ലാന്‍കാസ്റ്റര്‍: ലാന്‍കാസ്റ്ററിലെ ഗാല്‍ഗേറ്റിലുള്ള ലിറ്റില്‍ ലേണേഴ്‌സ് നഴ്‌സറി ആന്‍ഡ് പ്രീസ്‌കൂളിലെ കുട്ടികളില്‍ മെനിഞ്‌ജൈറ്റിസ് ബാധ. മെനിഞ്‌ജൈറ്റിസ് ബി രോഗബാധയെത്തുടര്‍ന്ന് മൂന്ന് വയസുള്ള ആണ്‍കുട്ടി മരിച്ചു. മറ്റൊരു കുട്ടിയെ രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹെക്ടര്‍ കിര്‍ഖാം എന്ന മൂന്ന് വയസുകാരനാണ് റോയല്‍ ലാന്‍കാസ്റ്റര്‍ ഇന്‍ഫേമറിയില്‍ ചികിത്സക്കിടെ മാര്‍ച്ച് 27ന് മരിച്ചത്. കുട്ടിക്ക് മെനിഞ്‌ജോകോക്കല്‍ സെപ്റ്റിസീമിയ സ്ഥിരീകരിച്ചിരുന്നു.

ശിശുക്കള്‍ മുതല്‍ നാല് വയസ് വരെയുള്ള കുട്ടികളെയാണ് ഈ പ്രീസ്‌കൂളില്‍ പരിപാലിക്കുന്നത്. സ്‌കൂളിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി സുഖം പ്രാപിച്ചു വരികയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. മെനിഞ്‌ജോകോക്കല്‍ അണുബാധയാണ് മെനിഞ്‌ജൈറ്റിസ് ബിയ്ക്ക് കാരണമാകുന്നത്. രോഗം അത്ര സാധാരണമല്ലെങ്കിലും ബാധിച്ചു കഴിഞ്ഞാല്‍ മാരകമാകാനിടയുണ്ട്. ഒരു വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ ഈ രോഗബാധ കാണാറുണ്ട്. ഇത് സെപ്റ്റിസീമിയക്ക് കാരണമാകുകയും ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെറും 12 മണിക്കൂര്‍ മാത്രമായിരുന്നു ഹെക്ടര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ കാര്യമായി ശ്രദ്ധിക്കണമെന്ന് ഹെക്ടറിന്റെ മാതാപിതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തര ചികിത്സ തേടുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. ഈ രോഗം അത്ര വേഗത്തില്‍ പടരുന്നതല്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ നഴ്‌സ് കണ്‍സള്‍ട്ടന്റ് ഗ്രെയിന്‍ നിക്‌സണ്‍ പറഞ്ഞു. മുന്നറിയിപ്പെന്ന നിലയില്‍ നഴ്‌സറിയിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചതായും അവര്‍ പറഞ്ഞു.