ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കി ആരോപണങ്ങൾ പ്രവഹിക്കവേ, പാർട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകാലങ്ങളിലേതുപോലെ മുഖ്യമന്ത്രിക്കു കവചമൊരുക്കാൻ നേതാക്കൾ കാര്യമായി രംഗത്തിറങ്ങിയിട്ടില്ല. സി.പി.എം. സൈബർ പടയാളികളും മൗനത്തിലാണ്. ചാനൽച്ചർച്ചകൾക്കും സി.പി.എം. നേതാക്കളെ കിട്ടാനില്ല. മാധ്യമങ്ങളുടെ നിർബന്ധത്തിനു വഴങ്ങി സി.പി.എം. സഹയാത്രികരേ എത്തുന്നുള്ളൂ.
ആഭ്യന്തരവകുപ്പിനെ ഉന്നമിട്ടുള്ള വെളിപ്പെടുത്തലുകളിൽ വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിതന്നെ നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് പാർട്ടി. പി.ബി. അംഗങ്ങളായ എം.എ. ബേബിയും എ. വിജയരാഘവനുമൊക്കെ തൃശ്ശൂർ ഒത്തുകളിവിവാദത്തിൽ പ്രതികരിച്ചെങ്കിലും എ.ഡി.ജി.പി.യുടെ കാര്യത്തിൽ പ്രതിരോധത്തിനു മുതിർന്നില്ല.
എ.കെ. ബാലൻ, സജി ചെറിയാൻ, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ് എന്നിവരൊഴികെ മറ്റു മന്ത്രിമാരോ നേതാക്കളോ ആരുംതന്നെ പ്രതികരണത്തിനു മുതിർന്നില്ല. ആർ.എസ്.എസ്.-എ.ഡി.ജി.പി. കൂടിക്കാഴ്ച ലഘൂകരിച്ചെന്ന് വിമർശനമുണ്ടായപ്പോൾ അതിലൊക്കെ സർക്കാർ നടപടിയെടുക്കുമെന്നും പാർട്ടിയുമായി കൂട്ടിക്കെട്ടേണ്ടെന്നും വ്യക്തമാക്കി എം.വി. ഗോവിന്ദൻ വിവാദങ്ങളുടെ ഉത്തരവാദിത്വവും പരിഹാരവുമൊക്കെ മുഖ്യമന്ത്രിയുടെ തലയിൽവെച്ചു. ഗൗരവമുള്ള പ്രശ്നങ്ങളിൽ നടപടിയാവശ്യപ്പെട്ട സി.പി.ഐ.യാവട്ടെ, മുഖ്യമന്ത്രിയെ സംരക്ഷിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ല.
പാർട്ടിയുടെ ഇന്നത്തെ പോക്കിൽ അമർഷവും പ്രതിഷേധവും പ്രകടിപ്പിച്ചുള്ള പോസ്റ്റുകൾ സി.പി.എം. സൈബർ ഗ്രൂപ്പുകളിൽ നിറയുന്നുണ്ട്. മലപ്പുറത്തെ സി.പി.എം. മുൻ ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്റെ ഫെയസ്ബുക്ക് പോസ്റ്റാണ് ഒടുവിലത്തെ ചർച്ച. കുരുക്ഷേത്രയുദ്ധത്തിൽ ഭീഷ്മപിതാമഹനെ വീഴ്ത്തിയത് ശിഖണ്ഡിയെ മുന്നിൽനിർത്തിയാണ്. ജാഗ്രതൈ… എന്നാണ് ഉള്ളടക്കം.
പുറത്ത് പെരുമഴപെയ്യുമ്പോൾ അഞ്ചെട്ടുപേർ കമ്മിറ്റികൂടി വെയിലാണെന്നും കുടയുടെ ആവശ്യമില്ലെന്നും പ്രമേയം പാസാക്കിയാൽ അവസാനിക്കുന്നതല്ല മഴയും കെടുതികളുമെന്ന് വിമർശിച്ചുള്ള പോസ്റ്റുകളും സൈബർ ഗ്രൂപ്പുകളിൽ പ്രചരിച്ചു. ചെപ്പടിവിദ്യകൾകൊണ്ടു മുറിവുകൾ ഉണങ്ങില്ലെന്നാണ് അംഗങ്ങളുടെ ഓർമ്മപ്പെടുത്തൽ.
എ.ഡി.ജി.പി. എവിടെയെങ്കിലും പോയതിന് സി.പി.എം. എങ്ങനെ ഉത്തരവാദിയാവുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞപ്പോഴും സൈബർ ഗ്രൂപ്പുകളിൽ രോഷം പൊട്ടി. പോലീസ് തലവന്മാരുടെ സംഘപരിവാർ ബന്ധം എന്നുമുതലാണ് ഒരു സാധാരണത്വമായതെന്നാണ് ചോദ്യം. അത്രയും സംഘിവത്കരിക്കപ്പെട്ട സർക്കാരും പാർട്ടിയുമാണോ കേരളത്തിലുള്ളതെന്നും ഇ.പി. ജയരാജനുപോലും ഇല്ലാത്ത പരിരക്ഷ എ.ഡി.ജി.പി.ക്ക് എന്തിനാണെന്നും ചോദ്യമുയർന്നു. ചിലരാവട്ടെ, മുൻസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പ്രൊഫൈൽ ചിത്രമാക്കി നിലവിലെ നേതൃത്വത്തോടുള്ള നീരസവും മറച്ചുവെച്ചില്ല.
Leave a Reply