ടേബിൾ ടെന്നീസ് പന്തുകൾ, ഷട്ടിൽകോക്കുകൾ, ബാഡ്മിന്റൺ, ടെന്നീസ് റാക്കറ്റുകൾ, റെസലിങ് മാറ്റുകൾ, ജാവലിൻ, ഹൈജമ്പ് ബാറുകൾ, ബോക്സിങ് ഹെഡ്ഗാർഡുകൾ, മൗണ്ടൻ ക്ലൈംബിങ് ആക്സസറീസ്, ജിം ഉപകരണങ്ങൾ, സ്പോർട്സ് വസ്ത്രങ്ങൾ – ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കായിക ഉപകരണങ്ങളുടെ പട്ടിക നീളുന്നു.
എന്നാൽ ഇപ്പോൾ, ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയില്‍ ചൈനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. ചൈനീസ് ഉൽപന്നങ്ങളും ഉപകരണങ്ങളും ആപ്പുകളുമൊക്കെ ഇന്ത്യയില്‍ വിലക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം. ഇത് ഇന്ത്യയിലെ കായിക താരങ്ങളെ കൂടുതൽ സങ്കീർണതയിലാക്കിയിരിക്കുകയാണ്. കാരണം, 2018-2019 ലെ വാണിജ്യ വകുപ്പിന്റെ ഡാറ്റ പ്രകാരം ഇന്ത്യയുടെ കായിക ഉപകരണ ഇറക്കുമതിയുടെ പകുതിയിലധികം ചൈനയിൽ നിന്നുള്ളതാണ്.
“അവർക്ക് കായിക വിപണിയിൽ 50 ശതമാനത്തിലധികം ഓഹരിയുണ്ട്,” ആഭ്യന്തര നിർമാണ കമ്പനിയായ വാട്‌സ് മാനേജിങ് ഡയറക്ടർ ലോകേഷ് വാട്‌സ് പറയുന്നു. നാം ‘വോക്കൽ ഫോർ ലോക്കൽ’ എന്ന് പറയുന്നു. എന്നാൽ പതിറ്റാണ്ടുകളായുള്ള സർക്കാർ നയങ്ങൾ, ചൈനീസ് ഉൽപ്പന്നങ്ങൾ നമ്മുടെ വിപണികളെ പൂർണ്ണമായും കൈയടക്കാൻ കാരണമായി.”
റാക്കറ്റുകളെയും ടേബിളുകളെയും സംബന്ധിച്ചിടത്തോളം ഇന്ത്യ സ്വാശ്രയമാണെന്ന് ടേബിൾ ടെന്നീസ് താരം സത്യൻ ജ്ഞാനശേഖരൻ പറയുന്നു, എന്നാൽ പന്തുകൾ നിർമ്മിക്കുന്നതിൽ ചൈന ഒരു കുത്തക പോലെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾക്ക് പുറമെ എല്ലാ ലോക ടൂർ പരിപാടികൾക്കും ഷാങ്ഹായ് ഡബിൾ ഹാപ്പിനെസ് (ഡിഎച്ച്എസ്) പന്തുകൾ വിതരണം ചെയ്യുന്നതായി അദ്ദേഹം പറയുന്നു. “എല്ലാ ഇന്ത്യൻ കളിക്കാരും ഒരേ സെറ്റ് പന്തുകളിലാണ് പരിശീലനം നടത്തുന്നത്. മറ്റ് തലങ്ങളിൽ, വ്യത്യസ്ത ബ്രാൻഡ് നാമങ്ങളുള്ള പന്തുകൾ നിങ്ങൾക്ക് കാണാം. നിങ്ങൾ സ്റ്റിഗ (സ്വീഡൻ) അല്ലെങ്കിൽ സ്റ്റാഗ് (ഇന്ത്യ) എന്നിവയിൽ നിന്ന് ഒരു സെറ്റ് വാങ്ങിയാലും അത് ചൈനയിലാണ് നിർമ്മിക്കുന്നത്,” ജ്ഞാനശേഖരൻ പറയുന്നു.
മറ്റ് ധാരാളം ബ്രാൻഡുകൾക്കും സമാനമായ അവസ്ഥയാണ്. ഇന്ത്യന്‍ ബോക്സര്‍മാരുടെ ജനപ്രിയ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഓസ്ട്രേലിയയുടെ സ്റ്റിങ് എന്നും എന്നാല്‍ ഇവ നിര്‍മ്മിക്കുന്നത് ചൈനയിലാണെന്നുമാണ് ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ജേ കൗലി പറയുന്നത്.
അതേസമയം, ആഭ്യന്തര തലത്തിൽ ഇന്ത്യയിൽ നിർമ്മിച്ച ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്ന് കൗലി നിർദേശിക്കുന്നു. ബോക്സിങ് ഉപകരണങ്ങളുടെ ശക്തമായ നിർമ്മാണ അടിത്തറ ഇന്ത്യയിലുണ്ട്. എന്നിരുന്നാലും, അവർക്ക് ഇന്ത്യയിൽ മതിയായ ബിസിനസ്സ് ഉള്ളതിനാൽ, അവർ രാജ്യാന്തര ഫെഡറേഷന്റെ സർട്ടിഫിക്കേഷൻ പ്രക്രിയയിലൂടെ കടന്നുപോയിട്ടില്ല. അതിനാൽ എലൈറ്റ് പരിശീലന കേന്ദ്രങ്ങൾക്കും മികച്ച ബോക്സർമാർക്കും നാം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യണം, ”അദ്ദേഹം പറയുന്നു.
2018-19 ലെ കണക്കു പ്രകാരം ഏകദേശം 3 കോടി രൂപയുടെ ബോക്‌സിങ് ഉപകരണങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതില്‍ ചൈനയില്‍ നിന്ന് ഉറക്കുമതി ചെയ്തത് 1.38 കോടി രൂപയ്ക്കാണ്.
ഉൽപ്പാദന കേന്ദ്രമായ ജലന്ധറിലെ സ്‌പോർട്‌സ് ആൻഡ് ടോയ്‌സ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷനിലെ അംഗമായ പ്രാൻ നാഥ് ചദ്ദ പറയുന്നു, ചൈനീസ് നിർമ്മാതാക്കൾ “മാറ്റുകളും മറ്റ് സംരക്ഷണ ഉപകരണങ്ങളും പോലുള്ള കായിക വസ്‌തുക്കളുടെ പ്രധാന കയറ്റുമതിക്കാരാണ്.”
സ്‌പോര്‍ട്‌സ് വിപണികള്‍ വലിയോതോതില്‍ തന്നെ ചൈനയെ ആശ്രയിക്കുന്നത് കൊണ്ട് പറയുന്നപോലെ അത്ര എളുപ്പമാകില്ല ചൈനീസ് ഉൽപന്നങ്ങളും ഉപകരണങ്ങളും വിലക്കാനുള്ള തീരുമാനം.
Leave a Reply