തൊടുപുഴയിലാണ് നാടിനെ നടുക്കിയ മര്‍ദനമുണ്ടായത്. സംഭവം പുറത്തറിഞ്ഞതോടെ കുഞ്ഞുങ്ങളെ ഉപദ്രവിച്ച അമ്മയേയും കാമുകനേയും അറസ്റ്റ് ചെയ്തു. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനി സീനത്ത് (36), ഇവരുടെ കാമുകന്‍ മുണ്ടക്കയം സ്വദേശി ജോസ് (40) എന്നിവരെയാണ് തൊടുപുഴ പോലീസ് പിടികൂടിയത്.

ഏഴര വയസുള്ള ആണ്‍കുട്ടിയും അഞ്ച് വയസുള്ള പെണ്‍കുട്ടിയുമാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. കുമാരമംഗലം പാറക്ക് സമീപം വാടക്ക് വീടെടുത്ത് സീനത്തും ജോസും കുട്ടികളോടൊപ്പം നാല് മാസങ്ങളായി ഇവിടെ താമസിച്ചു വരികയായിരുന്നു.

ഇവര്‍ പതിവായി കുട്ടികളെ തല്ലുന്നതായി നാട്ടുകാരാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണം നടത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംഭവം ശരിയാണെന്ന് മനസിലാക്കുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് മൂന്ന് ദിവസമായി ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വന്നിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നു മനസിലാക്കി തൊടുപുഴ വനിതാ എസ്.ഐ വാടക വീട്ടിലെത്തി കുട്ടികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

ഇവരെ ക്രൂരമായി തല്ലുകയും കാലില്‍ ചവിട്ടുകയും മുട്ടില്‍ നിര്‍ത്തി ചൂരലിനടിക്കുകയും ചെയ്തിരുന്നുവെന്ന് കുട്ടികള്‍ മൊഴി നല്‍കി. മര്‍ദ്ദനമേറ്റ് പേടിച്ച് മൂത്രമൊഴിച്ചപ്പോള്‍ കുട്ടികളുടെ വസ്ത്രം ഊരി തുടപ്പിച്ചെന്നും കുട്ടികള്‍ മൊഴി നല്‍കി. ഇതിനെ തുടര്‍ന്ന് തൊടുപുഴ എസ്.ഐ. വി.സി.വിഷ്ണു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സീനത്തിനെയും ഷാജിയെയും അറസ്റ്റ് ചെയ്തു.ജുവെനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടികളെ അവരുടെ അച്ഛന്റെ മാതാപിതാക്കളുടെ സംരക്ഷണയില്‍ വിട്ടു.