ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ശിശു മരണ നിരക്ക് കൂടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇടക്കാലത്ത് മഹാമാരിയുടെ സമയത്ത് ശിശുമരണ നിരക്ക് കുറഞ്ഞിരുന്നു. എന്നാൽ ഇത് പിന്നീട് കൂടി മഹാമാരിക്ക് മുമ്പുള്ള സമയത്തിനോട് സമാനമായതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. PLOS മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.
2020 ഏപ്രിലിനും 2021 മാർച്ചിനും ഇടയിൽ ശിശു മരണ നിരക്ക് കുറവായിരുന്നു. കോവിഡ് കാരണമുള്ള ലോക്ഡൗൺ നിലനിന്നിരുന്ന സമയമായിരുന്നു അത്. ഈ കാലയളവിൽ 377 ശിശു മരണങ്ങൾ കുറവായിരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. അടുത്തവർഷം 2021 – 22 ലെ മരണങ്ങളുടെ എണ്ണം മഹാമാരിക്ക് മുൻപുള്ളതിന് സമാനമായിരുന്നു. വെള്ളക്കാരല്ലാത്ത പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികളുടെ ആപേക്ഷിക മരണനിരക്ക് വെള്ളക്കാരുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മഹാമാരിയുടെ സമയത്ത് കടുത്ത സുരക്ഷാ മുൻകരുതലുകൾ ശിശുമരണ നിരക്ക് കുറയ്ക്കാൻ കാരണമായതായി പഠനം പറയുന്നു. വൈറസ് പകരാതിരിക്കാനായി നടപ്പിലാക്കിയ കൈ കഴുകലും മാസ്ക് ധരിക്കലും പോലുള്ള നടപടികൾ ശിശുമരണ നിരക്കുകൾ കുറയുന്നതിന് സഹായിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. വെള്ളക്കാരല്ലാത്ത ദരിദ്ര ജനവിഭാഗങ്ങൾക്കിടയിൽ ശിശുമരണ നിരക്ക് ഉയരുന്നത് ആശങ്കാജനകമാണെന്ന് നാഷണൽ ചൈൽഡ് മോർട്ടാലിറ്റി ഡാറ്റാബേസ് പ്രോഗ്രാം ഡയറക്ടറും ബ്രിസ്റ്റോൾ സർവകലാശാലയിലെ നിയോനാറ്റൽ മെഡിസിൻ പ്രൊഫസറുമായ കാരെൻ ലൂയിറ്റ് പറഞ്ഞു. 2019 ഏപ്രിലിനും 2023 മാർച്ചിനും ഇടയിൽ മരണമടഞ്ഞ ഇംഗ്ലണ്ടിലെ എല്ലാ കുട്ടികളുടെയും വിവരങ്ങൾ വിശദമായി പരിശോധിച്ചാണ് ഗവേഷകർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
Leave a Reply