ചൈനീസ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; മാന്ദ്യം യു.കെയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ആശങ്ക!

ചൈനീസ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; മാന്ദ്യം യു.കെയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ആശങ്ക!
January 21 05:50 2019 Print This Article

ലണ്ടന്‍: ചൈനയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. അടുത്തിടെ ചൈനയുടെ വ്യാവസായി മേഖലയിലുണ്ടായിരിക്കുന്ന പ്രതികൂലാവസ്ഥ ബ്രിട്ടനെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ അരക്ഷിതമായ സാമ്പത്തികാവസ്ഥ അന്താരാഷ്ട്ര വിപണിയെയും പ്രതികൂലമായി ബാധിച്ചേക്കും. ഉപഭോക്താക്കള്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ ഉണ്ടായിരിക്കുന്ന കുറവ് വലുതാണ്. ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ ചൈനയിലെ വിപണിയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത് സാമ്പത്തികാവസ്ഥയിലെ ഗൗരവമേറിയ പിന്നോക്കാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇക്കാര്യം ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് തന്നെ നേരിട്ട് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിലെ ഏറ്റവും കുറവ് കാറുകള്‍ മാത്രമാണ് ചൈനീസ് വിപണിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റഴിഞ്ഞത്. പ്രതിസന്ധി രൂക്ഷമാകുന്നത് തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2018ല്‍ ചൈനയുടെ വളര്‍ച്ച 1.7ശതമാനത്തിലും കുറവാണെന്ന് മുന്‍ ചൈനീസ് അഗ്രികള്‍ച്ചര്‍ ബാങ്ക് ഇക്കോണമിസ്റ്റ് ചിയാങ് സോങ്‌സോവേ വ്യക്തമാക്കിയിരുന്നു. തുറന്നു പറച്ചിലിന് പിന്നാലെ സാമ്പത്തിക വിദഗ്ദ്ധന്‍ കൂടിയായ അദ്ദേഹത്തിവന്റെ വീഡിയോകള്‍ ചൈനീസ് അതോറിറ്റികള്‍ മോണിറ്റര്‍ ചെയ്തുവരികയാണ്. അമേരിക്കയുമായി ചൈന നടത്തുന്ന ‘ട്രേഡ് വാര്‍’ സാമ്പത്തിക പരിഭ്രാന്തിക്ക് കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്. ചന്ദ്രനിലെ ഗവേഷണങ്ങള്‍ ഉള്‍പ്പെടെ രാജ്യം വലിയ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധി ചൈനയ്ക്ക് തലവേദനയാവുകയാണ്. ആഭ്യന്തര കാര്യങ്ങളിലും താല്‍പ്പര്യങ്ങളിലും അമേരിക്ക കൈകടത്തുന്നത് നിര്‍ത്തണമെന്ന് ചൈനയുടെ വിദേശകാര്യ സെക്രട്ടറി ഹുവാ ചുനിങ് പറഞ്ഞിരുന്നു.

ചൈന അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്. ചൈനയുടെ വ്യാപാരത്തെപ്പറ്റിയും കടങ്ങളെപ്പറ്റിയും തെക്ക് ചൈന സമുദ്രത്തെയും പറ്റി നടത്തിയ ആരോപണങ്ങള്‍ ബാലിശമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ അട്ടിമറിക്കുന്ന അമേരിക്കയ്ക്ക് ചൈനയെ വിമര്‍ശിക്കാന്‍ അധികാരമില്ല. ചൈനയും അമേരിക്കയും തമ്മിലുള്ള നയതന്ത്രകരാറിന്റെ 40-ാം വാര്‍ഷികവേളയില്‍ ആരോഗ്യപരമായ ചര്‍ച്ചകളാണ് ആവശ്യമെന്നും ഹുവാ ചുനിങ് പറഞ്ഞു. യു.കെയുമായി ഏറ്റവും കൂടുതല്‍ വ്യാപാര ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങള്‍ ആറാം സ്ഥാനത്താണ് ചൈന. കാര്‍, ഇതര വാഹനങ്ങളുടെ എഞ്ചിന്‍, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയ നിരവധി മേഖലകളില്‍ യു.കെ ചൈനയുമായി വ്യാപാര സഹകരണം നടത്തുന്നുണ്ട്. ഇംഗ്ലണ്ടിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ വെസ്റ്റ്‌ബോംവിച്ച് അല്‍ബിയന്‍ ചൈനീസ് ഉടമസ്ഥതയിലുള്ളതാണ്. 20 ബില്യണലധികം ചൈനീസ് ഇന്‍വെസ്റ്റ്‌മെന്റ് യു.കെയിലെത്താറുണ്ട്. ചൈനയിലെ പ്രതിസന്ധി യു.കെയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles