ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ കെയറിലുള്ള കുട്ടികളുടെ എണ്ണം 2025 ഓടെ ഒരു ലക്ഷമാകുമെന്ന് ഗവേഷണ റിപ്പോർട്ട്‌. ബക്കിംഗ്ഹാംഷെയറിലെ മാർലോയിൽ നടക്കുന്ന ഓർഗനൈസേഷന്റെ വാർഷിക സമ്മേളനത്തിൽ കൗണ്ടി കൗൺസിൽസ് നെറ്റ്‌വർക്കിന്റെ (സിസിഎൻ) ചെയർമാൻ ടിം ഒലിവർ ഈ പ്രശ്നം അവതരിപ്പിക്കും. പ്രാദേശിക അധികാരികൾ കൈകൊള്ളേണ്ട സുപ്രധാന തീരുമാനമാണ് ഒരു കുട്ടിയെ പരിപാലിക്കുക എന്നത്. ഒരു കുട്ടിയെ ചിൽഡ്രൻസ് ഹോമിൽ പാർപ്പിക്കുന്നതിന് ആഴ്ചയിൽ ശരാശരി 4,000 പൗണ്ടിലധികം ചിലവാകും. ഇത് കൗൺസിലുകളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. എന്നാൽ കുട്ടികളുടെ പരിചരണം ഉൾപ്പെടെയുള്ള മുൻനിര സേവനങ്ങൾ നിലനിർത്തുന്നതിനായി കൗൺസിലുകൾക്ക് 4.8 ബില്യൺ പൗണ്ട് ധനസഹായം നൽകുന്നുണ്ടെന്ന് സർക്കാർ വക്താവ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2015-ൽ 69,000 കുട്ടികളെ കൗൺസിലുകൾ പരിപാലിച്ചു. എന്നാൽ 2020 മാർച്ചിൽ കുട്ടികളുടെ എണ്ണം 80,080 ആയി. ഇനിയുള്ള മൂന്ന് വർഷത്തിനുള്ളിൽ ഇത് 95,000 -ത്തിൽ എത്തുമെന്ന് സിസിഎൻ ഗവേഷണം വ്യക്തമാക്കുന്നു. റസിഡൻഷ്യൽ കെയർ ഹോമുകളിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വർധനവുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. പണം ഉൾപ്പെടെയുള്ള പരിമിതികൾ കാരണം കൗൺസിലുകൾക്ക് കുടുംബങ്ങളുമായി നേരിട്ട് ഇടപെടാൻ സാധിച്ചില്ല. കുട്ടികളെ കെയറിൽ അയക്കുന്നതിനു പകരം കുടുംബങ്ങളെ ഒന്നിച്ചു നിർത്താനാണ് ശ്രമിക്കേണ്ടതെന്ന് ഈസ്റ്റ് സസെക്സ് കൗണ്ടി കൗൺസിലിന്റെ കൺസർവേറ്റീവ് നേതാവുമായ കീത്ത് ഗ്ലേസിയർ അഭിപ്രായപ്പെട്ടു.

കൗൺസിലുകൾ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞുകൊണ്ടാണ് 4.8 ബില്യൺ പൗണ്ട് ധനസഹായം ഉറപ്പാക്കിയതെന്ന് സർക്കാർ വക്താവ് അറിയിച്ചു. കുട്ടികളുടെ സോഷ്യൽ കെയർ ഉൾപ്പടെയുള്ള സേവനങ്ങൾക്കായി പ്രാദേശിക അധികാരികൾക്ക് പണം കൈമാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.