ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിലെ ആരോഗ്യമേഖലയെ കാക്കുന്ന വിദേശ നേഴ്സുമാരുടെ യോഗ്യത പരീക്ഷകൾ അശാസ്ത്രീയവും വിവേചനപരവുമെന്ന് ആരോപണം. ഭാഷാ പരീക്ഷയുടെ പേരിൽ വിദേശ നേഴ്‌സുമാർ ജോലിയിൽ വിലക്ക് നേരിടുന്നുണ്ട്. വിദേശത്ത് നിന്ന് എൻഎച്ച്എസ് റിക്രൂട്ട് ചെയ്ത ആയിരക്കണക്കിന് യോഗ്യതയുള്ള നേഴ്സുമാർ ബുദ്ധിമുട്ടുള്ള ഭാഷാ പരീക്ഷകൾ കാരണം അവിദഗ്ധ ജോലികൾ ചെയ്യുകയാണെന്ന് ഗവേഷകർ പറയുന്നു. സാൽഫോർഡ് സർവ്വകലാശാല നടത്തിയ സർവേയിൽ പങ്കെടുത്ത 857 പേരിൽ 600-ലധികം പേർ ബ്രിട്ടീഷ് പൗരത്വം ഉള്ളവരാണ്. 79% പേർ ഒരു ദശാബ്ദത്തിലേറെയായി യുകെയിൽ താമസിക്കുന്നവരും 17 പേർ നേഴ്‌സിംഗിൽ ബിരുദാനന്തര ബിരുദം നേടിയവരുമാണ്. എന്നാൽ അവർക്ക് നേഴ്‌സുമാരായി പ്രാക്ടീസ് ചെയ്യാൻ കഴിയുന്നില്ല. ഒഇടി, ഐഇഎൽടിഎസ് പോലുള്ള ഭാഷാ പരീക്ഷകൾ വിജയിക്കാൻ കഴിയുന്നില്ലെന്നതാണ് കാരണം.

2007-ൽ ഇന്ത്യയിൽ നിന്ന് യുകെയിലെത്തിയ 43 കാരിയായ ജിനി ജോയ് നിരവധി തവണ ഒഇടി പരീക്ഷ എഴുതുന്നതിനായി 3,500 പൗണ്ട് ചെലവഴിച്ചതായി വെളിപ്പെടുത്തി. പരീക്ഷയിലെ സ്പീക്കിംഗ്, റൈറ്റിംഗ് എന്നിവ പാസായെങ്കിലും കോംപ്രിഹെൻഷൻ വിഭാഗത്തിലാണ് ബുദ്ധിമുട്ട് നേരിട്ടത്. “ഞങ്ങൾ നേഴ്‌സുമാരുടെ അതേ ജോലിയാണ് ചെയ്യുന്നത്, പക്ഷേ കുറഞ്ഞ ശമ്പളത്തിന്. ഇത് ന്യായമല്ല.” – ഇപ്പോൾ ഒരു എൻഎച്ച്എസ് ട്രസ്റ്റിൽ അസിസ്റ്റന്റ് പ്രാക്ടീഷണറായി ജോലി ചെയ്യുന്ന ജിനി പറഞ്ഞു.

എൻഎംസിയുടെ ടെസ്റ്റുകൾ പുനഃപരിശോധിക്കണമെന്നും അത് വിവേചനപരമാണെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി. യുകെയിലെ നേഴ്സിങ് ക്ഷാമം കൂടുതൽ വഷളാകാൻ ഇതൊരു കാരണമാണെന്നും അവർ പറയുന്നു. എൻ എച്ച് എസിന് നിലവിൽ 40,000 നേഴ്‌സുമാരുടെ കുറവുണ്ട്.