2010-12 നും ഇടയിൽ 18 മുതൽ 20 വരെ സിഐഎ ചാരന്മാരെ ചൈന കൊല്ലുകയും തടവിലാക്കുകയും ചെയ്തതായി വെളിപ്പെടുത്തൽ. അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ (Central Intelligence Agency) മുൻ ഉദ്യോഗസ്ഥർ ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കന്‍ ചാരന്‍മാരെ കണ്ടെത്താൻ ചൈനയ്ക്ക് സിഐഎയുടെ അകത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നും സിഐഎ വെബ്‌സൈറ്റ് ചൈന ഹാക്ക് ചെയ്തിരിക്കാമെന്നും ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചതായി റിപ്പോർട്ടിലുണ്ട്. ചാരന്മാരിൽ ഒരാളെ ചൈനയിലെ സർക്കാർ കെട്ടിടത്തിനു മുന്നിൽവച്ചാണ് വെടിവച്ചുകൊന്നത്. വാഷിങ്ടണിനുവേണ്ടി പ്രവർത്തിക്കുന്നവരുടെ സ്ഥിതി ഇതായിരിക്കും എന്ന സന്ദേശം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
2010 മുതലാണ് സിഐഎ ചാരന്മാരെ കാണാതായത്. ആ സമയത്ത് ചൈനീസ് സർക്കാരിന്റെ അകത്തെ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിച്ചിരുന്നു. ഇതിൽ ചൈന ആശങ്കാകുലരായിരുന്നു. ഇതിനുശേഷമാണ് സിഐഎ ചാരന്മാർ ഓരോരുത്തരെയായി കാണാതായത്. വര്‍ഷങ്ങള്‍ കൊണ്ട് തയാറാക്കിയെടുത്ത അമേരിക്കന്‍ ചാരവലയത്തെ കുറിച്ച് ചൈനയ്ക്ക് അറിവു ലഭിച്ചത് എങ്ങനെയെന്ന് സിഐഎയ്ക്ക് ഇപ്പോഴും കൃത്യമായ അറിവില്ലെന്ന് റിപ്പോർട്ടിലുണ്ട്. 2013ഓടെ സിഐഎ ചാരന്‍മാര്‍ പിടിയിലാകുന്നത് ഇല്ലാതായെന്നും സിഐഎ പുതിയ ചാരവലയം രൂപീകരിച്ചെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
ചാരവലയം തകർന്നതിനെക്കുറിച്ച് സിഐഎയും എഫ്ബിഐയും സംയുക്തമായി അന്വേഷണം നടത്തിയിരുന്നു. ഹണി ബാഡ്ജര്‍ എന്നായിരുന്നു അന്വേഷണത്തിന്റെ രഹസ്യനാമം. ഒരു മുന്‍ സിഐഎ ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം നടന്നത്. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്യാൻ വേണ്ടത്ര തെളിവ് ലഭിച്ചില്ല. ഇയാൾ ഇപ്പോൾ യുഎസിന് പുറത്താണെന്നും റിപ്പോർട്ടിലുണ്ട്.
Leave a Reply