സ്വന്തം ലേഖകൻ
ചൈന :- സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ബാധിക്കുന്ന പുതിയ നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് ചൈനീസ് സർക്കാർ. പള്ളികളിൽ നിന്നും കുരിശും, ക്രിസ്തുവിന്റെ ചിത്രങ്ങളും നീക്കുവാൻ നിർദ്ദേശം നൽകി കഴിഞ്ഞു. അൻഹുയി, ഹെബെൽ, ജിയാങ്സു തുടങ്ങിയ സ്ഥലങ്ങളിൽ അധികൃതർ ഇത്തരത്തിലുള്ള മത ചിഹ്നങ്ങൾ നശിപ്പിച്ചിരിക്കുകയാണ്. വീടുകളിൽ ക്രിസ്തുവിന്റെ ചിത്രത്തിന് പകരം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ വയ്ക്കണമെന്ന ആവശ്യമാണ് ചൈനീസ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരത്തിൽ മതങ്ങൾക്കെതിരെ ചൈന എടുക്കുന്ന കർശന നിലപാടിൽ വിവിധതരത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു വരുന്നുണ്ട്. അൻഹുയിയുടെ കിഴക്കൻ പ്രവിശ്യയായ ഹുയിനാനിൽ അധികൃതർ ഒരു ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ച് എത്തി കുരിശും മറ്റും നശിപ്പിക്കുവാൻ ശ്രമിച്ചു. ഇതിനെതിരെ നൂറോളം വിശ്വാസികൾ ഒരുമിച്ച് കൂടിയാണ് പ്രതിഷേധിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ജൂലൈ 7 ന് ഷെജിയാങ് പ്രവിശ്യയിലും ആവർത്തിച്ചു.
മത ഗ്രന്ഥങ്ങളും മറ്റും സെൻസർ ചെയ്യാൻ അധികാരികളെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ഗവൺമെന്റ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിന്തകൾക്ക് എതിരായി വരുന്നവയെയെല്ലാം നീക്കുവാനാണ് നിർദേശം. മത സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. മത നേതൃത്വങ്ങൾ എല്ലാം തന്നെ പ്രസിഡണ്ടിന്റെ നിയമമാണ് പാലിക്കേണ്ടത് എന്നാണ് ചൈനീസ് സർക്കാർ നിഷ്കർഷിക്കുന്നത്.
ഇതോടൊപ്പം തന്നെ ചൈനയിൽ ജോലി ചെയ്യുന്ന വിദേശ അധ്യാപകർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കാൻ തയ്യാറായിരിക്കുകയാണ് ചൈനീസ് സർക്കാർ. ചൈനയുടെ ദേശീയതയ്ക്ക് കോട്ടം വരുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടികളാണ് സ്വീകരിക്കുന്നത്. ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും അധ്യാപകരായി എത്തുന്നവരെ ചൈനീസ് നിയമങ്ങൾ പഠിപ്പിക്കണമെന്ന നിർദ്ദേശവുമുണ്ട്. പലപ്പോഴും ചൈനീസ് സ്ഥാപനങ്ങൾ വ്യക്തമായ വിസയോ, യോഗ്യതയോ ഇല്ലാതെയാണ് അധ്യാപകരെ തെരഞ്ഞെടുക്കുന്നത് എന്ന ആരോപണവും ഉണ്ട്. ഏകദേശം നാല് ലക്ഷത്തോളം പേരാണ് മറ്റു രാജ്യങ്ങളിൽ നിന്നും ചൈനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്. ഇതിൽ മൂന്ന് ശതമാനം പേർക്ക് മാത്രമാണ് വിസയും മറ്റുമുള്ളത് എന്നാണ് കണ്ടെത്തൽ. പുതിയ നിയമങ്ങൾ ഇത്തരത്തിൽ ജോലി ചെയ്യുന്നവരെ എല്ലാം തന്നെ ബാധിക്കും.
Leave a Reply