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഗുരുതരമായ പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷണമില്ലാതെ അഞ്ചിൽ ഒരാൾ പ്രൈമറി സ്കൂളുകളിൽ എത്തുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.


ജനുവരി മുതൽ ചിക്കൻപോക്സിനെതിരെയുള്ള ഒരു പുതിയ പ്രതിരോധ കുത്തിവെയ്പ്പ് സർക്കാർ അവതരിപ്പിച്ചിരുന്നു. എന്നാൽ അത് എത്രമാത്രം ഫലപ്രദമായി നടപ്പിലാക്കപ്പെട്ടു എന്നതിനെ കുറിച്ച് കടുത്ത ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ചെറിയ ഒരു ശതമാനം കുട്ടികൾപോലും പ്രതിരോധ വാക്സിനുകൾ എടുക്കാത്ത സാഹചര്യം നിലവിൽ ഉണ്ടെങ്കിൽ അധ്യയന വർഷ തുടക്കത്തിൽ അത് കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.ലോകാരോഗ്യ സംഘടന (WHO) അനുസരിച്ച് ഹെർഡ് ഇമ്മ്യൂണിറ്റി കൈവരിക്കുന്നതിന് കുട്ടികൾക്കിടയിൽ വാക്സിൻ എടുക്കുന്നതിനുള്ള ലക്ഷ്യം 95% ആണ്. എന്നാൽ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യാഴാഴ്ച പുറത്തിറക്കിയ 2024-25 ലെ കണക്കുകൾ കാണിക്കുന്നത് ഒരു ബാല്യകാല വാക്സിനും ഈ ലക്‌ഷ്യം കൈവരിച്ചിട്ടില്ല എന്നാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ച് വയസ്സുള്ള കുട്ടികളിൽ 83.7% പേർക്ക് മാത്രമേ മീസിൽസ്, മമ്പ്സ്, റുബെല്ല (എംഎംആർ) വാക്സിനുകളുടെ രണ്ട് ഡോസുകളും ലഭിച്ചിട്ടുള്ളൂ. അതേസമയം പോളിയോ, വില്ലൻ ചുമ, ടെറ്റനസ്, ഡിഫ്തീരിയ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന ഫോർ-ഇൻ-വൺ പ്രീസ്‌കൂൾ ബൂസ്റ്റർ വാക്സിൻ ഇംഗ്ലണ്ടിൽ 81.4% കുട്ടികൾക്കെ നൽകിയിട്ടുള്ളൂ . കുറഞ്ഞ വാക്സിനേഷൻ നിരക്കുകൾ സെപ്റ്റംബറിൽ പ്രൈമറി സ്കൂൾ ആരംഭിക്കുമ്പോൾ കുട്ടികൾ പകർച്ചവ്യാധികൾക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന് ആശങ്ക ശക്തമാക്കിയിട്ടുണ്ട് . കുട്ടികൾക്ക് വാക്സിനുകൾ നൽകിയിട്ടുണ്ട് എന്ന് ഉറപ്പാക്കാൻ സർക്കാർ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ജൂലൈയിൽ ലിവർപൂളിൽ അഞ്ചാംപനി ബാധിച്ച് ഒരു കുട്ടി മരിച്ചിരുന്നു . ഒരു ദശാബ്ദത്തിനിടെ യുകെയിൽ നടന്ന ആദ്യത്തെ മരണമാണിത്. ലിവർപൂളിലെ 73% കുട്ടികൾക്ക് മാത്രമേ അഞ്ചാംപനിയിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമായ രണ്ട് കുത്തിവയ്പ്പുകൾ ലഭിച്ചിട്ടുള്ളൂ.