ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നിക്കോള ബുള്ളിയെ കാണാതായതിന് ഒരു മൈൽ അകലെ നദിയിൽ നിന്ന് കിട്ടിയ മൃതദേഹം നിക്കോളയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ദുരൂഹ സാഹചര്യത്തിൽ കാണാതായ നിക്കോള ബുള്ളിക്കായുള്ള തിരച്ചിലിനിടെ ഞായറാഴ്ച ഒരു മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചിരുന്നു. നിക്കോളയെ അവസാനമായി കണ്ട സ്ഥലത്തു നിന്നും ഒരു മൈലിനുള്ളിൽ റോക്ലിഫ് റോഡിന് സമീപമുള്ള വയർ നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സൂചനകളെ തുടർന്ന് അണ്ടർ വാട്ടർ സേർച്ച് ടീമും സ്പെഷ്യലിസ്റ്റ് ഓഫീസർമാരും സംഭവസ്ഥലത്തെത്തിയാണ് മൃതദേഹം വീണ്ടെടുത്തത്.

45 വയസ്സുകാരിയായ നിക്കോള ബുള്ളിയെ ജനുവരി 27-ാം തീയതി വെള്ളിയാഴ്ചയാണ് കാണാതായത്. നിക്കോളയുടെ തിരോധാനം യുകെയിലെമ്പാടും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. തൻറെ ആറും ഒൻപതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ സ്കൂളിൽ വിട്ടയച്ചതിനു ശേഷമാണ് നിക്കോളയെ കാണാതാകുന്നത്. പിന്നീട് നിക്കോളയുടെ ഫോൺ നദിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ നിക്കോള പുഴയിൽ വീണിരിക്കാമെന്ന സംശയത്തിലായിരുന്നു പോലീസ് തുടർ നടപടികൾ നടത്തിയത്.

ഒരുമാസമായിട്ടും നിക്കോളയുടെ തിരോധാനത്തിന് ഉത്തരം കിട്ടാത്തതുകൊണ്ട് പോലീസും കടുത്ത സമ്മർദ്ദത്തിലായിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും വന്ന പല വാർത്തകളും നിക്കോളയുടെ പ്രിയപ്പെട്ടവർക്ക് വേദന ഉണ്ടാക്കുന്നതായിരുന്നു. നിക്കോളയ്ക്ക് മദ്യത്തോടെ കടുത്ത ആസക്തി ഉണ്ടായിരുന്നതായുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് കൂടാതെ അവരുടെ ആർത്തവവിരാമത്തെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കിയതിന് ലങ്കാ ഷെയർ പോലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നത് . രണ്ടു കുട്ടികളുടെ അമ്മയായ നിക്കോളയെ കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ പരസ്യമാക്കിയതിൽ പ്രധാനമന്ത്രി റിഷി സുനക് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു .