മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ ചെന്നൈ ഓഫിസില്‍ വിളിച്ചു വരുത്തി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
അന്വേഷ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദ് ആണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്. കേസെടുത്ത് 10 മാസത്തിന് ശേഷമാണ് എസ്.എഫ്.ഐ.ഒയുടെ നടപടി.
ധാതു മണല്‍ ഖനനത്തിനായി കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിന് അനുമതി നല്‍കിയതിന് പ്രതിഫലമായി വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന് മാസപ്പടിയായി രണ്ട് കോടി രൂപ ലഭിച്ചുവെന്നാണ് കേസിനാധാരമായ ആരോപണം.
എന്നാല്‍ മാസപ്പടി കേസില്‍ തനിക്ക് ബന്ധമില്ലെന്ന് വീണ വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും അവര്‍ പറഞ്ഞു. തന്റെ കമ്പനിയ്ക്കെതിരായ അന്വേഷണം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും വീണ വിജയന്‍ കൂട്ടിച്ചേര്‍ത്തു.
മാസപ്പടി കേസില്‍ സര്‍ക്കാരിനെതിരെ ഹാജരാക്കിയ തെളിവുകള്‍ നിലനില്‍ക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും സിഎംആര്‍എല്ലിന് അനുകൂലമായി ഒന്നും ചെയ്തിട്ടില്ല. മുഖ്യമന്ത്രിയ്ക്ക് എപ്പോള്‍ വേണമെങ്കിലും യോഗം വിളിക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
കേസില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും സി.എം.ആര്‍.എല്ലും എക്സാലോജിക്കും തമ്മിലുളള കരാര്‍ ഇടപാടില്‍ രണ്ട് കമ്പനികള്‍ക്കും പരാതിയില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് സി.എം.ആര്‍.ഉദ്യോഗസ്ഥരെയും കെ.എസ്.ഐ.ഡി.സി ഉദ്യോഗസ്ഥരെയും എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്തിരുന്നു.
വീണയുടെ കമ്പനിയായ എക്സാലോജിക്കില്‍ നിന്നും അന്വേഷണ ഏജന്‍സി നേരത്തേ വിവരം ശേഖരിച്ചിരുന്നു. 10 മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് എസ്.എഫ്.ഐ.ഒയ്ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. അതനുസരിച്ച് ഈ നവംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സാഹചര്യത്തിലാണ് വീണാ വിജയനെ ചോദ്യം ചെയ്തത്.
Leave a Reply