ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
നോട്ടിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇടയലേഖനത്തിലൂടെ നിര്‍ദ്ദേശിച്ചതനുസരിച്ച് ‘2017- 2018 കുട്ടികളുടെ വര്‍ഷം നോട്ടിംഗ്ഹാമില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇടയലേഖനം വിശ്വാസികള്‍ക്കായി വായിച്ചതിനുശേഷം വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വിശ്വാസ പരിശീലന പ്രഥമാധ്യാപകന്‍ ജോര്‍ജ് കുട്ടി തോമസ് ചെറുപറമ്പില്‍ മാതാപിതാക്കളുടെ പ്രതിനിധികളായി ബേബി കുര്യാക്കോസ്, ബിന്‍സി ബേബി, വിദ്യാര്‍ത്ഥി പ്രതിനിധികളായി റിയ ജയിംസ്, ആബേല്‍ പ്രസാദ് എന്നിവര്‍ തിരി തെളിയിച്ചു. ദൈവിക ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനാ ഗാനാലാപനത്തോടെയാണ് തിരി തെളിയിക്കപ്പെട്ടത്.
തന്റെ മൂന്നാമത്തെ ഇടയലേഖനത്തില്‍, രൂപതയുടെ അജപാലന പഞ്ചവത്സര പദ്ധതിയിലെ ആദ്യ വര്‍ഷത്തില്‍ ശ്രദ്ധ പതിപ്പിക്കുന്ന കുട്ടികളുടെ വിശ്വാസ പരിശീലനത്തെയും ആത്മീയ രൂപീകരണത്തെയും കുറിച്ചാണ് പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്. വിശ്വാസ പരിശീലനം വിശ്വാസ സമൂഹത്തിന്റെ മുഴുവന്‍ കൂട്ടായ ഉത്തരവാദിത്വമാണെന്ന് ഇടയലേഖനത്തില്‍ എടുത്തു പറഞ്ഞിരിക്കുന്നു. വി. കുര്‍ബാനയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും വികാരി ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വിശ്വാസ പരിശീലകര്‍, വിമന്‍സ് ഫോറം പ്രതിനിധികള്‍ വാര്‍ഡ് ലീഡേഴ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളിലും വരുന്ന ആഴ്ചകളായി കുട്ടികളുടെ വര്‍ഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും. തുടര്‍ന്നു വരുന്ന വര്‍ഷങ്ങളില്‍ യുവജനങ്ങള്‍, ദമ്പതികള്‍, കുടുംബങ്ങള്‍, ഇടവക കൂട്ടായ്മകള്‍ എന്നീ ഓരോ വിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും അജപാലന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്. നവംബര്‍ 20 മുതല്‍ 22 വരെ മിഡ്വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ വച്ചുനടന്ന രൂപതാ പ്രതിനിധി സമ്മേളനത്തിലും ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.
Leave a Reply