ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: പ്രാഥമിക വിദ്യാലയത്തിലേക്ക് കടക്കുന്ന ഓരോ അഞ്ച് കുട്ടികളിൽ ഒരാൾക്ക് അപകടകരമായ രോഗങ്ങൾക്കെതിരായ ആവശ്യമായ സംരക്ഷണം ലഭിച്ചിട്ടില്ലെന്ന ആശങ്കാജനകമായ റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിൽ കുട്ടികൾക്ക് വീടുകളിലെത്തിച്ച് വാക്സിൻ നൽകുന്ന പദ്ധതി ആരംഭിക്കാനുള്ള പദ്ധതിക്ക് തുടക്കമായി . ജനുവരിയിൽ ആരംഭിക്കുന്ന £2 മില്യൺ മൂല്യമുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഹെൽത്ത് വിസിറ്റർമാർ വീടുതോറും സന്ദർശിച്ച് കുട്ടികൾക്ക് പ്രീതിരോധ കുത്തിവയ്പ്പുകൾ നൽകും.

അഞ്ച് വയസിന് താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങളിൽ പ്രത്യേക പരിശീലനം നേടിയ നേഴ്സുമാരും മിഡ്‌വൈഫുമാരുമാണ് പദ്ധതി നടപ്പിലാക്കുന്നത് . ജിപിയുമായി രജിസ്റ്റർ ചെയ്യാത്തവർ, യാത്രാചെലവ്, ഭാഷാപ്രശ്നങ്ങൾ, കുട്ടികളെ നോക്കാനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയ കാരണങ്ങളാൽ ആശുപത്രികളിലെത്താൻ കഴിയാത്ത കുടുംബങ്ങളെയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. എൻഎച്ച്എസ് രേഖകൾ അടിസ്ഥാനമാക്കി കുട്ടികളെ കണ്ടെത്തുകയും, വാക്സിൻ സുരക്ഷയെ കുറിച്ച് സംശയമുള്ള മാതാപിതാക്കളുമായി സംസാരിക്കാൻ ഹെൽത്ത് വിസിറ്റർമാർക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്യും. ലണ്ടൻ, മിഡ്‌ലാൻഡ്സ്, നോർത്ത് ഈസ്റ്റ്–യോർക്ക്ഷയർ, നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് മേഖലകളിലായി 12 കേന്ദ്രങ്ങളിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. വിജയകരമായാൽ 2027ൽ രാജ്യവ്യാപകമായി നടപ്പാക്കും.

ഇംഗ്ലണ്ടിൽ എംഎംആർ (മീസിൽസ്, മംപ്സ്, റൂബെല്ല) ഉൾപ്പെടെയുള്ള കുട്ടികളുടെ വാക്സിനുകളുടെ സ്വീകരണം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇടിഞ്ഞത്. 2024–25ൽ അഞ്ച് വയസ്സുകാരിൽ വെറും 83.7% പേർക്കാണ് എംഎംആറിന്റെ രണ്ട് ഡോസുകളും ലഭിച്ചത്. ലിവർപൂളിൽ മീസിൽസ് ബാധിച്ച് ഒരു കുട്ടി മരിച്ച സംഭവം അടക്കം വാക്സിനേഷൻ കുറവിന്റെ അപകടഫലങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ, വെള്ളിയാഴ്ച മുതൽ ചിക്കൻപോക്സ് വാക്സിൻ എൻഎച്ച്എസിൽ ഉൾപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എംഎംആർവി എന്ന സംയുക്ത വാക്സിന്റെ ഭാഗമായി ഇത് ജിപി ക്ലിനിക്കുകളിൽ നൽകും. കുട്ടികളെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുന്നതിൽ ഈ നീക്കം നിർണായകമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.











Leave a Reply