കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ ഇപ്പോൾ സാധാരണ ജീവിതത്തിലേക്കു തിരികെ വരികയാണ്. ഇതിന് പിന്നാലെ ഇറച്ചിക്കായി വളർത്താവുന്ന മൃ​ഗങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ചൈന. വുഹാനിലെ ഇറച്ചിവിൽപ്പനശാലയിൽ നിന്നായിരുന്നു ലോകമെങ്ങും നാശം വിതയ്ക്കുന്ന കൊറോണ വൈറസിന്റെ തുടക്കം. ഇതിന് പിന്നാലെ വന്യമൃഗങ്ങളെ ഇറച്ചിക്കായി ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.

പന്നികള്‍, പശുക്കള്‍, ആട്, കോഴി എന്നിവയെയും പ്രത്യേകമായി മാനുകള്‍, ഒട്ടകപക്ഷി എന്നിവയെയും ഇറച്ചി ആവശ്യത്തിനായി ഉപയോഗിക്കാം എന്ന് കരട് പട്ടികയില്‍ പറയുന്നു. ചൈനയിലെ കൃഷി മന്ത്രാലയമാണ് കന്നുകാലികളുടെ പുതിയ കരടു പട്ടിക പുറത്ത് വിട്ടത്. കൊറോണ പടർന്നുപിടിച്ച പശ്ചാത്തലത്തിൽ ചൈനയിലെ ഷെൻസൻ ന​ഗരം പട്ടിയിറച്ചിയുടെ വിൽപ്പന പൂർണമായും നിരോധിച്ചിരുന്നു.

73 ദിവസത്തിനു ശേഷമാണ് വുഹാനിൽ ലോക്‌ഡൗൺ പൂർണമായി നീക്കിയത്. ഇതോടെ പതിനായിരങ്ങളാണ് തെരുവുകളിലേക്ക് ഒഴുകിയെത്തി. റോഡ്, റെ‌‌യിൽ, വിമാന സർവീസുകൾ പുനരാരംഭിച്ചു. ലോക്ഡൗൺ മൂലം നഗരത്തിൽ കുടുങ്ങിയവർ സ്വദേശങ്ങളിലേക്കു മടങ്ങിത്തുടങ്ങി. അരലക്ഷത്തിലേറെപ്പേർ നഗരം വിടുമെന്നു കണക്കാക്കുന്നു.എന്നാൽ, ചൈനയിൽ രണ്ടാംഘട്ടമായി റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 1042 ആയത് ആശങ്ക സൃഷ്ടിക്കുന്നു. വുഹാൻ ഉൾപ്പെട്ട ഹ്യുബെയ് പ്രവിശ്യയിലും ഷാങ്ഹായിലുമായി 2 പേർ മരിച്ചു. ഇതോടെ ചൈനയിലെ ആകെ മര‌ണം 3333 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ച 62 പേരിൽ 59 പേരും വിദേശത്തുനിന്നെത്തിയവരാണ്. നാട്ടിൽനിന്നുതന്നെ രോഗം പിടിപെട്ട 3 പേരും ഹ്യുബെയ് പ്രവിശ്യയിലല്ല. ലക്ഷണങ്ങളില്ലാത്ത കോവിഡ് റിപ്പോർട്ട് ചെയ്ത 137 പേർ നിരീക്ഷണത്തിലാണ്. ഹ്യുബെയിൽ 67,803 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്; വുഹാനിൽ മാത്രം 50,008 പേർ. മരണം രണ്ടായിരത്തിയഞ്ഞൂറിലേറെ. ചൈനയിലെ ആകെ മരണത്തിന്റെ 80% വുഹാനിലായിരുന്നു. ഇതിനിടെ, വടക്കൻ അതിർത്തിയിൽ ഹെയ്‍ലോങ്ജിയാങ് പ്രവിശ്യയിലെ സുയിഫെൻ നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.