ലണ്ടന്‍: മിനിമം വേതനത്തേക്കാള്‍ കുറവ് ശമ്പളം വാങ്ങിയിരുന്ന 13,000ത്തിലേറെ ആളുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത തെളിയുന്നു. ഇവര്‍ക്ക് നഷ്ടപരിഹാരത്തിനായി 20 ലക്ഷം പൗണ്ട് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ജീവനക്കാര്‍ക്ക് മിനിമം വേതനത്തിലും കുറഞ്ഞ ശമ്പളം നല്‍കുന്ന 233 സ്ഥാപനങ്ങളെ അന്വേഷണത്തില്‍ കണ്ടെത്തി. മിനിമം വേതനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ബാക്കി ശമ്പളം കണക്കുകൂട്ടിയതാണ് ഈ തുക. നിയമലംഘനത്തിന് കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് തൊഴിലുടമകള്‍ക്ക് ഇതിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്ന് ബിസിനസ് മിനിസ്റ്റര്‍ മാര്‍ഗോട്ട് ജെയിംസ് പറഞ്ഞു.

നിയമം അനുശാസിക്കുന്ന മിനിമം വേതനം നല്‍കാത്തതും ജീവനക്കാരരെ അടിക്കടി മാറ്റുന്നതും ഏറ്റവും നന്നായി ജോലി ചെയ്യുന്നവര്‍ക്കു പോലും ശരിയായ ശമ്പളം നല്‍കാത്തതും നിയമവിരുദ്ധമാണെന്നും ജെയിംസ് വ്യക്തമാക്കി. യൂണിഫോമുകള്‍ക്ക് പണം ഈടാക്കുക, ഓവര്‍ടൈമിന് ശമ്പളം നല്‍കാതിരിക്കുക, ജീവനക്കാര്‍ക്ക് അപ്രന്റീസ് നിരക്കുകളില്‍ മാത്രം ശമ്പളം നല്‍കുക തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെയിന്‍സ്ബറിസ് ഏറ്റെടുത്ത ആര്‍ഗോസ് അവരുടെ 12,176 ജീവനക്കാര്‍ക്ക് 1.5 ദശലക്ഷം പൗണ്ട് ശമ്പളയിനത്തില്‍ നല്‍കാതെ പിടിച്ചുവെച്ചതായി കണ്ടെത്തി.

മിനിമം വേതനത്തില്‍ താഴെ ശമ്പളം നല്‍കി ഏറ്റവും വലിയ നിയമലംഘനം നടത്തിയത് ആര്‍ഗോസ് ആണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 37,000 പേര്‍ക്കായിരുന്നു ശമ്പളക്കുടിശിക നല്‍കാനുണ്ടായിരുന്നതെന്നും തുക 2.4 ദശലക്ഷമായിരുന്നെന്നും സെയിന്‍സ്ബറിസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ഏറ്റെടുക്കലിനു ശേഷമാണ് ഈ പ്രശ്‌നം കണ്ടെത്തിയതെന്നും അത് പരിഹരിക്കാനുള്ള നടപടികളിലാണ് കമ്പനിയെന്നും ആര്‍ഗോസിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ റോജേഴ്‌സ് പറഞ്ഞു.