ഗൽവാൻ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താനുള്ള നീക്കവുമായി ചൈന. നോർത്ത് ഈസ്റ്റ് ലഡാക്കിൽ ഇന്ത്യ–ചൈന സൈനികരുടെ സംഘട്ടനം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരെയാണ് നദിയുടെ ഒഴുക്കു തടയാൻ ശ്രമം നടത്തുന്നത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ചൈനയുടെ നീക്കം മനസിലാക്കിയത്.
നിയന്ത്രണ രേഖയിൽ ചൈനയുടെ ഭാഗത്തായാണ് ബുൾഡോസർ ഉപയോഗിച്ച് നദിയുടെ ഒഴുക്കു തടസപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബുൾഡോസർ കാണപ്പെട്ട സ്ഥലത്ത് നദിയുടെ ഒഴുക്ക് ഗതി മാറുകയോ തടസപ്പെടുകയോ ചെയ്തിട്ടുണ്ട്.
ഇന്ത്യൻ സൈന്യത്തിന്റെ ട്രക്കുകൾ നിയന്ത്രണരേഖയിൽ നിന്നും രണ്ട് കിലോമീറ്റർ മാറി ഗൽവാൻ നദിക്കരയിലാണ് നിർത്തിയിട്ടിരിക്കുന്നത്. ട്രക്ക്, ബുൾഡോസർ, യാത്രാ വാഹനം എന്നിവ ഉൾപ്പെടെ നൂറിധികം വാഹനങ്ങളാണ് നിയന്ത്രണ രേഖയ്ക്കു സമീപത്തായി ചൈന നിർത്തിയിട്ടിരിക്കുന്നത്. ഗൽവാൻ താഴ്‌വര തങ്ങളുടേതാണെന്ന പുതിയ വാദവുമായി ചൈന രംഗത്തെത്തിയതിനു പിന്നാലെയാണ് നദിയുടെ ഒഴുക്കു തടയാൻ ശ്രമം നടത്തുന്നത്.
എന്നാൽ ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കാനുള്ള സമയമായെന്നും 1962ല്‍ ചൈനീസ് സൈന്യം പിടിച്ചെടുത്ത അക്‌സായ് ചിന്‍ തിരിച്ചുപിടിക്കാനുള്ള സന്ദര്‍ഭമാണിതെന്നും ലഡാക്കില്‍നിന്നുള്ള ബിജെപി എംപി ജമ്യാങ് സെറിങ് നംഗ്യാല്‍. ലഡാക്കിലെ ജനങ്ങള്‍ ശാശ്വത പരിഹാരം ആണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016ല്‍ ഉറി ആക്രമണത്തിനുശേഷം പാക്ക് മേഖലയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം ഇപ്പോഴത്തേതിനു സമാനമായിരുന്നുവെന്നും ജമ്യാങ് മുന്നറിയിപ്പു നല്‍കി. അന്നും ഇതേ വാക്കുകള്‍ തന്നെയാണ് മോദി ഉപയോഗിച്ചിരുന്നത്.
1962ലെ സര്‍ക്കാരല്ല ഇന്ത്യയില്‍ ഇപ്പോഴുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പറയുന്നത് ചെയ്യും. സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്നാണ് പാക്കിസ്ഥാനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നതിനു മുന്‍പ് മോദി പറഞ്ഞത്. കഴിഞ്ഞ ദിവസം അതുതന്നെയാണ് പ്രധാനമന്ത്രി ആവര്‍ത്തിച്ചത്. സര്‍ക്കാരിന്റെ കാര്യക്ഷമതയുടെ ഉറപ്പാണതെന്നും ജമ്യാങ് പറഞ്ഞു. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പ്രകോപിപ്പിച്ചാല്‍ ചുട്ട മറുപടി നല്‍കാന്‍ ശേഷിയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
സര്‍ക്കാര്‍ ഏതു തീരുമാനം എടുത്താലും ലഡാക്കിലെ ജനങ്ങള്‍ സൈന്യത്തിനും സര്‍ക്കാരിനും ഒപ്പമായിരിക്കുമെന്ന് ജമ്യാങ് പറഞ്ഞു. നമ്മുടെ ജവാന്മാരുടെ ജീവന്‍ നിരന്തരം നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അതിര്‍ത്തിക്കടുത്തു താമസിക്കുന്നവരുടെ ജീവിതം അസ്വസ്ഥമായിരിക്കാനും പാടില്ല. അതുകൊണ്ടാണു തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചു ശാശ്വത പരിഹാരം ആഗ്രഹിക്കുന്നതെന്നും ജമ്യാങ് പറഞ്ഞു.
1962നു ശേഷം ചൈന നിരവധി തവണ ഇന്ത്യയെ വഞ്ചിച്ചു. 62ലെ യുദ്ധത്തില്‍ അവര്‍ 37,244 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂമിയാണു പിടിച്ചെടുത്ത്. ആ മേഖലയെ അക്‌സായ് ചിന്‍ എന്നു വിളിക്കുന്നതു തന്നെ തെറ്റാണ്. ചൈനീസ് അധിനിവേശ ഇന്ത്യന്‍ മേഖല എന്നാണു വിളിക്കേണ്ടതെന്നും എംപി പറഞ്ഞു.
ചൈനീസ് അധിനിവേശ ലഡാക്കില്‍ നമുക്കുള്ള അവകാശവാദം എപ്പോഴും നിലനില്‍ക്കണം. അതു തിരിച്ചുപിടിക്കാന്‍ കഴിയുമോ എന്നു പലര്‍ക്കും സംശയമുണ്ട്. എളുപ്പമാണെന്നു ഞാനും കരുതുന്നില്ല. എന്നാല്‍ അത് അസംഭവ്യമാണെന്നു വിചാരിക്കുന്നില്ലെന്നും ജമ്യാങ് പറഞ്ഞു.
Leave a Reply