ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ ചിൽഡ്രൻസ്‌ കെയർ സിസ്റ്റത്തിന്റെ പ്രവർത്തനം താറുമാറിലെന്ന് റിപ്പോർട്ട്‌. ചൂഷണത്തിൽ നിന്ന് കൗമാരക്കാരെ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന കെയർ സിസ്റ്റം, അവരെ ഗുരുതരമായ അപകടസാധ്യതയിലേക്കാണ് തള്ളിവിടുന്നതെന്ന് കമ്മീഷൻ ഓൺ യങ്ങ് ലൈവ്സ് റിപ്പോർട്ട്‌ പറയുന്നു. സംവിധാനം അടിയന്തിരമായി പരിഷ്കരിക്കുകയാണെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഇംഗ്ലണ്ടിലെ മുൻ ചിൽഡ്രൻസ് കമ്മീഷണർ ആനി ലോംഗ്‌ഫീൽഡിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ ചൂഷണത്തിന് വിധേയരായ കൗമാരക്കാരെ പിന്തുണയ്ക്കുന്നതിനുള്ള സംരക്ഷണം അപര്യാപ്തമാണെന്നും വിവരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അനുയോജ്യമായ താമസ സ്ഥലങ്ങളുടെ അഭാവം, ചൂഷണത്തിന് സാധ്യതയുള്ളവരെ തിരിച്ചറിയുന്നതിൽ സംഭവിക്കുന്ന പരാജയം, ധനസഹായം വെട്ടിക്കുറയ്ക്കൽ എന്നിവ കെയർ സിസ്റ്റത്തെ തകരാറിലാക്കുന്നു. ആരംഭത്തിൽ ചെറിയ കുട്ടികളെ പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച സിസ്റ്റം ഇപ്പോൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

സോഷ്യൽ കെയർ സിസ്റ്റം യുവാക്കളെ വലിയ അപകടത്തിലേക്ക് എത്തിക്കുകയാണെന്ന് ലോംഗ് ഫീൽഡ് വിശദമാക്കി. ദുർബലരായ ചില കൗമാരക്കാരെ അവർ താമസിക്കുന്ന പ്രദേശത്തുനിന്നും ഉയർന്ന കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റിപാർപ്പിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് ക്രിമിനൽ സംഘങ്ങൾക്ക് അവസരം ഒരുക്കുന്നതിന് തുല്യമാണ്. കുട്ടികളുടെ സോഷ്യൽ കെയർ സിസ്റ്റം പുനഃസ്ഥാപിക്കുന്നതിന് നിശ്ചയദാർഢ്യമുള്ള പ്രവർത്തനവും ഫണ്ടിംഗും ആവശ്യമാണെന്ന് ലോംഗ് ഫീൽഡ് കൂട്ടിച്ചേർത്തു.