ലണ്ടന്‍: കുട്ടികളുടെ കായികക്ഷമത വീണ്ടെടുക്കുന്നതിനുള്ള പദ്ധതിയുമായി എജ്യുക്കേഷന്‍ സെക്രട്ടറി. പ്രൈമറി സ്‌കൂള്‍ കുട്ടികളില്‍ കായിക മത്സരങ്ങളോട് താല്‍പ്പര്യം വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 5 മുതല്‍ പത്ത് വയസ് വരെയുള്ള കുട്ടികളിലായിരിക്കും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുക. നാഷണല്‍ ഫുട്‌ബോള്‍, റഗ്ബി എന്നീ അസോസിയേഷനുകള്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കും. ഇരു അസോസിയേഷനുകളുമായി ചേര്‍ന്ന് സ്‌കൂളിലെ പാഠ്യ പദ്ധതിയുടെ ഭാഗമായി തന്നെ കായിക പരിശീലനവും ഉള്‍ക്കൊള്ളിക്കാനാണ് ശ്രമിക്കുകയെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്ദ്‌സ് വ്യക്തമാക്കി.
യു.കെയിലെ പ്രൈമറി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ പൊണ്ണത്തടി സര്‍വ്വ സാധാരണമായി മാറിയിട്ടുണ്ട്. കുട്ടികളിലെ പൊണ്ണത്തടിയന്മാരുടെ എണ്ണത്തില്‍ സമീപ കാലത്ത് റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായത് ആശങ്കയുണ്ടാക്കുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊണ്ണത്തടി മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരുപക്ഷേ കുട്ടികളുടെ ജീവിതകാലം മുഴുവന്‍ നീണ്ടു നിന്നേക്കാം. ഹൃദയ സംബന്ധിയായ രോഗങ്ങള്‍, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയവയൊക്കെ പൊണ്ണത്തടിയുടെ അനുബന്ധം രോഗങ്ങളായി വരാന്‍ സാധ്യതയുള്ളവയാണ്. കുട്ടികളില്‍ കായിക പരിശീലനം നല്‍കുന്നത് വഴി ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
2030ലെ ലോകകപ്പ് ഫുട്‌ബോള്‍ യു.കെയിലെത്തിക്കാനുള്ള സര്‍ക്കാര്‍ തലത്തിലുള്ള ശ്രമങ്ങള്‍ സമീപകാലത്ത് നടന്നിരുന്നു. 2030 വേദി സംബന്ധിച്ച ലേലത്തില്‍ പങ്കെടുക്കാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് തെരേസ മെയ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്‌കൂളുകളില്‍ കായിക മത്സരങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന പദ്ധതിയുമായി എജ്യുക്കേഷന്‍ സെക്രട്ടറിയും രംഗത്ത് വന്നിരിക്കുന്നത്. ടോറി കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ യു.കെയിലെത്തുകയാണെങ്കില്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായിരിക്കും വേദിയൊരുങ്ങുക.
Leave a Reply