ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

വാല്‍സിംഹാം: കാത്തുകാത്തിരുന്ന ദിവസത്തിലേക്ക് ഇനി ഒരു പകലിന്റെ ദൂരം മാത്രം. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപരാജ്യങ്ങളില്‍ നിന്നും മലയാളി ക്രൈസ്തവര്‍ ഒരുമിച്ചു കൂടുന്ന പ്രസിദ്ധമായ വാല്‍സിംഹാം തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. തിരുനാളില്‍ പ്രസുദേന്തിമാരാല്‍ നേതൃത്വം നല്‍കുന്ന സഡ്ബറി കമ്യൂണിറ്റിയും മറ്റ് വിവിധ കമ്മിറ്റികളും രക്ഷാധികാരി മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും ജനറല്‍ കണ്‍വീനര്‍ റവ ഫാ.ടെറിന്‍ മുള്ളക്കരയുടെയും നേതൃത്വത്തില്‍ തയ്യാറായിക്കഴിഞ്ഞു. നാളെ രാവിലെ 9 മണിക്ക് ഫാ.സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രീസും നേതൃത്വം നല്‍കുന്ന മരിയന്‍ ധ്യാനചിന്തകളോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ ഉച്ച കഴിഞ്ഞ് 3.30ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികനാകുന്ന ദിവ്യബലിയോടെയാണ് സമാപിക്കുന്നത്.

വിവിധ സ്ഥലങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരായി എത്തുന്ന വൈദികരുടെയും വിശ്വാസികളുടെയും ശ്രദ്ധയിലേക്ക് ചില സുപ്രധാന കാര്യങ്ങള്‍ സംഘാടക സമിതി ഓര്‍മിപ്പിക്കുന്നു. തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്ന വൈദികല്‍ അവരവരുടെ കുര്‍ബാനക്കുപ്പായം കൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ടതാണ്. കോച്ചുകളില്‍ വരുന്നവര്‍ പ്രദക്ഷിണത്തിന് ഉപയോഗിക്കേണ്ട മുത്തുക്കുടകള്‍ പൊന്‍ വെള്ളിക്കുരിശുകള്‍, മെഗാഫോണുകള്‍, ബാനറുകള്‍, കൊടിതോരണങ്ങ മുതലായവ കരുതേണ്ടതാണ്. വി.കുര്‍ബാനയില്‍ സജിവമായി പങ്കു ചേരാന്‍ അതാത് സമൂഹങ്ങളില്‍ നിന്നും കുര്‍ബാന പുസ്തകവും കൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ടതാണ്. തിരുക്കര്‍മ്മങ്ങളുടെ സമയക്രമീകരണങ്ങള്‍, വാല്‍സിംഹാമിലേക്ക് വരാനും തിരിച്ചു പോകാനുമുള്ള റൂട്ടുകളുടെ ക്രമീകരണങ്ങള്‍ അടങ്ങിയ മാപ്പുകള്‍ തുടങ്ങിയവ ചുവടെ ചേര്‍ത്തിരിക്കുന്നു. ഈ അനുഗ്രഹീത ദിനത്തിലേക്ക് വാല്‍സിംഹാം മാതാവിന്റെ തിരുസന്നിധിയിലേക്കും എല്ലാ ക്രൈസ്തവ വിശ്വാസികളെയും പ്രാര്‍ത്ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നു.