ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ എല്ലാ പൗരന്മാരുടെയും വ്യക്തിഗത വിവരങ്ങളും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ഡേറ്റകളും ചൈനീസ് ഹാക്കർമാർ മോഷ്ടിച്ചെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു . പ്രമുഖ ബ്രിട്ടീഷ് പത്രങ്ങളായ ‘ദി ടൈംസും’ ‘ദി സൺഡേ ടൈംസും’ ചേർന്നാണ് ഈ വെളിപ്പെടുത്തൽ നടത്തിയത് . വർഷങ്ങളായി നടപ്പിലാക്കിയ പദ്ധതിപ്രകാരം ആണ് ലക്ഷക്കണക്കിന് പൗരന്മാരുടെ ബാങ്ക് വിവരങ്ങൾ, ആരോഗ്യ രേഖകൾ, ജോലി വിവരങ്ങൾ, തെരഞ്ഞെടുപ്പ് ഡേറ്റാ തുടങ്ങി അനവധി രഹസ്യ വിവരങ്ങൾ സൈബർ ആക്രമണത്തിലൂടെ ചോർത്തിയതായി ആണ് കണ്ടെത്തിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദേശീയ സുരക്ഷാ ഏജൻസികൾ ഈ സംഭവത്തിന്റെ വ്യാപ്തി പരിശോധിച്ചുവരുകയാണ് . ‘സ്നോ ഫ്ലെക്ക്’ എന്ന ഡേറ്റാ പ്ലാറ്റ്ഫോം വഴി ഹാക്കർമാർക്ക് വിപുലമായ സർക്കാർ സംവിധാനങ്ങളിലേക്ക് കയറി ചെല്ലാനായതായാണ് സൂചന. പ്രധാനമന്ത്രി കിയർ സ്റ്റാർമറിന്റെ ഓഫീസ് അടക്കമുള്ള ഉന്നത തലങ്ങളിൽ നടത്തിയ അടിയന്തിര യോഗങ്ങൾ ഈ വിഷയത്തെ ദേശീയ സുരക്ഷാ ഭീഷണിയായി വിലയിരുത്തിയതായി റിപ്പോർട്ട് പറയുന്നു. ഇപ്പോൾ ഡേറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട സാങ്കേതിക തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

ചൈന ഈ വിവരങ്ങൾ ഉടൻ തന്നെ ഉപയോഗിക്കാൻ ലക്ഷ്യമിടുന്നില്ലെന്നും, ഭാവിയിൽ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാൻ അല്ലെങ്കിൽ സൈബർ യുദ്ധ തന്ത്രങ്ങൾക്ക് ആധാരമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് . ഇത് സാധാരണമായ ഡേറ്റാ മോഷണമല്ല, മറിച്ച് ഭാവിയിലേക്കുള്ള രഹസ്യായുധം സമാഹരിക്കുന്ന നീക്കമാണെന്നാണ് വിലയിരുത്തപെടുന്നത് . ബ്രിട്ടൻ സർക്കാർ ഇതിനെതിരെ ശക്തമായ നടപടികൾ ആലോചിക്കുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.