ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ : ഷെറിൻ പി യോഹന്നാൻ എഴുതിയ ഫിലിം റിവ്യൂ

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ : ഷെറിൻ പി യോഹന്നാൻ  എഴുതിയ ഫിലിം റിവ്യൂ
January 18 03:43 2021 Print This Article

ഷെറിൻ പി യോഹന്നാൻ

പുതുമയുള്ള കാഴ്ചകളൊന്നും ചിത്രത്തിലില്ല. നാം എന്നും രാവിലെ മുതൽ രാത്രി വരെ ‘കണ്ട്’ മാത്രം അറിയുന്ന കാഴ്ചകൾ. ആ കാഴ്ചകളെയാണ് വളരെ മനോഹരമായി ജിയോ ബേബി അവതരിപ്പിക്കുന്നത്. വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിലെത്തുന്ന പെണ്ണിനെ കാത്തിരുന്നത് അടുക്കളയാണ്; ‘മഹത്തായ ഭാരതീയ അടുക്കള.’ പേരിനുള്ളിലെ ഈ സർക്കാസം ചിത്രത്തിലുടനീളം തെളിഞ്ഞുകാണം. കിടപ്പറയിൽ പോലും തന്റെ ഇഷ്ടം തുറന്നുപറയാൻ പാടുപെടുന്ന നായിക അടുക്കളയിൽ മാത്രമായി തളച്ചിടപ്പെട്ടിരിക്കുകയാണ്.

ആ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു സ്വാന്തന്ത്ര്യത്തിലേക്ക് അവൾ നടന്നുകയറുന്ന കാഴ്ചകൾ മനോഹരമാണ്. ചിത്രത്തിന്റെ അവസാന പത്തു മിനിറ്റിൽ പ്രേക്ഷകന് ആ സന്തോഷം അനുഭവിക്കാം. പ്രകടനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് നിമിഷയുടെതാണ്. ഇമോഷൻസ് എല്ലാം പ്രേക്ഷകനിലേക്ക് കൃത്യമായി എത്തിക്കുന്നതിൽ നിമിഷ വിജയിച്ചിട്ടുണ്ട്. സുരാജും അച്ഛനായി അഭിനയിച്ച നടനും സിദ്ധാർഥ് ശിവയും പ്രകടനങ്ങളിൽ മികച്ചുനിൽക്കുന്നു.

ആവർത്തിച്ചു കാണുന്ന അടുക്കള ദൃശ്യങ്ങൾ വിരസമായി തോന്നിയാൽ ആവർത്തനങ്ങളുടെ അടുക്കളയിൽ കുടുങ്ങി പോകുന്ന സ്ത്രീയുടെ വിരസത എത്രത്തോളമാണെന്ന് ഓർത്താൽ മതിയാവും. “വെള്ളം നിനക്ക് തന്നെ എടുത്ത് കുടിച്ചൂടെടാ” എന്ന സംഭാഷണത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ഒരു സിനിമ മികച്ച രീതിയിൽ ഒരുക്കിയ സംവിധായകൻ കയ്യടി അർഹിക്കുന്നുണ്ട്.

ആർത്തവത്തെ അശുദ്ധിയായി കാണുന്ന, പൊടിപിടിച്ചു പഴകിപോയ ചിന്തകൾ പേറുന്ന കുടുംബത്തിലെ കാഴ്ചകൾ അവസാനിക്കുന്നില്ല.. പല തലമുറകളിലായി തുടരുകയാണ്. കഥാപാത്രങ്ങളുടെ പേരുകൾക്ക് ചിത്രത്തിൽ പ്രസക്തിയില്ല. കാരണം ചിത്രത്തിലുള്ളത് നാം ഓരോരുത്തരും ആണ്. കണ്ട് മനസിലാക്കുക…. മനോഹരംവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles