തൃശൂര്‍ ജിമ്മീസ് കോളനി. റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ദിവാന്‍ജിമൂലയ്ക്കടുത്താണ് ഈ കോളനി. ഇതരസംസ്ഥാന തൊഴിലാളികളാണ് കോളനിയിലെ താമസക്കാരില്‍ കൂടുതലും. ഇന്നലെ ഉച്ചയ്ക്കാണ് കോളനിയില്‍ നിന്ന് ഒരു കുട്ടി അപ്രത്യക്ഷമായി. നാലു വയസുകാരിയായ കാജല്‍ . മാതാപിതാക്കള്‍ യു.പി.ക്കാരാണ്. ബന്ധുക്കളെ നോക്കാന്‍ ഏല്‍പിച്ച് യു.പിയിലേക്ക് പോയതായിരുന്നു. സാധാരണ രാവിലെ വീട്ടില്‍ നിന്ന് പുറത്തേയ്ക്കു പോയാല്‍ പരിസരത്തുള്ള കുട്ടികളുമായി കളിക്കും. ഉച്ചയ്ക്കുണ്ണാന്‍ കൃത്യമായി കുഞ്ഞ് വരാറുണ്ട്. വരാതെ വന്നപ്പോഴാണ് ബന്ധുക്കളും കോളനിക്കാരും നെട്ടോട്ടമോടിയത്. കുഞ്ഞിനെ കണ്ടെത്താനായില്ല. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഉടനെ വിവരമറിയിച്ചു. പൊലീസാകട്ടെ, എല്ലാ സ്റ്റേഷനുകളിലേക്കും വിവരമറിയിച്ചു. ബസ് സ്റ്റാന്‍ഡുകളും റയില്‍വേ സ്റ്റേഷനുകളും തിരഞ്ഞു. കുട്ടിയെ കിട്ടിയില്ല. നേരം ഇരുട്ടി. കുട്ടി എവിടെയാണെന്ന് ഒരു വിവരവുമില്ല.

സമയം സന്ധ്യയോടു അടുത്ത്  കുന്നംകുളം ബൈജു റോഡില്‍ ഒരാള്‍ മദ്യപിച്ച് ആടിയാടി നടക്കുന്നു. പെണ്‍കുട്ടി ഒപ്പം നിലവിളിച്ച് ഇയാള്‍ക്കൊപ്പമുണ്ട്. ഇതു കണ്ട നാട്ടുകാര്‍ക്ക് ഒരു സംശയം. ഇതു ഇയാളുടെ കൊച്ചുതന്നെയാണോ?.. ഇതിനിടെ, കുട്ടി അലറി നിലവിളിക്കുന്നുണ്ട്. കരച്ചില്‍ നിര്‍ത്താന്‍ പറഞ്ഞ് കുട്ടിയുടെ മുഖത്ത് ഇയാള്‍ അടിക്കുന്നുമുണ്ട്. സംശയം തോന്നിയ നാട്ടുകാര്‍ ഉടനെ കുന്നംകുളം എസ്.ഐ: യു.ഷാജഹാനെ വിവരമറിയിച്ചു. എസ്.ഐയും സംഘവും എത്തി രണ്ടു പേരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആദ്യം പറഞ്ഞു സ്വന്തം കുഞ്ഞാണെന്ന്. പിന്നീട് പൊലീസ് ഒന്നു വിരട്ടിയപ്പോള്‍ സത്യം പറഞ്ഞു.

കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നയാള്‍ കൊല്ലം സ്വദേശി വിജയനായിരുന്നു. കുണ്ടറയില്‍ ഒരു ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിതുറന്ന് പണമെടുത്തു. നാട്ടുകാര്‍ അറിഞ്ഞപ്പോള്‍ നാടുവിട്ടു. കുറേവര്‍ഷമായി ഗുരുവായൂരിലും കുന്നംകുളത്തും നടപ്പാതയിലാണ് താമസം. ചിലപ്പോള്‍ കൂലിപ്പണിക്കു പോകും. ചിലദിവസം യാചകനായി നടക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൃശൂര്‍ ജമ്മീസ് കോളനിയില്‍ വിജയന്‍ എത്തിയത് ഉച്ചഭക്ഷണം ചോദിച്ചാണ്. പെണ്‍കുട്ടി താമസിച്ചിരുന്ന വീട്ടുകാര്‍തന്നെയാണ് ഭക്ഷണം നല്‍കിയത്. വയറുനിറയെ ഉണ്ട ശേഷം മടങ്ങാന്‍ തുടങ്ങുമ്പോഴാണ് പെണ്‍കുട്ടി വിളിച്ചു ‘‘മാമാ, മാമാ’’. ‘‘മോള് മാമന്റെ കൂടെ വരുന്നോ’’ വിജയന്റെ ചോദ്യംകേട്ട നാലു വയസുകാരി കാജല്‍ തലകുലുക്കി. അങ്ങനെ, കൂട്ടിയെ കൂടെക്കൂട്ടി നേരെ തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിലേക്ക് വന്നു. കുട്ടി വിജയനൊപ്പം പോകുന്നത് കോളനിക്കാര്‍ ആരും കണ്ടതുമില്ല. കാരണം, നട്ടുച്ചയായതിനാല്‍ പലരും പുറത്തില്ലായിരുന്നു. കുന്നംകുളത്ത് ബസിറങ്ങി. പിന്നെ കൈവശമുണ്ടയാരുന്ന മദ്യം അകത്താക്കി. കുഞ്ഞിനെ ആര്‍ക്കെങ്കിലും വിറ്റ് പണമുണ്ടാക്കാനായിരുന്നു മനസിലിരുപ്പ്. പക്ഷേ, നാട്ടുകാര്‍ കൃത്യസമയത്ത് ഇടപെട്ടതിനാല്‍ കുട്ടിയെ തിരിച്ചു കിട്ടി.

വീട്ടില്‍ യാചകരോ അപരിചതരോ വരുമ്പോള്‍ ജാഗ്രത പാാലിക്കണമെന്ന് പൊലീസ്. ഇല്ലെങ്കില്‍ , തൃശൂര്‍ ജിമ്മീസ് കോളനിയില്‍ സംഭവിച്ചതു പോലെയുണ്ടാകും. മദ്യത്തിന്റേയോ കഞ്ചാവിന്റേയോ ലഹരിയിലാകും ഒരുപക്ഷേ യാചകരെത്തുക. അവര്‍ ഇങ്ങനെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയാല്‍ ഉപദ്രവിക്കും. യാചകസംഘത്തിന് വില്‍ക്കും.