സിൻജിയാങ് ∙ ചൈനയുടെ അതിവേഗം പലപ്പോഴും ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. അവയവ മാറ്റത്തിനായി മാസങ്ങളും വർഷങ്ങളും കാത്തിരിക്കേണ്ടി വരുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ അമ്പരപ്പിക്കുകയാണു ചൈന. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ തന്നെ അവയവമാറ്റം കഴിഞ്ഞ് ചൈനീസ് ആശുപത്രികളിൽ ആരോഗ്യം വീണ്ടെടുക്കാം എന്നു കേട്ടപ്പോൾ വിദേശ രാജ്യങ്ങൾ വരെ മൂക്കത്തു വിരൽവച്ചു. ആരോഗ്യരംഗത്തെ ‘ഈ വളർച്ച’ പക്ഷെ ചൈനയുടെ ഇരുണ്ട ഇടങ്ങളിലേക്കുള്ള വിരൽ ചൂണ്ടലാണ്. കോടികൾ കിലുങ്ങുന്ന അവയവ കച്ചവടം ചൈനയിൽ തഴച്ചു വളരുകയാണ്, ഒപ്പം അവയവങ്ങൾക്കായി ജീവൻ നഷ്ടപ്പെടുന്ന നിരപരാധികളുടെയും!

ചൈനയിൽ തടവുകാരിൽനിന്നു വ്യാപകമായി അവയവങ്ങൾ നീക്കം ചെയ്യുന്നതായും വിൽപനയ്ക്കായി നിരവധി തടവുകാരെ െകാലപ്പെടുത്തുന്നതായും സ്വീഡിഷ് മനുഷ്യാവകാശ സംഘടനയുടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ പുറത്തുവന്നു. ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫോർമേഷൻ ഓൺ ദ ക്രൈം ഓഫ് കമ്യൂണിസം എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട ഗവേഷണ റിപ്പോർട്ടിലാണു ഗുരുതരമായ പരമാർശങ്ങൾ ഉള്ളത്. വധശിക്ഷയ്ക്കു വിധേയരാക്കിയ തടവുകാരുടെ അവയവങ്ങള്‍ നിർബന്ധിച്ചു ദാനം ചെയ്യിക്കുന്നത് അവസാനിപ്പിച്ചുവെന്ന് 2014ൽ രാജ്യാന്തര വേദികളിൽ ചൈന അവകാശപ്പെട്ടിരുന്നു.

യുഎസ്, യുകെ, സ്വിറ്റ്‌സർലൻഡ് രാജ്യങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളെ കൂട്ടുപിടിച്ചാണു ചൈനയുടെ നരഹത്യയെന്നു റിപ്പോർട്ടിൽ പറയുന്നു. ന്യൂനപക്ഷങ്ങളെയും രാഷ്ട്രീയ തടവുകാരെയും വൻതോതിൽ അവയവമാറ്റത്തിനായി ചൈന െകാലപ്പെടുത്തുന്നതായി കാലങ്ങളായി ഉയരുന്ന ആരോപണമാണ്. 1999 മുതൽ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കൂട്ടത്തോടെ വംശഹത്യയ്ക്കു വിധേയരാക്കുന്ന ഫാലുന്‍ ഗോങ് അനുയായികൾ, രാഷ്ട്രീയ തടവുകാർ, ഉയിഗുർ, കസഖ് വംശജർ തുടങ്ങിയ ന്യൂനപക്ഷങ്ങളും ഈ ഗണത്തിൽപെടുന്നതായി സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.

യുഎസിൽ നിന്നുള്ള രാജ്യാന്തര കമ്പനി പിഫ്സർ, ബ്രിട്ടനിൽ നിന്നുള്ള ഓർഗൻഓക്സ്, സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള റോഷെ തുടങ്ങിയ കമ്പനികളെ കുറിച്ചു ഗവേഷണ റിപ്പോർട്ടിൽ വ്യക്തമായ പരാമർശമുണ്ട്. നിരപരാധികളെയും ന്യൂനപക്ഷങ്ങളെയും അവയമാറ്റത്തിനായി െകാലപ്പെടുത്തുത്തുന്നുവെന്ന ചൈന ട്രിബ്യൂണലിന്റെ കണ്ടെത്തലിനെ ഗവേഷണ റിപ്പോർട്ട് പിന്താങ്ങുന്നു. ചൈനയിലെ അവയവ കച്ചവടത്തിനായി ഉപയോഗിക്കുന്നത് വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അത്യാധുനിക ഉപകരണങ്ങളാണ്. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉത്പന്നങ്ങൾ പരീക്ഷിക്കുന്നത് തടവുകാരിലാണ്.

ചൈനയുടെ വിവിധ പ്രദേശങ്ങളിലായി 15 ലക്ഷത്തോളം ആളുകളാണു യുദ്ധതടവുകാരായി കിടക്കുന്നതെന്നാണ് ഔദ്യോഗിക കണക്കുകൾ. അവയവമാറ്റത്തിലെ പ്രധാന കണ്ണികൾ ഈ വിദേശ കമ്പനികളാണ്. ഇവരില്ലാതെ ചൈനയ്ക്ക് ഈ കച്ചവടത്തിൽ നിലനിൽപ്പില്ല. കമ്പനിയുമായി ബന്ധപ്പെട്ട ഡോക്ടർമാരും മറ്റു ജീവനക്കാരും അറിഞ്ഞോ അറിയാതെയോ ഈ ക്രൂരകൃത്യത്തിൽ പങ്കാളിയാകുന്നു. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി യുഎസ്, കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങി ഇരുപതോളം രാജ്യങ്ങളിൽ നിന്ന് ചൈനയിലേക്ക് രോഗികൾ എത്തുന്നുണ്ട്. യുഎസിൽ അവയവമാറ്റത്തിനായി കാത്തിരുന്ന 76 രോഗികളാണു ചൈനയിൽ 2000 മുതൽ 2006 വരെയുള്ള കാലഘട്ടത്തിൽ ശസ്ത്രക്രിയയ്ക്കു വിധേയരായത്.

വിദേശികളെ ആകർഷിക്കുന്ന ഘടകം

അവയവ മാറ്റത്തിനായി ചൈനയിലെ ആശുപത്രികളില്‍ കാത്തിരിക്കേണ്ട സമയം വെറും രണ്ടാഴ്ച മാത്രമാണ്. വിദേശരാജ്യങ്ങളിൽ നിന്നും പോലും രോഗികളെ കൂട്ടത്തോടെ ചൈനയിലേക്കു ആകർഷിക്കുന്ന ഘടകമാണിത്. ചൈനയില്‍ അവയവം മാറ്റിവയ്ക്കുക എന്നത് ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ നടക്കുന്ന നിസാരകാര്യമാണത്രെ. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെയാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്താനാകുകയെന്ന ചോദ്യം ഉയരുന്നുണ്ട്. ചൈനയിൽ അവയവമാറ്റം കോടികൾ കിലുങ്ങുന്ന കച്ചവടമാണ്. വിദേശികളിൽ നിന്നും ചൈന ഇത്തരത്തിൽ അവയവങ്ങൾ നീക്കം ചെയ്തിരുന്നതായും സൂചനയുണ്ട്.

അവയവമാറ്റത്തിനായി തടവുകാരെ വ്യാപകമായി കൊല്ലുന്നുവെന്നു സ്വതന്ത്ര അന്വേഷണ കമ്മിഷനും കണ്ടെത്തി. വർഷങ്ങളായി നിർബന്ധിത അവയവ നീക്കംചെയ്യല്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന ആരോപണത്തിന് വിശദീകരണം നൽകാൻ ചൈന വിസമ്മതിച്ചു. കഴിഞ്ഞ ഡിസംബറിലും ഏപ്രിലിലും മനുഷ്യാവകാശ സംഘടനകളില്‍ നിന്നും ആരോഗ്യ വിദഗ്ധരില്‍ നിന്നുമെല്ലാം അന്വേഷണ കമ്മിറ്റി വിവരങ്ങള്‍ ശേഖരിച്ചു. ചൈനയിൽ അനധികൃതമായി ഒന്നും തന്നെ നടക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നു എന്നുമാണു ഭരണകൂടത്തിന്റെ വിശദീകരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചൈനയുടെ കണക്കനുസരിച്ച് വർഷത്തിൽ 10,000 അവയവമാറ്റ ശസ്ത്രക്രിയയാണു രാജ്യത്തു നടക്കുന്നത്. എന്നാൽ സന്നദ്ധ സംഘടനകളുടെ കണക്കനുസരിച്ച് അത് 60,000 മുതൽ ഒരു ലക്ഷം വരെയാണ്. ചൈനീസ് സർക്കാരിന്റെ കണക്കുപ്രകാരം നൂറോളം ആശുപത്രികൾക്കാണ് അവയവമാറ്റ ശസ്ത്രക്രിയക്ക് അനുവാദം ഉള്ളത്. എന്നാൽ  712 ആശുപത്രികളിലാണ് ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നതെന്നു ലോകാരോഗ്യ സംഘടന പറയുന്നു.

∙ സിൻജിയാങ്ങിലെ നിഗൂഢ തടങ്കൽകേന്ദ്രം

പശ്ചിമ ചൈനയിലെ സംഘര്‍ഷ മേഖലയായ സിന്‍ജിയാങ് പ്രവിശ്യയിലെ 10 ലക്ഷത്തിലേറെ മുസ്‌ലിംകളെ തടങ്കല്‍കേന്ദ്രത്തില്‍ പാര്‍പ്പിച്ചുവെന്ന് തെളിയിക്കുന്ന രഹസ്യരേഖ രാജ്യാന്തര മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ‘തീവ്രവാദ’ ആശയങ്ങളുടെ സ്വാധീനത്തില്‍നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരെ കഠിന നിയന്ത്രണങ്ങളുള്ള തടങ്കല്‍പ്പാളയങ്ങളില്‍ പാര്‍പ്പിച്ചിട്ടുള്ളത്. സിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗുര്‍, കസഖ് വംശജരായ മുസ്‌ലിംകള്‍ എന്നിവരെയാണ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനാവാത്ത വിധം തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളത്.

ചൈനയിലെ ലക്ഷക്കണക്കിനു മുസ്‌ലിംകളും സർക്കാരിന്റെ കൊടുംപീഡനങ്ങൾക്കു വിധേയരാവുകയാണെന്ന ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെയും മറ്റു സ്വതന്ത്ര സന്നദ്ധ സംഘടനകളുടെയും റിപ്പോർട്ടിനു പിന്നാലെയാണ് ഈ ഗവേഷണ റിപ്പോർട്ടും പുറത്തു വന്നത്. നികുതി വെട്ടിപ്പ്, കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെ പല കുറ്റങ്ങൾക്കും വധശിക്ഷ നൽകാറുണ്ട്. ചൈനയിലാണ് ഓരോ വർഷവും ഏറ്റവും കൂടുതൽ ആൾക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നവരിൽ നിന്നാണ് കൂടുതലായും അവയവങ്ങൾ നീക്കം ചെയ്യുന്നത്.

ചൈനയിലെ തടങ്കൽ പാളയങ്ങളിൽ നിന്നു പുറത്തുവന്ന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർ ചൈനീസ് സുരക്ഷാസേനയുടെ ക്രൂരമായ ചോദ്യം ചെയ്യലിന്റെയും ആളുകളെ കുത്തിനിറച്ച ക്യാംപുകളിലെ നരകയാതനയുടെയും വിവരങ്ങൾ വിദേശ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തിയത് ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഉയിഗുറുകൾക്കു പുറമേ വിഗേറുകൾ, ടർകിക്ക് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു പേരെ ചൈന ‘കോൺസൻട്രേഷൻ ക്യാംപു’കളിൽ അടച്ചിരിക്കുകയാണ്. തടവിലായ ന്യൂനപക്ഷ  വിഭാഗക്കാരെ കുറിച്ചുള്ള വിവരങ്ങൾ സാധാരണ പുറത്തു വരാറില്ലെന്ന പതിവിനും മാറ്റമുണ്ടായി.

ഔദ്യോഗികമായി രേഖപ്പെടുത്തിയ അറസ്റ്റിന്റെ കാര്യത്തിൽ കാര്യമായാണു വർധന ഉണ്ടായത്. രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 2,30,000 പേരെയാണ് 2017–2018 കാലഘട്ടത്തിൽ പ്രാദേശിക കോടതി ശിക്ഷിച്ചത്. കൊടിയ പീഡന പരമ്പരകളാണ് ജയിലുകളിൽ തടവുകാരെ കാത്തിരിക്കുന്നത്. രാജ്യാന്തര സമൂഹത്തെ ബോധ്യപ്പെടുത്താൻ ചൈന അപൂർവമായി മാധ്യമപ്രവർത്തകർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും സിൻജിയാങ്ങിൽ സന്ദർശനം അനുവദിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ മനുഷ്യാവകാശ ലംഘനം ശ്രദ്ധയിൽപെടാതിരിക്കാൻ കനത്ത ജാഗ്രതയും പുലർത്തും.

ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനെസ്റ്റി ഇന്റർനാഷനൽ തുടങ്ങിയ രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ നടത്തിയ അന്വേഷണങ്ങളാണ് സിൻജിയാങ് പൊലീസ് സ്റ്റേറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു കൊണ്ടു വന്നത്. കുട്ടികൾക്കായി ഇവിടെ പ്രത്യേക ക്യാംപുകളുണ്ട്. കുട്ടികളെ അവരുടെ മാതാപിതാക്കളിൽനിന്ന് ചെറുപ്പത്തിലെ തട്ടിയെടുക്കുന്ന രീതിയാണുള്ളത്. ക്യാംപുകളിലേക്കെന്നു പറഞ്ഞു പിടിച്ചുകൊണ്ടുപോയ പലരെയും പിന്നീടു കാണാതായിട്ടുണ്ട്. സിൻജിയാങ്ങിൽ 92 ശതമാനവും ഹാൻ വിഭാഗക്കാരാണ്.

തുർക്കി വംശജരെന്ന് അവകാശപ്പെടുന്ന ഉയിഗുറുകൾ ന്യൂനപക്ഷമാണ്. സ്വന്തം പാരമ്പര്യത്തെയും മതവിശ്വാസത്തെയും തള്ളിപ്പറഞ്ഞ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അപദാനങ്ങൾ വർണിക്കുന്നവർ മാത്രമാണ് കൊടിയ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുക. പാർട്ടിയുടെ തലവനും രാജ്യത്തിന്റെ പ്രസിഡന്റുമായ ഷി ചിൻപിങ്ങിന്റെ മഹത്വം പാടിപ്പുകഴ്ത്തുക എന്നതാണു പുനർവിദ്യാഭാസം എന്ന പേരിൽ നടക്കുന്നത്. നിശ്ചിത സമയത്തിനകം ഇക്കാര്യത്തിൽ വേണ്ടത്ര പുരോഗതി കൈവരിക്കാത്തവർക്കു കഠിന ശിക്ഷ അനുഭവിക്കേണ്ടിവരുന്നു. എന്തായാലും ഏകദേശം 7105 കോടി രൂപയാണ് (ഒരു ബില്യൻ ഡോളർ) അവയവ കച്ചവടത്തിലൂടെ പ്രതിവർഷം ചൈന നേടുന്നതെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.