ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ ആകെ മുറിവേറ്റ നിലയിലാണ്. അവര്‍ ദിശതെറ്റി നിൽക്കുമ്പോള്‍, കൈവന്ന അപ്രതീക്ഷിത സൗഭാഗ്യം എങ്ങനെ മുതലാക്കാമെന്ന ചിന്തയിലാണ് കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ്. കുറഞ്ഞത് സ്മാര്‍ട് ഫോണ്‍ വിപണിയിലെങ്കിലും തങ്ങളുടെ കാറ്റ് ആഞ്ഞു വീശുമെന്നാണ് അവര്‍ കരുതുന്നത്. സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തായിരുന്ന സാംസങ് ചൈനീസ് കമ്പനികളുടെ വരവോടെ പിന്തള്ളപ്പെടുകയായിരുന്നു. ബ്രാന്‍ഡ് നെയിമിന് അപ്പുറത്താണ് ഫോണിന്റെ ഹാര്‍ഡ്‌വെയര്‍ എന്ന കാര്യം ഇന്ത്യന്‍ ഫോണ്‍ പ്രേമികള്‍ അതിവേഗം മനസിലാക്കിയെന്നത് ചൈനീസ് നിര്‍മാതാക്കള്‍ക്ക് ഗുണമായി. പ്രവര്‍ത്തനമികവാണ് ഫോണിനു വേണ്ടത് എന്നുള്ളവര്‍ താന്‍ ഫോണ്‍ വാങ്ങാന്‍ നീക്കിവച്ചിരിക്കുന്ന കാശിനുള്ളില്‍ നില്‍ക്കുന്ന ചൈനീസ് കമ്പനിയുടെ ഫോണ്‍ വാങ്ങും. ചൈനീസ് കമ്പനിയുടെ പേരിഷ്ടമില്ലാത്തവര്‍ സാംസങ് വാങ്ങും എന്ന രീതിയിലായിരുന്നു ഇക്കാലം വരെ കാര്യങ്ങള്‍ നീങ്ങിയിരുന്നതെന്ന് വേണമെങ്കില്‍ ഒഴുക്കനായി പറയാം. എന്നാല്‍, ചൈനാ വിരുദ്ധ വികാരം ആളിക്കത്തുമ്പോള്‍ സാംസങ് ചാകരയ്ക്കായി വലയെറിയും.
ആദ്യ ലക്ഷ്യം ഇപ്പോള്‍ വിപണിയിലെ രണ്ടാം സ്ഥാനക്കാരായ വിവോയുടെ മുന്നില്‍ കയറുക എന്നതായിരിക്കും. ഒന്നാം സ്ഥാനത്തുള്ള ഷഓമിക്ക് ഇന്ത്യയില്‍ 30 ശതമാനം വില്‍പ്പനയുണ്ട്. രണ്ടാം സ്ഥാനത്തുള്ള വിവോ 17 ശതമാനവും, മൂന്നാം സ്ഥാനത്തുള്ള സാംസങ് 16 ശതമാനവും വില്‍പ്പന നടത്തുന്നു. ചൈനീസ് കമ്പനികള്‍ക്ക് തങ്ങളുടെ ഉപകരണങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള ഘടകഭാഗങ്ങള്‍ വരെ ഇന്ത്യയില്‍ എത്തിച്ചുകിട്ടാന്‍ പാടായിരിക്കുകയാണ്. എന്നാല്‍, സാംസങിന് ചൈനയില്‍ നിന്നു മാത്രമല്ല ഘടകഭാഗങ്ങള്‍ എത്തുന്നത് കൊറിയയില്‍ നിന്നും അവര്‍ സാധനങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഇന്ത്യന്‍ വിപണി തിരിച്ചുപിടിക്കാനുള്ള സാധ്യത കണ്ട് സാംസങ് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 10,000-20,000 രൂപ റെയ്ഞ്ചില്‍ നാലു പുതിയ ഹാന്‍ഡ്‌സെറ്റുകളാണ് അവതരിപ്പിച്ചത്. ‘കാലാവധി കഴിയാറായ’ സാംസങ് ഹാന്‍ഡ്‌സെറ്റുകള്‍ പോലും ഇന്ത്യന്‍ ഉപയോക്താക്കള്‍ വാങ്ങിക്കൂട്ടുന്നതും കാണാനായി. ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് വില്‍പ്പനയുടെ 81 ശതമാനവും ചൈനീസ് ഫോണ്‍ നിര്‍മാതാക്കളുടെ കൈയ്യിലാണ്.
ചൈനയിലെ തങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാംസങ് കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചിരുന്നു. ഇതു കൂടാതെ, സാംസങ് ഇന്ത്യയിലേക്കു കൊണ്ടുവരുന്ന സാധനങ്ങളൊന്നും തുറമുഖങ്ങളില്‍ തടഞ്ഞു വച്ചേക്കരുതെന്ന് സര്‍ക്കാർ കഴിഞ്ഞയാഴ്ച ഉത്തരവും ഇറക്കിയിരുന്നു. ആവര്‍ക്ക് ഇപ്പോള്‍ ഓട്ടോമാറ്റിക് അപ്രൂവല്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍, ചൈനീസ് കമ്പനികള്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ 100 ശതമമാനവും കസ്റ്റംസുകാര്‍ എടുത്തു പരിശോധിച്ച ശേഷം മാത്രമായിരിക്കും വിട്ടു നല്‍കുക. ഇതൊക്കെയാണെങ്കിലും തങ്ങള്‍ ഉദ്ദേശിക്കുന്ന വിലയ്ക്ക് ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ സ്മാര്‍ട് ഫോണുകള്‍ വിപണിയിലെത്തിച്ചാല്‍ ആളുകള്‍ അവ വാങ്ങുക തന്നെ ചെയ്യുമെന്നാണ് ഐഡിസി ഇന്ത്യയുടെ ഡയറക്ടറായ നവ്‌കേന്ദര്‍ സിങ് പറഞ്ഞത്.
ഉപയോക്താക്കളില്‍ നിന്ന് രണ്ടു തവണ സമ്മതം വാങ്ങി മാത്രം അവരെ ട്രാക്കു ചെയ്താല്‍ മതി എന്ന ഒരു നിലപാട് ആപ്പിള്‍ തങ്ങളുടെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഐഒഎസിന്റെയും ഐപാഡ് ഒഎസിന്റെയും അടുത്ത വേര്‍ഷനുകളില്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. ഇതിനെതിരെ ഗൂഗിളിനെയും ഫെയ്‌സ്ബുക്കിനെയും പിന്തുണയ്ക്കുന്ന ചില യൂറോപ്യന്‍ പരസ്യ അസോസിയേഷനുകള്‍ രംഗത്തുവന്നിരിക്കുകയാണ്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍, തങ്ങള്‍ ഉപയോക്താക്കളെ ട്രാക്കു ചെയ്യാന്‍ പോകുന്ന കാര്യം ഒരു പോപ്-അപ് സന്ദേശത്തിലൂടെ അറിയിക്കണം എന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്. അതായത്, ഒരു ആപ്, ഉപയോക്താവ് മറ്റ് ആപ്പില്‍ എന്തു ചെയ്യുന്നുവെന്നോ, വെബില്‍ എന്തു ചെയ്യുന്നുവെന്നോ അറിയാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ഉപയോക്താവിനോട് വ്യക്തമായിട്ട് അങ്ങു പറഞ്ഞിട്ടു ചെയ്താല്‍ മതി എന്നാണ് ആപ്പിളിന്റെ പുതിയ നിലപാട്. ഇത്തരം ട്രാക്കിങിലൂടെയാണ് ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ ഒരു വ്യക്തിയുടെ താത്പര്യങ്ങള്‍ അറിഞ്ഞ ശേഷം പരസ്യങ്ങള്‍ കാണിക്കുന്നത്.
ഫെയ്‌സ്ബുക്കും ഗൂഗിളും പിന്തുണയ്ക്കുന്ന 16 മാര്‍ക്കറ്റിങ് അസോസിയേഷനാണ് ഇതിനെതിരെ രംഗത്തു വന്നിരിക്കുന്നത്. പരസ്യ വ്യവസായം അംഗീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുവേണം ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ എന്നാണ് അവര്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്റെ സ്വകാര്യതാ നിയമങ്ങള്‍ നിലവിലുണ്ട്. അതനുസരിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്താനെ നിര്‍ബന്ധിക്കാവൂ എന്നാണ് അവരുടെ വാദം. ഇനിമേല്‍ ആപ്പുകള്‍ രണ്ടുതവണ ഉപയോക്താവിന്റെ സമ്മതം ചോദിക്കണമെന്നാണ് ആപ്പിള്‍ അവശ്യപ്പെടാന്‍ പോകുന്നത്. അങ്ങനെ വരുമ്പോള്‍ ഉപയോക്താവ് അതു വേണ്ടന്നു പറയാനുളള സാധ്യത ഇരട്ടിക്കുമെന്നാണ് അസോസിയേഷനുകള്‍ പറയുന്നത്. ഓണ്‍ലൈന്‍ ട്രാക്കിങിലൂടെ കാശുണ്ടാക്കുന്ന ആയിരക്കണക്കിനു കമ്പനികളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഫെയ്‌സ്ബുക്കും ഗൂഗിളുമാണ്. പ്രത്യക്ഷത്തില്‍ ആളുകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ വ്യക്തമായ മനസിലാക്കിയ ശേഷം ഉചിതമായ പരസ്യങ്ങള്‍ കാണിക്കുക എന്ന താരതമ്യേന നിഷ്‌കളങ്കമെന്നു തോന്നിക്കുന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളത്. എന്നാല്‍, ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഡിജിറ്റല്‍ പ്രൊഫൈലുകൾ സൃഷ്ടിച്ചു സൂക്ഷിക്കുന്നു എന്ന ഗുരുതരമായ ആരോപണവും ഇരു കമ്പനികള്‍ക്കുമെതിരെ വര്‍ഷങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്.
ഒരു ആപ്, നിങ്ങള്‍ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്ന രീതിയും നിങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസിങും അറിയാന്‍ ആഗ്രഹിക്കുന്നു, അതിന് അനുമതി നല്‍കുന്നുണ്ടോ എന്ന് എഴുതിക്കാണിക്കാനാണ് ആപ്പിളിന്റെ ഉദ്ദേശം. കൂടാതെ, എന്തിനു വേണ്ടിയാണ് ട്രാക്കു ചെയ്യുന്നതെന്ന് ആപ്പുകളോട് തന്നെ എഴുതിക്കാണിക്കാന്‍ പറയാനുമാണ് പരിപാടിയത്രെ. ആപ്, ഒരു പ്രത്യേക ന്യൂമറിക് ഐഡന്റിഫയര്‍ ഉപയോഗിച്ചു തുടങ്ങുന്നതു വരെ സമ്മതം ഒന്നും വേണ്ട. ബാക്കിയുള്ള കാര്യങ്ങള്‍ക്ക് ഒറ്റത്തവണ സമ്മതം ചോദിച്ചാല്‍ മതിയെന്നാണ് അപ്പിള്‍ പറയുന്നത്. എന്നാല്‍ രണ്ടാമത്തെ സമ്മതം ചോദിക്കല്‍ ഒരു മുന്നറിയിപ്പു പോലെ കാണിച്ചാല്‍, ആളുകള്‍ അത് വേണ്ടന്നുവയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പരസ്യ കമ്പനികള്‍ പറയുന്നത്. ഇതൊന്നും പോരാഞ്ഞിട്ടെന്നതു പോലെ ആപ്പിള്‍ തന്നെ വികസിപ്പിച്ച ഒരു ഫ്രീ ടൂളും തങ്ങളെ ട്രാക്കു ചെയ്യുന്നുണ്ടോ എന്നറിയാന്‍ ഉപയോക്താവിനു നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ വാടാസാപ് പെയ്‌മെന്റ് ഉടന്‍ സജീവമാകാനിരിക്കെ, ലോകത്ത് ആദ്യമായി ഈ സമൂഹ മാധ്യമ സൈറ്റിലൂടെ പണം കൈമാറ്റം തുടങ്ങിയ രാജ്യമായ ബ്രസീല്‍ പറയുന്നത് തങ്ങളുടെ ഉപയോക്താക്കളുടെ ഡേറ്റ സംരക്ഷണവും മറ്റും വേണ്ടവിധത്തില്‍ നടക്കുന്നുണ്ട് എന്നതിനെപ്പറ്റി അവലോകനം ആവശ്യമുണ്ട് എന്നാണ്. ഇതിന് വാട്‌സാപ് മറുപടി നല്‍കിയിട്ടില്ല. കഴിഞ്ഞയാഴ്ച ബ്രസീലിലെ കേന്ദ്ര ബാങ്ക് ഈ സേവനം നിർത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഡേറ്റാ സ്വകാര്യത അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞാണ് ഇതു നിർത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.
താമസിയാതെ ഇന്ത്യയില്‍ എത്തുന്ന വണ്‍പ്ലസ് കമ്പനിയുടെ വിലകുറഞ്ഞ സ്മാര്‍ട് ഫോണായ നോര്‍ഡ് മോഡലിന് 5ജി കണ്ടേക്കുമെന്ന് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നു. സ്‌നാപ്ഡ്രാഗണ്‍ 765ജി ആയിരിക്കും അതിന്റെ പ്രോസസര്‍ എന്നും കേള്‍ക്കുന്നു. മികച്ച ഫോണുകളോട് മാറ്റുരയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ക്യാമറാ പ്രകടനം ഉണ്ടായിരിക്കുമെന്നും പറയുന്നു. ആമസോണിലൂടയായിരിക്കും ഫോണിന്റെ വില്‍പ്പനയെന്നു കരുതുന്നു. അവര്‍ ഇപ്പോള്‍ത്തന്നെ നോര്‍ഡിനായി പേജ് തയാറാക്കിയിട്ടുണ്ട്. എന്നാല്‍, ആദ്യം പറഞ്ഞു കേട്ട തരം വിലക്കുറവുണ്ടായേക്കില്ല എന്നും പറയുന്നു. ഇതിന് 35,000 രൂപയ്ക്കു മുകളിലാണ് വിലയെങ്കില്‍ സ്മാര്‍ട് ഫോണ്‍ പ്രേമികള്‍, ഐഫോണ്‍ എസ്ഇ 2020 ആയിരിക്കാം വാങ്ങാന്‍ താത്പര്യപ്പെടുക എന്നു പറയുന്നവരും ഉണ്ട്.
Leave a Reply