ബ്രെക്‌സിറ്റ് ഡീലില്‍ പാര്‍ലമെന്റില്‍ രണ്ടാം തവണയുണ്ടാകാമായിരുന്ന പരാജയത്തില്‍ നിന്ന് തെരേസ മേയ്ക്ക് മോചനം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബാക്ക്‌സ്‌റ്റോപ്പ് വിഷയത്തില്‍ ബ്രസല്‍സുമായി വീണ്ടും ചര്‍ച്ച നടത്താമെന്ന മേയുടെ നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു. ഉടമ്പടി പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി രണ്ടാമത് എത്തിയപ്പോളാണ് എംപിമാര്‍ അനുകൂലിച്ച് വോട്ടു ചെയതത്. കോമണ്‍സ് അംഗീകാരം നേടിയെങ്കിലും ഒരിക്കല്‍ അംഗീകരിച്ച ഉടമ്പടിയില്‍ മാറ്റങ്ങളുമായി യൂറോപ്യന്‍ നേതാക്കളെ സമീപിക്കുന്നത് മേയ്ക്ക് കനത്ത ജോലിയായിരിക്കും. 19 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ കരാര്‍ തയ്യാറാക്കിയത്. ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ ഇനിയൊരു ചര്‍ച്ചക്ക് തയ്യാറല്ലെന്നാണ് മുതിര്‍ന്ന യൂറോപ്യന്‍ നേതാക്കള്‍ പ്രതികരിക്കുന്നത്.

ഈ നിലപാട് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനുമിടയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രെക്‌സിറ്റ് നടപടികളില്‍ നിയന്ത്രണത്തിന് പാര്‍ലമെന്റ് അംഗങ്ങള്‍ നടത്തിയ ശ്രമത്തിന് ഏകദേശം കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം തന്നെയാണ് ബ്രസല്‍സുമായി വീണ്ടും ചര്‍ച്ച നടത്താന്‍ മേയ്ക്ക് അനുമതി ലഭിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റിനെതിരായ റിബല്‍ എംപിമാരുടെയുള്‍പ്പെടെയുള്ള വികാരം പ്രതിഫലിക്കുന്നതാണ് ഈ ഭേദഗതിയെന്നും വ്യാഖ്യാനിക്കപ്പെടുന്നു. രാജ്യത്തിന്റെ മുന്നോട്ടുപോക്ക് എങ്ങനെയായിരിക്കണമെന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രിയെ കാണാന്‍ തയ്യാറാണെന്ന വാര്‍ത്തയും പിന്നാലെയെത്തി.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബാക്ക്‌സ്‌റ്റോപ്പിന് പകരം സംവിധാനം കണ്ടെത്താനും ഭേദഗതികളോടെ മേയുടെ ഉടമ്പടിക്ക് അംഗീകാരം നല്‍കാനും നിര്‍ദേശിത്തുന്ന അമെന്‍ഡ്‌മെന്റ് സര്‍ ഗ്രഹാം ബ്രാഡിയുടെ നേതൃത്വത്തിലുള്ള ബാക്ക്‌ബെഞ്ച് 1922 കമ്മിറ്റിയാണ് അവതരിപ്പിച്ചത്. 301നെതിരെ 317 വോട്ടുകള്‍ക്ക് ഇതിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. എട്ട് ടോറി എംപിമാര്‍ ഇതിനെതിരെ വോട്ട് ചെയ്തു.