ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യൻ നഗരമായ കസാനിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ 7 വിദ്യാർത്ഥികളും ഒരു അധ്യാപകനും ദാരുണമായി കൊല്ലപ്പെട്ടു. 20 ലധികം പേർക്ക് പരിക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്ക് പറ്റിയതിൽ ഭൂരിഭാഗവും കുട്ടികളാണ്. 19 -കാരനായ പ്രതിയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. തീവ്രവാദി ആക്രമണം ആണെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് ആദ്യം സംശയിച്ചെങ്കിലും ഒരാൾ മാത്രമേ ഉള്ളൂ എന്ന് പിന്നീട് അധികൃതർ സ്ഥിരീകരിച്ചു.

മോസ്കോയിൽ നിന്ന് 820 കിലോമീറ്റർ കിഴക്കുമാറി പ്രധാനമായും മുസ്ലിം റിപ്പബ്ലിക്ക് ആയ ടാറ്റർസ്താനിൽ ആണ് ആക്രമണം നടന്നത്. സംഭവത്തെ കുറിച്ച് വലിയ ദുരന്തം എന്നാണ് പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ പറഞ്ഞത്. രാജ്യത്തെ തോക്ക് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങൾ പുനരവലോകനം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യയിൽ സ്‌കൂളുകളിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ അപൂർവ്വമാണ്.