തൃശൂര്‍ മേലൂരില്‍ ആറുവയസുകാരി ആവണിയുടെ ദുരൂഹമരണം സംബന്ധിച്ച പൊലീസ് അന്വേഷണത്തില്‍ നാട്ടുകാര്‍ക്ക് അതൃപ്തി. അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു.

ആറുവയസുകാരി ആവണി ഗോവണിയുടെ മുകളില്‍നിന്ന് നിലത്തു വീണ് മരിച്ചെന്നാണ് അമ്മ ഷാനിയുടെ വിശദീകരണം. സംസ്ക്കാരം കഴിഞ്ഞ ശേഷം അമ്മയെ ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിരുന്നു. പക്ഷേ, അനാരോഗ്യംമൂലം ആശുപത്രിയില്‍ ചികില്‍സ തേടിയെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം.

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിലവില്‍ ചികില്‍സയില്‍തന്നെയാണ് അമ്മ. ഇവരെ, ഡിസ്ചാര്‍ജ് ചെയ്ത ശേഷം കസ്റ്റഡിയിലെടുക്കുമെന്നാണ് ലോക്കല്‍ പൊലീസ് പറയുന്നത്. ആവണിയുടെ അച്ഛന്‍ വിപിന്റെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് അച്ഛന്റേയും പരാതി.

കേസന്വേഷണം വൈകുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ഏറെ നേരം തടഞ്ഞുവച്ചിരുന്നു. മേലൂര്‍ പഞ്ചായത്തിലെ അടിച്ചിലിലെ വീട്ടിലായിരുന്നു സെപ്തംബര്‍ 23ന് പെണ്‍കുട്ടി മരിച്ചത്. വീടനകത്തു പരുക്കേറ്റ കിടന്ന ആവണിയെ അമ്മയും അയല്‍വാസികളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അമ്മയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന നിലപാടിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.