പ്രൈമറി ക്ലാസുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ കുട്ടികളുടെ മനസിനെ ഐ-പാഡുകള്‍ മന്ദിപ്പിക്കുന്നതായി യു.കെയിലെ ഹെഡ് ടീച്ചേര്‍സ് അസോസിയേഷന്‍ തലവന്‍ ആന്‍ഡ്രൂ മെലര്‍. കുട്ടികള്‍ സ്‌കൂളിലെത്തുന്നതിന് മുന്‍പ് തന്നെ ഐ-പാഡ് മുതലായ ടെക്‌നോളജിയുമായി വളരെ അടുത്ത ഇടപഴകുന്നുണ്ട്. ഇത് കുട്ടികളുടെ മാനസിക വളര്‍ച്ചയേയും ബുദ്ധി വികാസത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് യു.കെയിലെ ഏറ്റവും വലിയ ഹെഡ് ടീച്ചേര്‍സ് അസോസിയേഷനായ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേര്‍സ് തലവന്‍ ആന്‍ഡ്രു മെലര്‍ അഭിപ്രായപ്പെടുന്നു. കുട്ടികളുടെ ആശയവിനിമയ രീതി മുതല്‍ എല്ലാ തരത്തിലും ഐ-പാഡുകളും ഉപയോഗം സ്വാധീനമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.

കുട്ടികളിലുണ്ടാകുന്ന വളരെ നൈസര്‍ഗിഗമായ കഴിവുകളെയാണ് ഐ-പാഡുകള്‍ പ്രതികൂലമായ ബാധിക്കുക. പുസ്തകങ്ങളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കഥകളില്‍ നിന്നും ലഭിക്കുന്ന വളരെ നാച്യുറലായ അറിവുകള്‍ കുട്ടികളുടെ ചിന്താശേഷി, ഭാവന, സര്‍ഗ്ഗ ശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ ഇത്തരം നൈസര്‍ഗിഗത ഐ-പാഡ് ഉപയോഗിക്കുന്നതോടെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മെലര്‍ മുന്നറിയിപ്പ് നല്‍കുന്നു. വണ്‍-ടു-വണ്‍ അറ്റന്‍ഷന്‍ ലഭ്യമാക്കുന്ന ടെക്‌നോളജിയാണ് ഐ-പാഡിന്റേത്. സ്‌കൂളിലെത്തുന്ന കുട്ടികള്‍ ഇതേ ആശയവിനിമയ രീതി ലഭിക്കാതെ വരുമ്പോള്‍ പഠനത്തില്‍ പിന്നോക്കം പോകും. നിരവധി പേര്‍ ഒന്നിച്ചിരിക്കുന്ന ക്ലാസില്‍ വണ്‍-ടു-വണ്‍ അറ്റന്‍ഷന്‍ രീതി സാധ്യമാകില്ല.

പൊതുവെ കുട്ടികള്‍ ബഹളമുണ്ടാക്കാതിരിക്കാനാണ് മക്കള്‍ക്ക് മാതാപിതാക്കള്‍ ഐ-പാഡുകള്‍ നല്‍കുന്നത്. ജോലി സമയത്ത് തങ്ങളെ കുട്ടികള്‍ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള ഒരു മാര്‍ഗം എന്ന രീതിയില്‍ മാത്രമാണ് പലരും ഇതിനെ സമീപിക്കുന്നത് പോലും! എന്നാല്‍ വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളാണ് ഇവയെന്നും മെലര്‍ പറയുന്നു. പുസ്തകങ്ങള്‍ വായിച്ചുള്ള പഠനരീതിയുമായി കുട്ടികള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നതാണ് മറ്റൊരു കാര്യമെന്നും മെലര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളില്‍ പ്രതികൂലമായ ചിന്തകളും ആശയങ്ങളും കടന്നുകൂടാന്‍ കാരണമാകുമെന്നും മെലര്‍ ചൂണ്ടി കാണിച്ചു.