കോവിഡ് തരംഗം വീണ്ടും ചൈനയില്‍ ശക്തമാകുന്നതായി സൂചന. കോവിഡ് മരണങ്ങള്‍ കുത്തനെ കൂടിയതായാണ് വിവരം. നിലവിലെ സാഹചര്യത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, യഥാര്‍ഥ മരണക്കണക്ക് ചൈന പുറത്തുവിടുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ഷി ജിന്‍പിങ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവുചെയ്തതോടെയാണ് ചൈനയില്‍ കോവിഡ്-19 കേസുകള്‍ കുതിച്ചുയര്‍ന്നത്.

ബെയ്ജിങ്, ഷാങ്ഹായി തുടങ്ങിയ വന്‍നഗരങ്ങളിലെ ആശുപത്രികളില്‍ രോഗബാധിതര്‍ നിറഞ്ഞതായും അടുത്ത 90 ദിവസത്തിനുള്ളില്‍ 60 ശതമാനത്തിലേറെ പേര്‍ കോവിഡ് ബാധിതരാകുമെന്നാണ് അമേരിക്കയിലെ സാംക്രമികരോഗവിദഗ്ധന്‍ എറിക് ഫീഗല്‍ ഡിങ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ മരിക്കാനിടയുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ശ്വാസകോശപ്രശ്നംകാരണമുള്ള മരണങ്ങളെമാത്രമേ കോവിഡ് മരണങ്ങളുടെ പട്ടികയില്‍പ്പെടുത്തുന്നുള്ളൂവെന്ന് ചൈന ചൊവ്വാഴ്ച പറഞ്ഞു. തിങ്കളാഴ്ച രണ്ടുപേരും ചൊവ്വാഴ്ച അഞ്ചുപേരും ഇക്കാരണത്താല്‍ മരിച്ചെന്നും അധികൃതര്‍ പറഞ്ഞു.

കൂടാതെ, രോഗികള്‍ നിറഞ്ഞ ആശുപത്രിയുടെയും മൃതദേഹങ്ങള്‍ നിറഞ്ഞ ആശുപത്രിമുറികളുടെയും ദൃശ്യങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കായി നീക്കിവെച്ച ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ നിറയുകയാണെന്ന് ‘ദ വോള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ടുചെയ്യുന്നു.കോവിഡിന്റെ തുടക്കംമുതല്‍ ഇതുവരെ 5200-ലേറെ മരണമേ ചൈന റിപ്പോര്‍ട്ടുചെയ്തിട്ടുള്ളൂ. ചൈന മരണം കുറച്ചുകാണിക്കുന്നുവെന്ന് ആരോപണമുണ്ട്.