ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ കാമറ ഉപയോഗിച്ച് ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച ചൈനീസ് പൗരനെ പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് നെട്ടൂരിലാണ് സംഭവം. എറണാകുളം- ആലപ്പുഴ തീരദേശ റെയിൽ പാതയോരത്തെ നെട്ടൂർ മഹാദേവർ ക്ഷേത്രസമുച്ചയത്തിന്റെ ദൃശ്യങ്ങളാണ് വിദൂര നിയന്ത്രിത റിമോട്ട് കാമറ ഉപയോഗിച്ച് ചൈന സ്വദേശി പകർത്തിയത്.
വൈകിട്ട് ആറോടെ ശ്രീകോവിലിന്റെ താഴികക്കുടത്തിനു ചുറ്റും എന്തോ വസ്തു വട്ടമിട്ടു പറക്കുന്നത് ഭക്തരുടെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് റെയിൽവേ ലൈനിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് റിമോട്ട് ഉപയോഗിച്ച് നടത്തിയ ഡ്രോൺ കാമറാ ചിത്രീകരണം കണ്ടെത്താനായത്. കാമറ നിയന്ത്രിച്ചിരുന്ന ചൈനീസ് പൗരനെ നാട്ടുകാർ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. വിവരം ലഭിച്ച് പനങ്ങാട് എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. ദൃശ്യങ്ങൾ പകർത്തിയ വിദേശിയെ ചോദ്യം ചെയ്തെങ്കിലും ഇയാൾ തന്ത്രപൂർവം ഒഴിഞ്ഞു മാറാൻ ശ്രമിച്ചത് സംശയം ജനിപ്പിച്ചു. പിന്നീട് ഇയാളുടെ കൈവശമുണ്ടായിരുന്ന ഐ- ഫോൺ, കാമറ എന്നിവ പരിശോധിച്ചപ്പോഴാണ് ക്ഷേത്രത്തിന്റെയും, റെയിൽവേ ലൈനിന്റെയും മറ്റും ദൃശ്യങ്ങൾ കണ്ടെത്തിയത്.
നാട്ടുകാരിൽ നിന്നും, ക്ഷേത്ര സമിതിക്കാരിൽ നിന്നും പരാതി ലഭിച്ചതിനാൽ പനങ്ങാട് പോലീസ് കേസെടുത്തു. തുടർന്ന് വിദേശിയെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിലായ ചൈനീസ് പൗരനെ ചോദ്യം ചെയ്തതിനെ തുടർന്ന് സംഭവത്തിനു പിന്നിൽ ഇയാളെകൂടാതെ മൂന്നുപേരുകൂടിയുണ്ടെന്നും ഇവർ നെട്ടൂരിലെ വില്ലയിൽ അനധികൃതമായി വാടകയ്ക്കു താമസിച്ചു വരികയാണെന്നും ബോധ്യപ്പെട്ടതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മറ്റു മൂന്നു ചൈനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് തങ്ങളെന്നാണ് ഇവർ വെളിപ്പെടുത്തിയത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമകൾ, വീട് വാടകയ്ക്ക് നൽകിയയാൾ എന്നിവരോട് ഇന്ന് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട ചൈനക്കാരെ ചോദ്യം ചെയ്യാൻ ഉന്നത പോലീസ് സംഘം ഇന്ന് പനങ്ങാട് സ്റ്റേഷനിൽ എത്തും.
Leave a Reply