ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റ ഇടതു പക്ഷത്തെ വിമര്‍ശിച്ച യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവര ദോഷികള്‍ ഉണ്ടാകുമെന്നും ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നുമാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ മാധ്യമങ്ങളില്‍ പഴയ ഒരു പുരോഹിതന്റെ വാക്കുകള്‍ കാണാന്‍ കഴിഞ്ഞു. പ്രളയമാണ് ഈ സര്‍ക്കാരിന് അധികാരത്തിലേറ്റിയത്. ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ട എന്നാണ് ആ പുരേഹിതന്‍ പറഞ്ഞത്.
പുരോഹിതന്‍മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. ആരും ഇവിടെ ഒരു പ്രളയമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനെ ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് കേരളം ലോകത്തിന് നല്‍കിയ പാഠമെന്നും പിണറായി പറഞ്ഞു.
പ്രളയകാലത്ത് സഹായിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രങ്ങള്‍ തീര്‍ത്തും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു. നമ്മുടെ നാടിന്റെ ഒരു പ്രത്യേകതയാണ് അതിനെയെല്ലാം അതിജീവിക്കാന്‍ സഹായകമായത്.
വലിയ ദുരന്തമാണെങ്കിലും തലയില്‍ കൈവച്ച് കരഞ്ഞിരിക്കാനല്ല നാം തയ്യാറാത്. അതിനെ അതിജീവിക്കും എന്ന് കേരളം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. ആ അതിജീവനം ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും വലിയതോതില്‍ പ്രശംസിക്കപ്പെട്ടതായും പിണറായി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് കാരണം ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം സര്‍ക്കാരിന്റെ നിലവാര തകര്‍ച്ചയാണെന്ന് കൂറിലോസ് അഭിപ്രായപ്പെട്ടിരുന്നു. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാര്‍ഷ്ട്യവും ധൂര്‍ത്തും ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികള്‍ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക.
എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.’കിറ്റ് രാഷ്ട്രീയത്തില്‍’ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല, പ്രത്യേകിച്ച് കേരളത്തില്‍. തിരുത്തുമെന്ന് നേതൃത്വം പറയുന്നത് സ്വാഗതാര്‍ഹമാണ്. അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തല്‍ ആവരുത്.
രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തില്‍ തന്നെ ഇറങ്ങണം. ഇടതുപക്ഷം ‘ഇടത്ത് ‘ തന്നെ നില്‍ക്കണം. ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാല്‍ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ലെന്നായിരുന്നു മാര്‍ കൂറിലോസിന്റെ വിമര്‍ശനം.
Leave a Reply