ശാസ്ത്രത്തിന്റെ അത്ഭുതപ്പെടുത്തുന്ന മാജിക്കുകൾ മുമ്പും കേട്ടിട്ടുണ്ടെങ്കിലും 27 വർഷത്തിന് ശേഷം ശീതത്തിൽ മയങ്ങിയ ഭ്രൂണം ഒരു പെൺകുഞ്ഞായി മാറിയ വാർത്ത ലോകത്തെ തന്നെ വിസ്മയിപ്പിക്കുകയാണ്. അമേരിക്കയിലാണ് ഈ അമ്പരപ്പിക്കുന്ന സംഭവം നടന്നത് 1992ൽ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണം 2020ൽ മക്കളില്ലാത്ത ദമ്പതികളിലൂടെ പെൺകുഞ്ഞായി പിറവിയെടുക്കുകയായിരുന്നു.

27 വർഷം ശീതീകരിച്ച് സൂക്ഷിച്ച ഈ ഭ്രൂണത്തിൽ നിന്നും പിറന്ന കുഞ്ഞിന് മോളി എന്നാണ് പേരിട്ടിരിക്കുന്നത്. മോളിക്ക് ഇപ്പോൾ ഒരു മാസം മാത്രമാണ് പ്രായം. എന്നാൽ യഥാർത്ഥത്തിൽ കണക്ക് നോക്കുമ്പോഴോ 27 വർഷത്തെ ചരിത്രം തന്നെ മോളിക്ക് പറയാനുണ്ടാകും. ഗിബ്‌സൺ ദമ്പതിമാരാണ് ഭ്രൂണത്തെ സ്വീകരിച്ച് ഗർഭം ധരിച്ച് മോളി ഗിബ്‌സണ് ജന്മം നൽകിയിരിക്കുന്നത്.

ലോകറെക്കോർഡാണ് മോളി പിറന്നപ്പോൾ തന്നെ സ്വന്തമാക്കിയിരിക്കുന്നത്. ശീതീകരിച്ച നിലയിൽ ഏറ്റവും അധികം കാലം കഴിഞ്ഞ ഭ്രൂണത്തിൽ നിന്നും പിറവിയെടുത്ത കുഞ്ഞ് എന്ന റെക്കോർഡാണ് മോളിക്ക് സ്വന്തമായിരിക്കുന്നത്. തന്റെ തന്നെ സഹോദരിയായ എമ്മയുടെ റെക്കോർഡാണ് മോളി തകർത്തത്.

ഫെബ്രുവരി 2020ലാണ് ടിനയും ബെൻ ഗിബ്‌സണും മോളിയുടെ ഭ്രൂണം ദത്തെടുത്തത്. ഏറെക്കാലമായി വന്ധ്യതാ സംബന്ധിയായ പ്രശ്‌നങ്ങൾ നേരിട്ടിരുന്ന ടീനയും ബെന്നും ഭ്രൂണം ദത്തെടുക്കുന്നത് സംബന്ധിച്ച സാധ്യതകളെക്കുറിച്ച് വാർത്തകളിലൂടെ അറിഞ്ഞാണ് നാഷണൽ എബ്രിയോ ഡൊണേഷൻ സെന്ററിനെ സമീപിച്ചത്. 29 കാരിയായ ടീന അധ്യാപികയാണ്. സൈബർ സെക്യൂരിറ്റി അനലിസ്റ്റാണ് ഭർത്താവ് 36കാരനായ ബെൻ.

മോളിയുടെ ഭ്രൂണത്തെ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിൽ ഇത്തരത്തിൽ പത്ത് ലക്ഷത്തോളം ഭ്രൂണങ്ങളാണ് ശീതീകരിച്ച് സൂക്ഷിച്ചിട്ടുള്ളത്. ഭ്രൂണം ദാനം ചെയ്യാൻ താൽപര്യമുള്ള ദമ്പതികളിൽ നിന്നാണ് ഇത്തരത്തിൽ ഭ്രൂണം ശേഖരിക്കുക. 2017ൽ ഇത്തരത്തിൽ ഭ്രൂണം ദാനം സ്വീകരിച്ച് തന്നെയാണ് ടീനയും ബെന്നും അവരുടെ ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം, ജനിതകപരമായ ബന്ധമുള്ളവർ തന്നെയാണ് എമ്മയും മോളിയുമെന്ന് എൻഇഡിസി അവകാശപ്പെടുന്നു. 24 വർഷമാണ് എമ്മയുടെ ഭ്രൂണം ശീതീകരിച്ച് സൂക്ഷിച്ചിരുന്നത്.