സ്വന്തം ലേഖകൻ
മരണ വൈറസ് പൊട്ടി പുറപ്പെട്ടപ്പോൾ പ്രതിരോധിക്കാൻ പരാജയപ്പെട്ട് ചൈന. ചൈനയുടെ എമർജൻസി മാനേജ്‍മെന്റ് സിസ്റ്റം വികസിപ്പിക്കണമായിരുന്നു എന്ന അപൂർവമായ കുറ്റസമ്മതം ഇപ്പോൾ നടത്തിയിരിക്കുന്നത് പോളിറ്ബ്യൂറോ സ്റ്റാന്റിംഗ് കമ്മിറ്റി ആണ്. വൈറസ് ഉത്ഭവിച്ചിരിക്കാം എന്ന് കരുതപ്പെടുന്ന അനധികൃത വനവിഭവ കച്ചവടകേന്ദ്രങ്ങൾ അടിയന്തരമായി പൂട്ടിക്കാനും തീരുമാനമായി. ഇരുപത്തിനായിരത്തിനു മുകളിൽ കേസുകൾ ഇപ്പോൾ തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. മരണസംഖ്യ വീണ്ടുമുയർന്നു 425 ആയി.
ആരോഗ്യ രംഗത്ത് നിലവിലുള്ള കുറവുകളും പ്രശ്നങ്ങളും മനസിലാക്കുന്നു, ഉടനെ അത് നേരിടാനുള്ള നടപടികൾ ഉണ്ടാകും തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ പറയുന്നു. നാഷണൽ എമർജൻസി മാനേജ്‍മെന്റ് സിസ്റ്റം കൂടുതൽ കാര്യക്ഷമമാക്കണം. തുടക്കത്തിൽ തന്നെ വൈറസിനെ നേരിടുന്നതിൽ രാജ്യത്തിനു പിഴവ് പറ്റി, എന്നിങ്ങനെയാണ് റിപോർട്ട് പറയുന്നത്. ആദ്യം മുതൽ തന്നെ വാർത്ത രഹസ്യമായി സൂക്ഷിക്കാൻ അധികൃതർ ശ്രദ്ധിച്ചിരുന്നു. വുഹാനിലെ ഒരു ഡോക്ടർ സഹപ്രവർത്തകരോട് വിഷയത്തിന്റെ തീവ്രത ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ, വ്യാജവാർത്ത സൃഷ്ടിച്ചു തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പോലീസിൽ പരാതി വന്നിരുന്നു . പനിയോടും വരണ്ട ചുമയോടും തുടങ്ങുന്ന രോഗത്തിന്റെ മരണനിരക്ക് താരതമ്യേന കുറവാണെന്നാണ് കണ്ടെത്തൽ.
20ഓളം രാജ്യങ്ങളിൽ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. 150ഓളം കേസുകൾ നിലവിൽ ഉണ്ട്. ഫിലിപ്പൈൻസ്ൽ ഒരാൾ മരിച്ചു. ചൈനയിലെ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് രാജ്യങ്ങളെല്ലാം പൗരന്മാരെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അങ്ങനെ വന്നവരെ 14 ദിവസം നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. വുഹാനിലെ 75000ത്തോളം പേർക്ക് വൈറസ് ബാധ ബാധിച്ചിരിക്കാൻ ആണ് സാധ്യത. പ്രദേശം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.
Leave a Reply